കൊച്ചി : കോവിഡ് വ്യാപനം രൂക്ഷമായ ജില്ലയിലെ കണ്ടെയ്ൻമെന്റ് സോണുകളിൽ ലോക്ഡൗൺ ഏർപ്പെടുത്തും. ഇന്നു വൈകിട്ട് 6 മുതൽ ഏഴു ദിവസത്തേക്ക് ലോക്ഡൗൺ ഏർപ്പെടുത്തി കലക്ടർ എസ്. സുഹാസ് ഉത്തരവിട്ടു. മുഴുവൻ വാർഡുകളും കണ്ടെയ്ൻമെന്റ് സോണുകളായ 3 പഞ്ചായത്തുകൾ പൂർണമായി അടച്ചിടും. എടത്തല, വെങ്ങോല, മഴുവന്നൂർ എന്നീ പഞ്ചായത്തുകളാണ് അടച്ചിടുക.
കലക്ടർക്കു പുറമേ സിറ്റി പൊലീസ് കമ്മിഷണർ എച്ച്. നാഗരാജു, റൂറൽ എസ്പി എസ്. കാർത്തിക്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് തുടങ്ങിയവർ പങ്കെടുത്ത യോഗത്തിലാണു തീരുമാനം. ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലെ 113 വാർഡുകളാണു കണ്ടെയ്ൻമെന്റ് സോൺ ആക്കുന്നത്. കൊച്ചി കോർപറേഷനിലെ 8 (പനയപ്പിള്ളി), 22 (മുണ്ടംവേലി), 26 (നസ്രത്ത്), 27 (ഫോർട്ട് കൊച്ചി വെളി), 60 (പെരുമാനൂർ) എന്നീ ഡിവിഷനുകളും ഇതിൽ ഉൾപ്പെടുന്നു. കീഴ്മാട് പഞ്ചായത്തിലാണു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഏറ്റവും കൂടുതൽ– 43%. അതായത് 100 പേരെ പരിശോധിക്കുമ്പോൾ 43 പേർ പോസിറ്റീവാകുന്നു.
നിയന്ത്രണങ്ങൾ ഇങ്ങനെ:
5 പേരിൽ കൂടുതൽ കൂട്ടം കൂടരുത്.
വിവാഹങ്ങൾക്ക് പരമാവധി 20 പേരും മരണാനന്തര ചടങ്ങുകൾക്ക് 10 പേരും മാത്രം ഒരേ സമയം.
വിനോദ സഞ്ചാര പ്രവർത്തനങ്ങൾക്ക് പൂർണ നിരോധനം.
ഹോട്ടലുകളിൽ പാഴ്സൽ വിതരണം മാത്രം.
അവശ്യ സർവീസുകൾ അനുവദിക്കും.
ജോലിക്കു പോകുന്നവരെ തടയില്ല, എന്നാൽ തിരിച്ചറിയൽ കാർഡോ തൊഴിലുടമയുടെ കത്തോ കരുതണം.
മതപരമായ ചടങ്ങുകൾ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു മാത്രമേ നടത്താവൂ. റമസാൻ വ്രതത്തിന്റെ ഭാഗമായുള്ള നോമ്പുതുറ വീടുകളിൽ തന്നെ നടത്തണം. പ്രാർഥനയ്ക്കു മാത്രം പള്ളിയിൽ സാമൂഹിക അകലം പാലിച്ചു പ്രവേശിക്കാം. സമൂഹ നോമ്പുതുറ അനുവദിക്കില്ല.
വ്യാപാര സ്ഥാപനങ്ങൾ, മാർക്കറ്റുകൾ എന്നിവ വൈകിട്ട് 7.30 വരെ മാത്രമേ പ്രവർത്തിക്കൂ.
കണ്ടെയ്ൻമെന്റ് സോണുകളിലെ വ്യവസായ ശാലകൾ, ഫാക്ടറികൾ എന്നിവയ്ക്കു പ്രവർത്തിക്കാം. തൊഴിലാളികൾ ഫാക്ടറി വളപ്പിനുള്ളിൽ തന്നെ താമസിക്കണം.
ഓരോ ദിവസവും പ്രഖ്യാപിക്കുന്ന കണ്ടെയ്ൻമെന്റ് സോണുകളിൽ തൊട്ടടുത്ത ദിവസം വൈകിട്ട് 6 മുതൽ ഈ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരും.
കണ്ടെയ്ൻമെന്റ് സോണുകളിലേക്കുള്ള പ്രവേശനം പൊലീസ് നിയന്ത്രിക്കും ഒരു എൻട്രിയും എക്സിറ്റും മാത്രമേ ഉണ്ടാകൂ. കണ്ടെയ്ൻമെന്റ് സോണുകള്‍ വഴി കടന്നു പോകുന്ന ദീർഘദൂര വാഹനങ്ങൾക്കു തടസ്സമില്ല. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുള്ള പൊതുഗതാഗതവും തടഞ്ഞിട്ടില്ല.
Leave a Comment