105 കിടക്കകളും നിറഞ്ഞു പാലാ ജനറൽ ആശുപത്രി; ഓക്സിജനില്ല, പ്രതിസന്ധിയേറെ…

കോട്ടയം: പോസിറ്റീവായവരെ കൂടുതൽ പേരെ പ്രവേശിപ്പിച്ചതോടെ പാലാ ജനറൽ ആശുപത്രിയിൽ ഓക്സിജൻ പ്രതിസന്ധി. സ്വകാര്യ ആശുപത്രികളിൽനിന്നു കൂടുതൽ സിലിണ്ടറുകൾ എത്തിച്ചാണു പ്രശ്നം പരിഹരിച്ചത്. കിടങ്ങൂർ ലിറ്റിൽ ലൂർദ് ആശുപത്രിയിൽ നിന്നു 4 സിലിണ്ടറും പാലാ മരിയൻ മെഡിക്കൽ സെന്റർ ആശുപത്രിയിൽ നിന്നു 2 സിലിണ്ടറും എത്തിച്ചു.

ഇതിനു പുറമേ മാർ സ്ലീവാ ആശുപത്രിയിൽ നിന്ന് 5 സിലിണ്ടറും ജില്ലാ ആശുപത്രി, മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ നിന്നായി 7 സിലിണ്ടറും ഉടൻ ലഭ്യമാക്കി. തോമസ് ചാഴികാടൻ എംപി, കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി തുടങ്ങിയവരുടെ ഇടപെടലാണു ഫലം കണ്ടത്.

ആശുപത്രിയിൽ കോവിഡ് ചികിത്സയ്ക്കായി സജ്ജീകരിച്ച 105 കിടക്കകളും ഇന്നലെ നിറഞ്ഞതോടെയാണു കൂടുതൽ ഓക്സിജൻ ആവശ്യമായി വന്നത്. ജനറൽ ആശുപത്രിയിൽ ഒരു ദിവസം 240 സിലിണ്ടർ ഓക്സിജൻ ആവശ്യമാണെന്ന് അധികൃതർ പറയുന്നു. ഇവിടെ 62 സിലിണ്ടറുകൾ മാത്രമാണ് ഉള്ളത്. സിലിണ്ടർ നിറയ്ക്കുന്നതിന് തൃശൂർ വരെ പോകേണ്ടി വരുന്നതാണ് താമസത്തിനു കാരണം. തൃശൂർ വരെ വാഹനം പോയി വരുന്നതിന് 6 മണിക്കൂറെടുക്കും.

സിലിണ്ടർ നിറച്ചു കിട്ടാനുള്ള താമസം കൂടിയാകുമ്പോൾ ദുരിതം ഇരട്ടിയാക്കുന്നു. എറണാകുളത്തു നിന്ന് 42 സിലിണ്ടർ കൂടി ഇന്നലെ എത്തിച്ചെങ്കിലും പ്രതിസന്ധിയുണ്ട്. സ്വകാര്യ ആശുപത്രികളിൽ നിന്നു വാങ്ങിയ സിലിണ്ടറുകൾ തിരികെ നൽകണം. കൂടുതൽ സിലിണ്ടർ വാടകയ്ക്ക് ലഭ്യമാക്കാൻ നടപടി സ്വീകരിച്ചതായി പാലാ നഗരസഭാധ്യക്ഷൻ ആന്റോ ജോസ് പടിഞ്ഞാറേക്കര, സ്ഥിര സമിതി അധ്യക്ഷൻ ബൈജു കൊല്ലംപറമ്പിൽ എന്നിവർ പറഞ്ഞു.

ഓക്സിജൻ പ്ലാന്റിനായി ശുപാർശ ജില്ലാ ആരോഗ്യ വിഭാഗത്തിന് ആശുപത്രി അധികൃതർ കൈമാറി. ഓക്സിജൻ–കോവിഡ് സെക്കൻഡ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ പ്രവർത്തിക്കുന്ന ഉഴവൂർ ഗവ. ആശുപത്രിയിലും ഓക്സിജൻ ക്ഷാമമുണ്ട്. എന്നാൽ രോഗികളുടെ ആരോഗ്യ നിലയെ ബാധിച്ചിട്ടില്ല. എല്ലാ ദിവസവും ഓക്സിജൻ എത്തുന്നുണ്ടെങ്കിലും സ്റ്റോക്ക് ചെയ്യാൻ സാധിക്കാത്തതാണു പ്രശ്നം. കോട്ടയം മെഡിക്കൽ കോളജിലും മറ്റിടങ്ങളിലും നിലവിൽ പ്രശ്നങ്ങളില്ല.

pathram desk 1:
Related Post
Leave a Comment