ഐപിഎൽ 14–ാം സീസൺ പൂർത്തിയാക്കാൻ കഴിഞ്ഞില്ലെങ്കിൽ നഷ്ടം 2500 കോടി രൂപ: ഗാംഗുലി

മുംബൈ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിർത്തിവച്ച ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 14–ാം സീസൺ പൂർത്തിയാക്കാൻ സാധിക്കാത്തപക്ഷം, ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന് (ബിസിസിഐ) ഏതാണ്ട് 2500 കോടിയോളം രൂപയുടെ നഷ്ടം സംഭവിക്കുമെന്ന് പ്രസിഡന്റ് സൗരവ് ഗാംഗുലി. ഒരു അഭിമുഖത്തിലാണ് ഗാംഗുലി ഇക്കാര്യം വെളിപ്പെടുത്തിയത്. ഐപിഎൽ തൽക്കാലത്തേക്ക് നിർത്തിവച്ചെങ്കിലും, പൂർത്തിയാക്കാൻ സാധിക്കുമോയെന്ന് പരിശോധിക്കുമെന്നും ഗാംഗുലി വ്യക്തമാക്കി. ഇന്ത്യയ്ക്ക് പുറത്ത് ഐപിഎലിലെ ശേഷിച്ച മത്സരങ്ങൾ നടത്തുന്നതും പരിഗണനയിലാണ്.

‘ഐപിഎൽ 14–ാം സീസൺ പൂർത്തിയാക്കാൻ കഴിയാതെ വന്നാൽ ഏതാണ്ട് 2500 കോടിയോളം രൂപയുടെ നഷ്ടമാണ് സംഭവിക്കുക. ഇത് ഇപ്പോഴത്തെ നമ്മുടെ കണക്കുകൂട്ടലാണ്. ടൂർണമെന്റ് പൂർത്തിയാക്കണമെങ്കിൽ ഇനിയും ഒട്ടേറെ ക്രമീകരണങ്ങൾ ആവശ്യമാണ്. ഐപിഎൽ നിർത്തിവച്ചിട്ട് ഒരു ദിവസമല്ലേ കഴിഞ്ഞുള്ളൂ. ട്വന്റി20 ലോകകപ്പിനു മുൻപ് ഐപിഎൽ പൂർത്തിയാക്കാൻ സമയം കിട്ടുമോയെന്ന് മറ്റു ക്രിക്കറ്റ് ബോർഡുകളുമായി ചർച്ച നടത്തിയാലേ പറയാനാകൂ. ഐപിഎൽ പൂർത്തിയാക്കാൻ നമ്മൾ ഒട്ടേറെ കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. അതിനുള്ള നീക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു’ – ഗാംഗുലി പറഞ്ഞു.

ട്വന്റി20 ലോകകപ്പിനു തൊട്ടുമുൻപായി സെപ്റ്റംബറിൽ ബ്രിട്ടനിലെ വിവിധ വേദികളിലായി ഐപിഎലിലെ ബാക്കിയുള്ള മത്സരങ്ങൾ നടത്താൻ ബിസിസിഐ ആലോചിക്കുന്നുണ്ട്. ഐപിഎലിനു വേദിയൊരുക്കാൻ തയാറാണെന്നു സറെ, വാർവിക്‌ഷർ, ലങ്കാഷർ തുടങ്ങിയ ഇംഗ്ലിഷ് കൗണ്ടി ക്രിക്കറ്റ് ക്ലബ്ബുകൾ ഇംഗ്ലണ്ട് ബോർഡിനെ അറിയിച്ചു. സെപ്റ്റംബർ പകുതിക്കുശേഷമുള്ള സമയമാണ് പരിഗണിക്കുക. ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ അവസാന ടെസ്റ്റ് അവസാനിക്കുന്നത് സെപ്റ്റംബർ 14നാണ്. അതിനാൽ സംഘാടനം എളുപ്പമാകുമെന്നാണു പ്രതീക്ഷ. ട്വന്റി20 ലോകകപ്പ് വേദിയായി യുഎഇയും പരിഗണിക്കുന്നതിനാൽ അവിടെത്തന്നെ ഐപിഎലിന്റെ ബാക്കി നടത്തുന്നതു വേദികളുടെ ‘ഫ്രഷ്നസ്’ നഷ്ടപ്പെടുത്തുമെന്ന വാദവും കൗണ്ടി ക്ലബ്ബുകൾ മുന്നോട്ടുവയ്ക്കുന്നു.

pathram desk 1:
Related Post
Leave a Comment