സുബീറ ഫര്‍ഹത്തിന്റെ തിരോധാനം ഒരു നൊമ്പരക്കാഴ്ച; .’ഉമ്മ കൊടുത്തുവിട്ട ആ പൊതി തുറന്നപ്പോള്‍ കണ്ണുനിറഞ്ഞു…

വളാഞ്ചേരിയിലെ സുബീറ വധക്കേസ് അന്വേഷിക്കുന്നതിനിടെയുണ്ടായ നൊമ്പരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച് അന്വേഷണ ഉദ്യോഗസ്ഥന്‍ വളാഞ്ചേരി ഇന്‍സ്‌പെക്ടര്‍ പി.എം ഷമീര്‍.

അന്വേഷണത്തിന്റെ ഭാഗമായി സുബീറ ഉപയോഗിച്ചിരുന്ന വസ്തുക്കള്‍ തേടിയെത്തിയപ്പോഴാണ് മകളെ കണ്ടുകിട്ടിയാല്‍ ധരിക്കാനുള്ള വസ്ത്രങ്ങളും ബ്രഷും പേസ്റ്റുമടക്കം ഉമ്മ പൊതിഞ്ഞ് കൊടുത്തുവിട്ടത്.

സ്വന്തം മകള്‍ വീടിന്റെ 300 മീറ്റര്‍ അകലെ മരിച്ചു കിടക്കുന്നത് അറിയാതെയാണ് ഉമ്മ വസ്ത്രങ്ങളും മറ്റും പൊതിയാക്കി കൊടുത്തു വിട്ടത്. സ്‌റ്റേഷനില്‍ വച്ച് അഴിച്ചപ്പോഴാണ് ആ ദയനീയ കാഴ്ച കണ്ടത്. ചെറിയ പൗഡര്‍ ടിന്‍ വരെ അതിലുണ്ടായിരുന്നു.

ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

സുബീറ ഫര്‍ഹത്തിന്റെ തിരോധാനം
ഒരു നൊമ്പരക്കാഴ്ച

വളാഞ്ചേരി കഞ്ഞി പുരയില്‍ ഒരു മാസത്തിലേറെയായി കാണാതായ 21 കാരിയുടെ മൃതദേഹം കിട്ടിയതും വളരെ വിദഗ്ദമായ അന്വേഷണത്തിലൂടെ പ്രതിയെ കണ്ടെത്തിയതും സര്‍വീസ് ജീവിതത്തിലെ അവിസ്മരണീയവും അഭിമാനകരവും ആയ സംഭവമാണ്. പെണ്‍കുട്ടിയെ കാണാതായതിനു തൊട്ടുപിറകെ ബന്ധുക്കളുടേയും നാട്ടുകാരുടേയും വിശ്വാസം ഏറ്റെടുത്ത് അന്വേഷണം മുന്നോട്ടു കൊണ്ടുപോകുവാന്‍ കഴിഞ്ഞതുകൊണ്ടാണ് പോലീസിനെതിരെ യാതൊരുവിധ ആക്ഷേപങ്ങളും ഇല്ലാതെ കേസ് അന്വേഷണം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത്.

സുബീറ എന്ന പെണ്‍കുട്ടി രാവിലെ 9 മണിക്ക് സാധാരണ പോകാറുള്ളത് പോലെ തൊട്ടടുത്ത ടൗണിലെ ക്ലിനിക്കിലേക്ക് ജോലിക്ക് പോയതായിരുന്നു. അതിനുശേഷം നാല്‍പ്പതാം ദിവസം പെണ്‍കുട്ടിയെ സ്വന്തം വീടിന് 300 മീറ്റര്‍ അകലെയുള്ള പറമ്പില്‍ കുഴിച്ചു മൂടപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. വിവരമറിഞ്ഞ് നാടും നാട്ടുകാരും സംഭവസ്ഥലത്തേക്ക് ഒഴുകി. കേസന്വേഷണത്തിന് ഭാഗമായി ശാസ്ത്രീയ പരിശോധനക്ക് പെണ്‍കുട്ടി ഉപയോഗിച്ചിരുന്ന സ്വകാര്യ വസ്തുക്കള്‍ എന്തെങ്കിലും കിട്ടുമോ എന്നറിയാന്‍ പോലീസുകാരെ പെണ്‍കുട്ടിയുടെ വീട്ടിലേക്ക് അയക്കുകയുണ്ടായി.

ഒരു ദുരന്തം നടന്നാല്‍ അത് ഏറ്റവും അവസാനം അറിയുന്നത് ബന്ധപ്പെട്ട വീട്ടുകാര്‍ ആയിരിക്കും എന്നത് നമ്മള്‍ പലപ്പോഴും കേട്ടിട്ടുള്ള കാര്യമാണ്. ഇവിടെയും അനുഭവം മറ്റൊന്നായിരുന്നില്ല.സ്വന്തം മകളെ കണ്ടെത്തി എന്ന പ്രതീക്ഷ നിറഞ്ഞ മനസ്സോടെ കൂടിയാണ് പെറ്റമ്മ പോലീസുകാരെ സ്വീകരിച്ചത്. ആ ഉമ്മ നല്‍കിയ വസ്തുക്കളുമായി പോലീസുകാര്‍ സ്‌റ്റേഷനിലേക്ക് തിരിച്ചെത്തി. അത് തുറന്നുനോക്കിയപ്പോള്‍ അതിലെ കാഴ്ച ദയനീയമായിരുന്നു.

ഒരു പെണ്‍കുട്ടിക്ക് ധരിക്കുവാന്‍ ആവശ്യമായ എല്ലാ വസ്ത്രങ്ങളും ഒരു ബ്രഷ്, പേസ്റ്റ് ഒരു ചെറിയ കുപ്പി വാസന പൗഡര്‍ എന്നിവയാണ് അതിലുണ്ടായിരുന്നത്. ഏതോ ദുരവസ്ഥയില്‍ നിന്നും തന്റെ മകളെ കണ്ടെത്തി എന്ന പ്രതീക്ഷ ആയിരിക്കാം ആ ഉമ്മയെ ഈ വസ്തുക്കള്‍ തന്നയക്കാന്‍ പ്രേരിപ്പിച്ചത്. തന്റെ മകള്‍ മണ്ണില്‍ അലിഞ്ഞു ചേര്‍ന്ന കാര്യം ആ ഉമ്മയുണ്ടോ അറിയുന്നു? ഒരു മാതാവിനു മാത്രമല്ലേ അത്തരം പ്രതീക്ഷകള്‍ വച്ചു പുലര്‍ത്താന്‍ പറ്റൂ….

ഔദ്യോഗിക ജീവിതത്തില്‍ പലപ്പോഴും പല രീതിയിലുള്ള സംഭവങ്ങള്‍ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ടെങ്കിലും ആ ഉമ്മയുടെ പ്രതീക്ഷ ഒരു തീരാ വേദനയായി അവശേഷിക്കും. ദൈവം അവരുടെ മനസ്സിന് ശാന്തി നല്‍കട്ടെ

ദന്താശുപത്രിയിലായിരുന്നു സുബീറയ്ക്ക് ജോലി. മാര്‍ച്ച് പത്തിന് ജോലി സ്ഥലത്തേക്ക് പോകുന്നതിനിടയിലാണ് സുബീറയെ പ്രതി കൊലപ്പെടുത്തിയത്. മോഷണമായിരുന്നു ലക്ഷ്യമെന്ന് പ്രതി അന്‍വര്‍ പൊലീസിനോട് സമ്മതിച്ചിരുന്നു,.

pathram:
Related Post
Leave a Comment