കോവിഡിനെ നിയന്ത്രിക്കാൻ കഴിയുന്ന രണ്ടു മരുന്നുകൾ കണ്ടെത്തി ഓസ്ട്രേലിയൻ ശാസ്ത്രജ്ഞർ

കൊറോണ വൈറസിനെതിരെ പോരാടാനും അവയെ നിയന്ത്രിക്കാനും സാധിക്കുന്ന രണ്ടു മരുന്നുകൾ ഓസ്ട്രേലിയൻ ശാസ്ത്രജ്ഞർ കണ്ടെത്തി. വാക്സീനുകൾക്കൊപ്പം കോവിഡ് പ്രതിരോധത്തിന് കരുത്തു പകരുന്നവയാണ് പുതിയ മരുന്നുകൾ.

ഓസ്ട്രേലിയയിലെ ക്യൂൻസ് ലാൻഡിലുള്ള QIMR ബർഗോഫർ മെഡിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞരാണ് സുപ്രധാനമായ കണ്ടെത്തൽ നടത്തിയത്. സാധാരണ മരുന്നുകൾ കൊറോണ വൈറസിനെ ലക്ഷ്യം വയ്ക്കുമ്പോൾ ഈ പുതിയ മരുന്നുകൾ വൈറസിനോടുള്ള മനുഷ്യ കോശങ്ങളുടെ പ്രതികരണത്തെയാണ് നിയന്ത്രിക്കുന്നത്.

ഈ മരുന്നുകളിൽ ഒന്ന് പെപ്റ്റയ്ഡ് അധിഷ്ഠിതമാണ്. ഇത് വൈറസ് ഒരാളുടെ ശരീരത്തിൽ പ്രവേശിക്കുന്നതിനു മുൻപ് കഴിക്കേണ്ടതാണ്. മനുഷ്യ കോശങ്ങളിലേക്ക് വൈറസ് പ്രവേശിക്കാൻ ഉപയോഗിക്കുന്ന എസിഇ-2 റിസപ്റ്ററുകളെ മറച്ചുപിടിക്കുന്ന ഈ മരുന്നിലെ പെപ്റ്റയ്ഡുകൾ വാക്സീനുകളുടെ ഫലപ്രാപ്തിയും വർധിപ്പിക്കും. എസിഇ-2 റിസപ്റ്ററാണെന്ന ധാരണയിൽ ഈ പെപ്റ്റയ്ഡുകളിലേക്ക് ഒട്ടിച്ചേരുന്ന വൈറസിന് കോശത്തിനുള്ളിൽ പിന്നീട് പ്രവേശിക്കാൻ സാധിക്കില്ല.

വൈറസ് മനുഷ്യ കോശത്തിനുള്ളിൽ പ്രവേശിച്ച ശേഷം കോശത്തിന്റെ പ്രവർത്തനങ്ങളെ ഹൈജാക്ക് ചെയ്ത് സ്വയം പെറ്റുപെരുകുന്നത് തടയുകയാണ് രണ്ടാമത്തെ മരുന്നിന്റെ ദൗത്യം. വൈറസിനെ തിരിച്ചറിയാനുള്ള പ്രതിരോധ സംവിധാനത്തിന്റെ കഴിവിനെയും ഇത് വർധിപ്പിക്കും.

സാധാരണ താപനിലയിൽ സൂക്ഷിക്കാൻ സാധിക്കുന്ന ഈ മരുന്നുകൾ വിതരണം ചെയ്യാൻ എളുപ്പമാണെന്നും വാക്സീൻ പോലെ പാഴായി പോകില്ലെന്നും ഗവേഷകർ പറയുന്നു. കോവിഡ് രോഗികളുടെ രക്തവും അവരിലെ കോശങ്ങളും ഉപയോഗിച്ചാണ് മരുന്നുകളുടെ ഫലപ്രാപ്തി നിർണയിച്ചത്. ഈ മരുന്നുകൾക്ക് പാർശ്വഫലങ്ങൾ ഇല്ലെന്നും ഗവേഷകർ കൂട്ടിച്ചേർക്കുന്നു.

pathram desk 1:
Related Post
Leave a Comment