വാക്സിന് ഫലപ്രാപ്തി കൂടിയെന്ന് യു.എ.ഇ. വിലയിരുത്തൽ

ദുബായ്: യു.എ.ഇയിൽ വിതരണംചെയ്യുന്ന ചൈനയുടെ സിനോഫാം വാക്സിന്റെ ഫലപ്രാപ്തി കൂടിയതായി കണ്ടെത്തൽ. 78 ശതമാനത്തിന് മുകളിലാണ് ഫലപ്രാപ്തിയെന്ന് ബെയ്ജിങ് ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ ഗവേഷണത്തിൽ കണ്ടെത്തി. യു.എ.ഇ., ബഹ്റൈൻ എന്നിവിടങ്ങളിലായാണ് ഇത് സംബന്ധിച്ച് പഠനം നടന്നത്. യു.എ.ഇ.യിൽ ഏറ്റവും കൂടുതൽ ആളുകൾ സ്വീകരിച്ചിരിക്കുന്ന വാക്സിനാണ് സിനോഫാം. വാക്സിന്റെ രണ്ട് ഡോസുകളും എടുത്തവരിൽ നടത്തിയ പഠനഗവേഷണ വിവരങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്.

നേരത്തേ 72.5 ശതമാനമായിരുന്നു ഫലപ്രാപ്തി. 40,000 പേരിലാണ് ഇതുസംബന്ധിച്ച് നിരീക്ഷണം നടത്തിയത്. ഇതിൽ 142 പേർ കോവിഡ് രോഗികളായിരുന്നു. ഇതിൽ രണ്ടുപേർ ഗുരുതരാവസ്ഥയിലായിരുന്നു. അതേസമയം ഗർഭിണികൾ, 18 വയസ്സിന് താഴെയുള്ള കുട്ടികൾ, മുതിർന്ന പൗരന്മാർ എന്നിവരെ ഗവേഷണത്തിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും ഫലത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. യു.എ.ഇയിൽ എല്ലാ വർഷവും വാക്സിൻ സ്വീകരിക്കേണ്ടിവരുമെന്നാണ് വിലയിരുത്തൽ. ഇത് സംബന്ധിച്ചും പഠനം നടന്നുകൊണ്ടിരിക്കുകയാണ്.

ചൈനീസ് കമ്പനിയായ സിനോഫാം വികസിപ്പിച്ച കോവിഡ് വാക്സിന് 2020 ഡിസംബറിലാണ് യു.എ.ഇ. അംഗീകാരം നൽകിയത്. പിന്നാലെ പൊതുജനങ്ങൾക്കും നൽകിത്തുടങ്ങി. അബുദാബി ഹോപ് കൺസോർഷ്യത്തിന്റെ നേതൃത്വത്തിൽ 20 ലക്ഷം ഡോസ് വാക്സിനുകളായിരുന്നു ആദ്യഘട്ടത്തിൽ യു.എ.ഇ.യിൽ എത്തിച്ചിരുന്നത്. അതിനുമുമ്പ് മാസങ്ങളായി യു.എ.ഇയിൽ മൂന്നാംഘട്ട പരീക്ഷണം നടത്തിവന്നിരുന്ന വാക്സിനാണ് സിനോഫാം. പരീക്ഷണഫലം യു.എ.ഇ. ആരോഗ്യ പ്രതിരോധ മന്ത്രാലയവും അബുദാബി ആരോഗ്യവകുപ്പും വിശദമായി പരിശോധിച്ചിരുന്നു.

കോവിഡിനെതിരെ 86 ശതമാനം ഫലപ്രാപ്തി വാക്സിനുണ്ടെന്നാണ് അന്ന് കണ്ടെത്തിയിരുന്നത്. വാക്സിൻ, ആന്റിബോഡിയെ നിർവീര്യമാക്കുന്ന സെറോകൺവർഷൻ നിരക്ക് 99 ശതമാനമാണെന്നും രോഗത്തിന്റെ ഗുരുതരാവസ്ഥ പ്രതിരോധിക്കുന്നതിൽ 100 ശതമാനം ഫലപ്രാപ്തിയും വാക്സിനുണ്ട്. ഗുരുതരമായ സുരക്ഷാപ്രശ്നങ്ങളൊന്നും വാക്സിനുള്ളതായി കണ്ടെത്തിയിരുന്നില്ല. എന്നാൽ 79.34 ശതമാനമാണ് വാക്സിന്റെ ഫലപ്രാപ്തിയെന്നാണ് ചൈനീസ് നിർമാതാക്കളുടെ അവകാശവാദം.

കഴിഞ്ഞ മാർച്ചിൽ സിനോഫാം യു.എ.ഇ.യിൽ നിർമിക്കാൻ ധാരണയായിരുന്നു. റാസൽഖൈമയിലെ ഗൾഫ് ഫാർമസ്യൂട്ടിക്കൽ ഇൻഡസ്ട്രീസ് എന്ന സ്ഥാപനം ഇതുമായി ബന്ധപ്പെട്ട് അബുദാബി കേന്ദ്രമായി പ്രവർത്തിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്ലൗഡ് കംപ്യൂട്ടിങ് സ്ഥാപനമായ ഗ്രൂപ്പ് 42- മായി കരാരിൽ ഒപ്പിട്ടിരുന്നു. സിനോഫാം വാക്സിൻ സ്വീകരിച്ച് ആറുമാസം പിന്നിട്ടവർക്ക് അടുത്തമാസം മുതൽ ബൂസ്റ്റർ ഡോസുകൾ നൽകിതുടങ്ങും. മൂന്നാം ഡോസ് ബൂസ്റ്റർ വാക്സിൻ വിതരണം ഔദ്യോഗികമായി പ്രഖ്യാപിക്കുന്ന ആദ്യ രാജ്യമാണ് യു.എ.ഇ.

ചൈനീസ് വിനോദസഞ്ചാരികൾക്ക് വ്യാഴാഴ്ച മുതൽ യു.എ.ഇ. കോവിഡ് വാക്സിൻ സൗജന്യമായി നൽകിതുടങ്ങി. 200 ചൈനക്കാരാണ് ആദ്യദിനം ജുമൈരയിലെ അൽ സഫ പ്രൈമറി ഹെൽത്ത് സെന്ററിൽ വാക്സിൻ സ്വീകരിച്ചത്. സ്വദേശികൾക്കും യു.എ.ഇ. വിസക്കാർക്കുമാണ് നിലവിൽ സൗജന്യ വാക്സിൻ നൽകിവരുന്നത്. സന്ദർശക വിസയിൽ എത്തുന്നവരിൽ വാക്സിന് അനുമതി ലഭിക്കുന്ന ആദ്യ രാജ്യമാണ് ചൈന. 16 വയസ്സിന് മുകളിലുള്ള ചൈനക്കാർക്കാണ് വാക്സിൻ നൽകുകയെന്ന് യു.എ.ഇ. വിദേശകാര്യമന്ത്രാലയവും അന്താരാഷ്ട്ര സഹകരണ മന്ത്രാലയവും അറിയിച്ചിരുന്നു.

pathram desk 1:
Related Post
Leave a Comment