വീണ്ടും ഗായകന്റെ റോളില്‍ ദുല്‍ഖര്‍; ഇത്തവണ പാടിയത് തമിഴിലില്‍

വീണ്ടും ഗായകന്റെ റോളിലെത്തി നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. കൊറിയോഗ്രാഫര്‍ ബൃന്ദ മാസ്റ്റര്‍ സംവിധാനം ചെയ്യുന്ന ‘ഹേയ് സിനാമിക’ എന്ന തമിഴ് ചിത്രത്തിലാണ് താരം പാട്ടു പാടുന്നത്. ദുല്‍ഖറും കാജല്‍ അഗര്‍വാളും ആണ് ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മലയാളത്തില്‍ ദുല്‍ഖര്‍ പിന്നണി പാടിയിട്ടുണ്ടെങ്കിലും തമിഴിലേയ്ക്കുള്ള താരത്തിന്റെ ആദ്യ ചുവടുവയ്പ്പാണ് ഇത്. ഇക്കാര്യം ദുല്‍ഖര്‍ സമൂഹമാധ്യമങ്ങളിലൂടെ അറിയിക്കുകയും ചെയ്തു.

റെക്കോര്‍ഡിങ് സ്റ്റുഡിയോയില്‍ നിന്നുള്ള ചിത്രങ്ങള്‍ ദുല്‍ഖര്‍ സല്‍മാന്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു. ‘എന്റെ ഗുരുക്കന്മാരില്‍ ഒരാളില്‍നിന്ന് കിട്ടിയ വിഷുക്കണിയും കൈനീട്ടവും. എന്റെ പ്രിയപ്പെട്ട ബൃന്ദ മാസ്റ്റര്‍. ഹേയ് സിനാമിക എന്ന ചിത്രത്തിലൂടെ ആദ്യമായി തമിഴില്‍ പാടി’ എന്ന് പോസ്റ്റിനൊപ്പം താരം കുറിച്ചു.

മാധവന്‍ കര്‍ക്കിയുടെ വരികള്‍ക്ക് ഗോവിന്ദ് വസന്തയാണ് ഈണം പകരുന്നത്. ഗോവിന്ദിന്റെ രസകരവും ഐതിഹാസികവുമായ ട്രാക്കിനെയും മാധവന്‍ കര്‍ക്കിയുടെ വരികളെയും ബൃന്ദ മാസ്റ്ററുടെ ബ്രില്ല്യന്റ് സംവിധാനത്തെയും ദുല്‍ഖര്‍ പ്രശംസിച്ചു. റൊമാന്റിക് എന്റര്‍ടെയിനറായ ഹേയ് സിനാമിക ജിയോ സ്റ്റുഡിയോയും ഗ്ലോബല്‍ വണ്‍ സ്റ്റുഡിയോസും ചേര്‍ന്നാണ് നിര്‍മിക്കുന്നത്.

pathram:
Related Post
Leave a Comment