ഭോപ്പാൽ: ഡോക്ടറെ കൊലപ്പെടുത്തിയ കേസിൽ കോളേജ് പ്രൊഫസറായ ഭാര്യ അറസ്റ്റിൽ. മധ്യപ്രദേശിലെ ഛത്തർപുരിൽ സർക്കാർ കോളേജിൽ പ്രൊഫസറായ മമത പഥക്കിനെ(63)യാണ് പോലീസ് അറസ്റ്റ് ചെയ്തത്. കുടുംബവഴക്കിനെ തുടർന്നാണ് ഭർത്താവായ ഡോ. നീരജ് പഥക്കി(65)നെ ഇവർ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. പ്രതി കുറ്റം സമ്മതിച്ചതായും പോലീസ് അറിയിച്ചു.
ഏപ്രിൽ 29-നായിരുന്നു കേസിനാസ്പദമായ സംഭവം. നഗരത്തിലെ പ്രമുഖനായ ഡോക്ടറാണ് നീരജ് പഥക്. എന്നാൽ ഭർത്താവിന്റെ പെരുമാറ്റത്തിൽ പ്രൊഫസർക്ക് സംശയങ്ങളുണ്ടായിരുന്നു. ഇതേച്ചൊല്ലി ദമ്പതിമാർക്കിടയിൽ വഴക്കും പതിവായിരുന്നു. സംഭവദിവസവും ഇരുവരും തമ്മിൽ വഴക്കുണ്ടായി. തുടർന്നാണ് ഭർത്താവിന് ഭക്ഷണത്തിൽ ഉറക്കഗുളിക കലർത്തിനൽകിയത്. ഇതിനുശേഷം വൈദ്യുത വയറുകൾ കൊണ്ട് ശരീരത്തിൽ വൈദ്യുതാഘാതമേൽപ്പിച്ച് മരണം ഉറപ്പുവരുത്തി.
സംഭവം നടന്ന് രണ്ട് ദിവസത്തിന് ശേഷമാണ് പ്രൊഫസർ മരണവിവരം പുറത്തറിയിച്ചത്. ഭർത്താവ് ഏറെനാളുകളായി അസുഖബാധിതനായിരുന്നുവെന്നാണ് പോലീസിനോടും പറഞ്ഞത്. ഏപ്രിൽ 30-ന് രാവിലെ താനും മകനും സുഖമില്ലാത്തതിനാൽ ഝാൻസിയിലേക്ക് ചികിത്സയ്ക്കായി പോയെന്നും തിരികെ എത്തിയപ്പോഴാണ് ഭർത്താവിനെ മരിച്ചനിലയിൽ കണ്ടതെന്നും ഇവർ പറഞ്ഞു. എന്നാൽ മരണം സംഭവിച്ച് രണ്ടുദിവസമായെന്ന് വ്യക്തമായതോടെ പോലീസ് വിശദമായ അന്വേഷണം നടത്തുകയായിരുന്നു. പ്രൊഫസറുടെ പെരുമാറ്റവും പോലീസിൽ സംശയമുണർത്തി. തുടർന്ന് വിശദമായ ചോദ്യംചെയ്യലിലാണ് ഭർത്താവിനെ കൊലപ്പെടുത്തിയതാണെന്ന് ഇവർ സമ്മതിച്ചത്.
ദമ്പതിമാർക്കിടയിലെ അസ്വാരസ്യങ്ങളാണ് ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥരും പറയുന്നത്. കോളേജ് പ്രൊഫസറായ പ്രതി നേരത്തെ ഭർത്താവിനെ കുളിമുറിയിൽ പൂട്ടിയിട്ട സംഭവവും ഉണ്ടായിരുന്നു. മാനസിക വെല്ലുവിളി നേരിടുന്ന ഏകമകനോടൊപ്പമാണ് ദമ്പതിമാർ ഛത്തർപുരിൽ താമസിച്ചിരുന്നത്.
Leave a Comment