ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റില്‍ മലയാളി താരം സഞ്ജു സാംസണിനെ ഏറ്റവുമധികം പിന്തുണയ്ക്കാറുള്ള താരങ്ങളുടെ ഗണത്തിലാണ് മുന്‍ ഇന്ത്യന്‍ താരവും ഇപ്പോള്‍ ലോക്‌സഭാ എംപിയുമായ ഗൗതം ഗംഭീറിന്റെ സ്ഥാനം. സഞ്ജു മികച്ച പ്രകടനം കാഴ്ചവയ്ക്കുമ്പോഴെല്ലാം അഭിനന്ദനവുമായി എത്താറുള്ള ഗംഭീര്‍, ഇന്ത്യന്‍ ടീമില്‍ അവസരം നല്‍കാതെ സഞ്ജുവിനെ തഴഞ്ഞ കാലത്തെല്ലാം സിലക്ടര്‍മാര്‍ക്കും ടീം മാനേജ്‌മെന്റിനുമെതിരെ രൂക്ഷ വിമര്‍ശവും ഉയര്‍ത്താറുണ്ട്. ഇപ്പോഴിതാ, രാജസ്ഥാന്‍ റോയല്‍സ് നായകന്‍ കൂടിയായ സഞ്ജു സാംസണിന്റെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരിക്കുകയാണ് ഗംഭീര്‍. ഐപിഎല്‍ 14–ാം സീസണില്‍ സഞ്ജുവിന് സ്ഥിരത പുലര്‍ത്താനാകാതെ പോകുന്ന സാഹചര്യത്തിലാണ് ഗംഭീറിന്റെ വാക്കുകള്‍.
ഈ സീസണിലെ ആദ്യ മത്സരത്തില്‍ തകര്‍പ്പന്‍ സെഞ്ചുറിയുമായി തിളങ്ങിയ സഞ്ജു, ക്യാപ്റ്റനായുള്ള അരങ്ങേറ്റത്തില്‍ വലിയ പ്രതീക്ഷയാണ് സമ്മാനിച്ചത്. എന്നാല്‍ പിന്നീടുള്ള മത്സരങ്ങളില്‍ നിറംമങ്ങിയ താരം, പതിവുപോലെ ‘അസ്ഥിരത’യുമായി ബന്ധപ്പെട്ട് വിമര്‍ശനങ്ങളുടെ നടുവിലാണ്. ഒന്നുകില്‍ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുന്ന സഞ്ജു, അല്ലെങ്കില്‍ ഏറ്റവും മോശം പ്രകടനവുമായി പഴി കേള്‍ക്കാറാണ് പതിവെന്ന് ഗംഭീര്‍ ചൂണ്ടിക്കാട്ടി.
‘കഴിഞ്ഞ ഏതാനും ഐപിഎല്‍ സീസണുകള്‍ നോക്കൂ. അദ്ദേഹത്തിന്റെ പ്രധാന പ്രശ്‌നം സ്ഥിരതയില്ലായ്മയാണ്. അദ്ദേഹം ഏറ്റവും മികച്ച രീതിയിലാണ് തുടക്കമിടുക. ഒന്നുകില്‍ ഏറ്റവും മികച്ച പ്രകടനം, അല്ലെങ്കില്‍ ഒന്നുമില്ല എന്നതാണ് അവസ്ഥ. ഒരു താരത്തിന്റെ പ്രകടനത്തിന്റെ ഗ്രാഫില്‍ ഇത്രമാത്രം ചാഞ്ചാട്ടം പാടില്ല. നല്ലൊരു താരത്തിന്റെ ഗ്രാഫ് എപ്പോഴും മധ്യത്തിലായിരിക്കും’ – ഗംഭീര്‍ ചൂണ്ടിക്കാട്ടി.
‘രോഹിത് ശര്‍മ, വിരാട് കോലി, എബി ഡിവില്ലിയേഴ്‌സ് തുടങ്ങിയ താരങ്ങളെ നോക്കൂ. ഇവരെല്ലാം മികച്ച താരങ്ങളായി നമ്മള്‍ ഇഷ്ടപ്പെടുന്നവരാണ്. ഇവര്‍ ഒരു മത്സരത്തില്‍ 80 റണ്‍സിനു മുകളില്‍ സ്‌കോര്‍ ചെയ്താല്‍ തൊട്ടടുത്ത മത്സരങ്ങളില്‍ 0, 1, 10 എന്നിങ്ങനെ മോശം പ്രകടനം കാഴ്ചവയ്ക്കാറില്ല. മിക്ക മത്സരങ്ങളിലും 30–40 റേഞ്ചില്‍ അവര്‍ ടീമിനായി സംഭാവന നല്‍കും’ – ഗംഭീര്‍ വിശദീകരിച്ചു.
‘ഇനി സഞ്ജു സാംസണിന്റെ ഗ്രാഫ് നോക്കൂ. ഒന്നുകില്‍ അദ്ദേഹം 80–90 റണ്‍സ് നേടും. അല്ലെങ്കില്‍ ഒന്നുമുണ്ടാകില്ല. ഒരാളുടെ ഗ്രാഫില്‍ ഇത്ര പ്രകടമായ ചാഞ്ചാട്ടമുണ്ടെങ്കില്‍, ആ താരത്തിന്റെ മനോഭാവത്തില്‍ എന്തോ പ്രശ്‌നമുണ്ടെന്നു തന്നെയാണ് അതിന് അര്‍ഥം’ – ഗംഭീര്‍ വ്യക്തമാക്കി.
വ്യത്യസ്ത ഫോര്‍മാറ്റുകളിലായി ഇതിനകം ഒട്ടേറെ മത്സരങ്ങള്‍ കളിച്ച സഞ്ജു, തന്റെ മനോഭാവത്തില്‍ വ്യത്യാസം വരുത്തേണ്ട സമയം അതിക്രമിച്ചതായും ഗംഭീര്‍ അഭിപ്രായപ്പെട്ടു.
‘എക്കാലവും ഒരേ വേഗത്തില്‍ ബാറ്റു ചെയ്യാനാകില്ല. ഓരോ സാഹചര്യങ്ങള്‍ക്കും എതിരാളികള്‍ക്കും അനുസരിച്ച് ബാറ്റിങ്ങില്‍ മാറ്റം വരുത്തണം. ബാറ്റു ചെയ്യുമ്പോള്‍ എന്നും ഒരേ സാഹചര്യം തന്നെ ലഭിക്കണമെന്ന് നിര്‍ബന്ധമില്ല. ദീര്‍ഘകാലമായി ഐപിഎലും ആഭ്യന്തര, രാജ്യാന്തര തലത്തിലും കളിക്കുന്ന വ്യക്തിയെന്ന നിലയില്‍ പക്വതയുള്ള ഒരു താരത്തിലേക്ക് സഞ്ജു വളരേണ്ട സമയമായി. അതിന് തന്റെ മനോഭാവത്തിലും ചിന്താഗതിയിലും സഞ്ജു മാറ്റം വരുത്തേണ്ടിവരും’ – ഗംഭീര്‍ അഭിപ്രായപ്പെട്ടു.
ഈ സീസണിലെ ആദ്യ മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനെതിരെ തകര്‍പ്പന്‍ സെഞ്ചുറിയുമായി രാജസ്ഥാന്‍ റോയല്‍സ് നായകനായുള്ള അരങ്ങേറ്റം കൊഴുപ്പിച്ച സഞ്ജു, പിന്നീടുള്ള രണ്ടു മത്സരങ്ങളിലും ഒറ്റയക്കത്തിനു പുറത്തായി. വ്യാഴാഴ്ച നടന്ന റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ പോരാട്ടത്തിലും ശ്രദ്ധേയമായ സംഭാവനകളൊന്നും നല്‍കാന്‍ സഞ്ജുവിനായില്ല.
ഐപിഎലില്‍ ഏറ്റവും ഒടുവില്‍ കളിച്ച 17 ഇന്നിങ്‌സുകളില്‍ ഒന്‍പതിലും 10 പന്തു പോലും നേരിടാനാകാതെ സഞ്ജു പുറത്തായിരുന്നു. ഈ സാഹചര്യത്തിലാണ് സഞ്ജുവിന്റെ അസ്ഥിരത ചര്‍ച്ചയാകുന്നത്. ഈ പ്രശ്‌നം പരിഹരിക്കുന്നതിന് സാക്ഷാല്‍ വിരാട് കോലിയെയാണ് സഞ്ജു മാതൃകയാക്കേണ്ടതെന്നും ഗംഭീര്‍ അഭിപ്രായപ്പെട്ടു. മോശം സ്‌െ്രെടക്ക് റേറ്റിലാണെങ്കിലും ടീമിന് തന്റേതായ സംഭാവന ഉറപ്പാക്കാതെ കോലി പുറത്താകില്ല. ഭാവിയില്‍ ഇന്ത്യന്‍ ടീമില്‍ കളിക്കാന്‍ സാധിച്ചില്ലെങ്കില്‍ അത് നിര്‍ഭാഗ്യകരവും സഞ്ജുവിന്റെ മാത്രം പിഴവുമായിരിക്കുമെന്നും ഗംഭീര്‍ പറഞ്ഞു.
‘ഇപ്പോള്‍ നിങ്ങള്‍ ഒരു ടീമിന്റെ നായകനാണ്. എല്ലാ കളിയിലും ഒരേ സ്‌െ്രെടക്ക് റേറ്റില്‍ ബാറ്റു ചെയ്യണമെന്ന് യാതൊരു നിര്‍ബന്ധവുമില്ല. ഈ ടൂര്‍ണമെന്റില്‍ത്തന്നെ വിരാട് കോലിയുടെ ബാറ്റിങ് ശ്രദ്ധിച്ചുനോക്കൂ. അദ്ദേഹത്തിന്റെ സ്‌െ്രെടക്ക് റേറ്റ് അത്ര മികച്ചതൊന്നുമായിരിക്കില്ല. കാരണം അദ്ദേഹത്തിന് കളിക്കാന്‍ ലഭിച്ച സാഹചര്യങ്ങള്‍ ബുദ്ധിമുട്ടേറിയതായിരുന്നു’ – ഗംഭീര്‍ പറഞ്ഞു.
സഞ്ജു എപ്പോഴും ഓര്‍ക്കേണ്ടതും ഇതേ കാര്യമാണ്. ഒരു മത്സരത്തില്‍ സെഞ്ചുറി നേടിയാലും തൊട്ടടുത്ത മത്സരങ്ങളില്‍ ശ്രദ്ധേയമായ രീതിയില്‍ എന്തെങ്കിലുമൊക്കെ സംഭാവന ഉറപ്പാക്കാനാകണം. അദ്ദേഹത്തിന്റെ കഴിവവച്ച് ഈ പ്രശ്‌നം പരിഹരിക്കാനാകുമെന്നാണ് എന്റെ പ്രതീക്ഷ. ഭാവിയില്‍ ഇന്ത്യന്‍ ടീമിലെത്താന്‍ അദ്ദേഹത്തിന് സാധിക്കുന്നില്ലെങ്കില്‍ അതിനെ നിര്‍ഭാഗ്യകരം എന്നുതന്നെ പറയേണ്ടിവരും. മാത്രമല്ല, അത് അദ്ദേഹത്തിന്റെ മാത്രം കുറ്റമായി അവശേഷിക്കുകയും ചെയ്യും’ – ഗംഭീര്‍ പറഞ്ഞു.
Leave a Comment