തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രികളില്‍ ഓക്‌സിജന്‍ ക്ഷാമം; ആര്‍.സി.സിയില്‍ അടിയന്തര പ്രാധാന്യമില്ലാത്ത എല്ലാ ശസ്ത്രക്രിയകളും മാറ്റിവെച്ചു

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രികളില്‍ ഓക്‌സിജന്‍ ക്ഷാമം. ഓക്‌സിജന്‍ പ്രതിസന്ധി നേരിടുന്നുവെന്ന് ആശുപത്രികള്‍ സര്‍ക്കാരിനെ അറിയിച്ചു.ഇതിന് പുറമെ റീജിയണല്‍ കാന്‍സര്‍ സെന്ററിലും ഓക്‌സിജന്‍ പ്രതിസന്ധിയുണ്ട്. ഇതേത്തുടര്‍ന്ന് ആര്‍.സി.സിയില്‍ അടിയന്തര പ്രാധാന്യമില്ലാത്ത എല്ലാ ശസ്ത്രക്രിയകളും മാറ്റിവെച്ചു.

ആര്‍.സി.സിയിലും ശ്രീചിത്രയിലും ഓക്‌സിജന്‍ ക്ഷാമം ഉണ്ടാകാന്‍ പാടില്ലെന്ന കര്‍ശന നിര്‍ദേശം ഉണ്ടായിരിക്കെയാണ് ഇങ്ങനെയാരു പ്രതിസന്ധി ഉടലെടുത്തിരിക്കുന്നത്. ആര്‍.സി.സിയിലെ പ്രതിസന്ധി പരിഹരിക്കാന്‍ ജില്ലാ ഭരണകൂടം ശ്രമം ആരംഭിച്ചിട്ടുണ്ട്.

സംസ്ഥാന വ്യാപകമായി പ്രതിസന്ധിയില്ല. ഒരോ ദിവസവും ആവശ്യമായത് കണക്കാക്കിയാണ് സ്വകാര്യ ആശുപത്രികളിലേക്ക് ഓക്‌സിജന്‍ എത്തുന്നത്. ഇതില്‍ എന്തെങ്കിലും തടസ്സം നേരിട്ടാല്‍ തങ്ങള്‍ക്ക് പുതിയ രോഗികളെ സ്വീകരിക്കാന്‍ സാധിക്കാതെ വരുമെന്ന് സ്വകാര്യ ആശുപത്രികള്‍ പറയുന്നു.

രോഗവ്യാപനം ഏറെയുള്ള എറണാകുളം ജില്ലയില്‍ പ്രതിസന്ധിയുണ്ടാകാതിരിക്കാന്‍ കാര്യമായ പരിശ്രമം ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് നടക്കുന്നുണ്ട്. ദിവസങ്ങള്‍ക്ക് മുമ്പ് കോട്ടയത്ത് സമാനമായ സാഹചര്യം ഉണ്ടായിരുന്നതായി കേരള െ്രെപവറ്റ് ഹോസ്പിറ്റല്‍സ് അസോസിയേഷന്‍ പറയുന്നു. അത് പരിഹരിക്കാന്‍ സാധിച്ചിരുന്നു.

ഇപ്പോള്‍ തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രികള്‍ക്ക് ഓക്‌സിജന്‍ ആവശ്യത്തിന് ലഭിക്കുന്നില്ല എന്ന വിവരം കിട്ടിയിട്ടുണ്ടെന്നും മറ്റ് ജില്ലകളിലെ കാര്യങ്ങള്‍ അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും കെ.പി.എച്ച്.എ. പറയുന്നു

pathram:
Leave a Comment