കോവിഡ്- 19 രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടത് എപ്പോൾ?

കോവിഡിന്റെ രണ്ടാം തരംഗത്തിനെ നേരിടാൻ ലഭ്യമായ എല്ലാ മാർഗങ്ങളും തേടുകയാണ് രാജ്യത്തെ ആരോഗ്യ സംവിധാനം. കേസുകളുടെ എണ്ണം ദിനംപ്രതി കുതിച്ചുയർന്നതോടെ ആശുപത്രികളിലെ ഐസിയു കിടക്കകൾക്കും ഓക്സിജനുമെല്ലാം രാജ്യത്ത് എല്ലായിടത്തും കടുത്ത ദൗർലഭ്യം നേരിടുന്നുണ്ട്. ഈ സാഹചര്യത്തിൽ അത്യാവശ്യക്കാരല്ലാത്ത രോഗികൾ കോവിഡ് പോസിറ്റീവ് ആണെങ്കിലും ആശുപത്രിയിൽ വരാതെ വീടുകളിൽ ഐസൊലേഷൻ ചെയ്യുന്നത് നിരവധി ജീവനുകൾ രക്ഷിക്കാൻ സഹായകമാകും.

എപ്പോഴാണ് ഒരു കോവിഡ് രോഗിയെ ആശുപത്രിയിൽ കൊണ്ടു ചെല്ലേണ്ടത് എന്നത് സംബന്ധിച്ച മുന്നറിയിപ്പുകളുടെ പട്ടിക പുറത്തു വിട്ടിരിക്കുകയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇത് പ്രകാരം ഓക്സിജൻ തോത് 93ൽ കുറയുകയോ കടുത്ത ക്ഷീണം അനുഭവപ്പെടുകയോ നെഞ്ചുവേദന വരികയോ ചെയ്താൽ മാത്രം കോവിഡ് രോഗിയെ ആശുപത്രിയിൽ എത്തിച്ചാൽ മതിയാകും. തീവ്രമല്ലാത്ത ലക്ഷണങ്ങളുള്ള കോവിഡ് രോഗികൾ വീടുകളിലെ ഐസൊലേഷൻ തുടരണമെന്ന് ആരോഗ്യമന്ത്രാലയം നിർദ്ദേശിക്കുന്നു. പനി, ശ്വാസംമുട്ടൽ ഒഴികെയുള്ള പ്രശ്നങ്ങളുള്ളവർ, 94ന് മുകളിൽ ഓക്സിജൻ തോത് ഉള്ളവർ എന്നിവരെല്ലാം ഈ വിഭാഗത്തിൽ പെടും.

കോവിഡിന്റെ രണ്ടാം തരംഗത്തിൽ പലർക്കും ശരീരത്തിലെ ഓക്സിജൻ നില പെട്ടെന്ന് താഴേക്ക് വരുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. 90ന് താഴെ ഓക്സിജൻ നില എത്തുന്നത് രോഗിയുടെ ആരോഗ്യം വഷളാകുന്നതിന്റെ സൂചനയാണ്. അങ്ങനെയുള്ളവർ ഉടൻ ഡോക്ടറുടെ സേവനം തേടേണ്ടതാണ്.

വീടുകളിൽ ഐസൊലേഷനിൽ ഇരിക്കുന്നവർ നന്നായി കാറ്റും വെളിച്ചവും കയറുന്ന മുറിയിൽ ഇരിക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദ്ദേശിക്കുന്നു. രോഗികൾ മൂന്ന് പാളികളുള്ള മെഡിക്കൽ മാസ്ക് ധരിക്കുകയും ഇവ എട്ട് മണിക്കൂർ കൂടുമ്പോൾ മാറ്റുകയും വേണം. ഉപയോഗിച്ച മാസ്ക് ഒരു ശതമാനം സോഡിയം ഹൈപോക്ളോറൈറ്റ് ലായനിയിൽ മുക്കി അണുവിമുക്തമാക്കേണ്ടതാണ്. നിർജ്ജലീകരണം തടയാൻ നന്നായി വെള്ളവും മറ്റ് പാനീയങ്ങളും രോഗികൾ കുടിക്കണം. കൈകൾ ഇടയ്ക്കിടെ കുറഞ്ഞത് 40 സെക്കൻഡ് സോപ്പുപയോഗിച്ച് കഴുകുന്നത് ഉൾപ്പെടെയുള്ള മുൻകരുതലുകൾ സ്വീകരിക്കണം. രോഗികൾ പൾസ് ഓക്സിമീറ്റർ ഉപയോഗിച്ച് ശരീരത്തിലെ ഓക്സിജൻ തോത് ഇടയ്ക്കിടെ അളന്നു കൊണ്ടിരിക്കണം. മുറിയിലെ പ്രതലങ്ങൾ വൃത്തിയായും അണുവിമുക്തമായും സൂക്ഷിക്കണം. താപനില ഉൾപ്പെടെ പരിശോധിച്ചുകൊണ്ട് രോഗികൾ സ്വയം നിരീക്ഷിക്കണമെന്നും ജാഗ്രതയോടെ ഇരിക്കണമെന്നും ആരോഗ്യമന്ത്രാലയം കൂട്ടിച്ചേർക്കുന്നു.

pathram desk 1:
Leave a Comment