സിപിഐ എമ്മിന്‌ 12 മന്ത്രിമാർ LDF മന്ത്രിസഭയിൽ 21 പേർ ; വകുപ്പുകൾ മുഖ്യമന്ത്രി തീരുമാനിക്കും, സത്യപ്രതിജ്ഞ 20ന്‌

എൽഡിഎഫ്‌ സർക്കാരിന്റെ പുതിയ മന്ത്രിസഭയിൽ 21 മന്ത്രിമാർ ഉണ്ടാകുമെന്നും മന്ത്രിമാരുടെ വകുപ്പുകൾ മുഖ്യമന്ത്രി തീരുമാനിക്കുമെന്നും എൽഡിഎഫ്‌ കൺവീനർ എ വിജയരാഘവൻ പറഞ്ഞു. എല്ലാ ജനവിഭാഗങ്ങളുടേയും പിന്തുണയിലാണ്‌ എൽഡിഎഫ്‌ സർക്കാർ വീണ്ടും അധികാരത്തിൽ എത്തിയത്‌. അതിനാൽ എല്ലാ ജനവിഭാഗങ്ങളുടേയും പ്രാതിനിധ്യം ഉറപ്പിക്കുന്ന സർക്കാരാണ്‌ രൂപീകരിക്കുക.

സിപിഐ എമ്മിന്‌ ‐ 12 , സിപിഐക്ക്‌ ‐ 4 , കേരള കോൺഗ്രസ്‌ എം‐ 1. ജനതാദൾ എസ്‌ ‐1. എൻസിപി‐ 1. എന്നിങ്ങനെയും രണ്ട്‌ സ്‌ഥാനങ്ങളിൽ ഘടകകക്ഷികൾ രണ്ടരവർഷം വീതം മന്ത്രിസ്‌ഥാനം പങ്കിടുകയുമാണ്‌ ചെയ്യുക. ജനാധിപത്യ കേരള കോൺഗ്രസും ഐഎൻഎലും ആദ്യ ഘട്ടത്തിലും തുടർന്ന്‌ കേരള കോൺഗ്രസ്‌ ബി, കോൺഗ്രസ്‌ എസ്‌ എന്നിങ്ങനെയും മന്ത്രിസ്‌ഥാനം പങ്കിടും.

സ്‌പീക്കർ സ്‌ഥാനം സിപിഐ എമ്മിനും ഡെപ്യൂട്ടി സ്‌പീക്കർ സിപിഐക്കുമാണ്‌. ചീഫ്‌ വിപ്പ്‌ കേരള കോൺഗ്രസ്‌ എമ്മിനാണ്‌.

സത്യപ്രതിജ്ഞ വലിയ ആൾക്കൂട്ടം ഒഴിവാക്കി 20 ന്‌ സംഘടിപ്പിക്കും. ‌18 ന്‌ വൈകിട്ട്‌ പാർലമെൻറി പാർടിയോഗം ചേർന്ന്‌ പുതിയ എൽഡിഎഫ്‌ നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കും. തുടർന്ന്‌ സത്യപ്രതിജ്ഞക്കുള്ള ഔദ്യോഗിക കാര്യങ്ങൾ ഗവർണറുമായി സംസാരിക്കുമെന്നും വിജയരാഘവൻ അറിയിച്ചു.

pathram desk 1:
Related Post
Leave a Comment