ചക്കരക്കൽ : വാക്സീനെടുക്കാൻ കൂടുതൽ ആളെത്തിയതോടെ ഇരിവേരി സാമൂഹികാരോഗ്യ കേന്ദ്രത്തിനു മുന്നിൽ സംഘർഷാവസ്ഥ. ചെമ്പിലോട് പഞ്ചായത്തിലെ ആശാ വർക്കർമാർ വഴി റജിസ്റ്റർ ചെയ്തിട്ടുള്ളവർക്കായിരുന്നു ഇവിടെ വാക്സീൻ നൽകാൻ തീരുമാനിച്ചത്. ഇതിനു പുറമേ മറ്റു പഞ്ചായത്തിൽ നിന്നു രണ്ടാം ഡോസിനു വരുന്നവർക്കു മുൻഗണന നൽകുമെന്നും മെഡിക്കൽ ഓഫിസർ അറിയിച്ചിരുന്നു. ഇതറിഞ്ഞാണ് ആളുകൾ രാവിലെ 6 മുതൽ ആശുപത്രിയിലെത്തിയത്.
9 ഓടെ ആശുപത്രി അധികൃതരെത്തി ഒന്നാം ഡോസ് എടുത്ത് 52 ദിവസം കഴിഞ്ഞവർക്കേ രണ്ടാമത്തെ ഡോസ് നൽകൂ എന്ന് അറിയിച്ചതോടെയാണ് കുത്തിവയ്പ്പിനെത്തിയവരുടെ ഭാഗത്ത് നിന്ന് പ്രതിഷേധം ഉയർന്നത്. രണ്ടാം ഡോസ് എടുക്കാനെത്തിയതിൽ ഭൂരിഭാഗം പേരും ഒന്നാം ഡോസ് എടുത്ത് 52 ദിവസം കഴിയാത്തവരായിരുന്നു. ഇവർ തിരിച്ചു പോകാൻ തയാറായില്ല. കൂടാതെ മണിക്കൂറുകളായി കാത്തിരുന്നവർ ടോക്കൺ ആവശ്യപ്പെട്ട് പ്രതിഷേധിക്കുക കൂടി ചെയ്തതോടെ പൊലീസ് സ്ഥലത്തെത്തി. വരി നിന്ന ആദ്യത്തെ 300 പേർക്ക് ടോക്കൺ നൽകാനും മറ്റുള്ളവരെ തിരിച്ചയയ്ക്കാനും തീരുമാനിക്കുകയായിരുന്നു.
Leave a Comment