ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപിച്ച നടന്‍ വിവേകിന്റെ നില ഗുരുതരമായി തുടരുന്നു എന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. അധികൃതര്‍ പുറത്തുവിട്ട മെഡിക്കല്‍ ബുള്ളറ്റിനിലാണ് താരത്തിന്റെ ആരോഗ്യ നിലയെ കുറിച്ച് പറഞ്ഞിരിക്കുന്നത്. വടപളനിയിലെ എസ്ആര്‍എം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്.
ഇന്ന് രാവിലെ 11 മണിയോടെയാണ് വിവേകിന് ഹൃദയാഘാതം ഉണ്ടായത്. നിലവില്‍ കൊറോണറി ആന്‍ജിയോഗ്രാമും ആന്‍ജിയോപ്ലാസ്റ്റിയും ചെയ്തു. തുടര്‍ന്ന് ഇസിഎംഒയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. അക്യൂട്ട് കൊറോണറി സിന്‍ഡ്രോമിനൊപ്പമുള്ള ഹൃദയാഘാതമാണ് വിവേകിന് സംഭവിച്ചത്. അതിന് കാരണം കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചതാവണമെന്നില്ലെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം അദ്ദേഹം കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. വാക്‌സിന്‍ കൊവിഡിനെ പ്രതിരോധിച്ചെന്ന് വരില്ലെങ്കിലും രോഗത്തിന്റെ തീവ്രത കുറയ്ക്കും. അതിനാല്‍ തന്നെ എല്ലാവരും വാക്‌സിന്‍ സ്വീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
മനതില്‍ ഉരുതി വേണ്ടും എന്ന സിനിമയിലൂടെയാണ് വിവേക് തമിഴ് സിനിമയിലേക്ക് എത്തുന്നത്. തുടര്‍ന്ന് പല സിനിമകളിലും ചെറിയ വേഷങ്ങള്‍ അവതരിപ്പിച്ചു. 1990കളുടെ തുടക്കത്തോടെ അജിത്ത്, വിജയ് ചിത്രങ്ങളില്‍ കോമഡി രംഗങ്ങളില്‍ നിറസാന്നിധ്യമായി മാറി. ഖുശി, അന്യന്‍, ശിവാജി തുടങ്ങി 200ല്‍ അധികം സിനിമകളില്‍ അഭിയനയിച്ചിട്ടുണ്ട്.
2019ല്‍ പുറത്തിറങ്ങിയ വെള്ളൈ പൂക്കള്‍ എന്ന സിനിമയിലെ റിട്ടയേര്‍ഡ് പൊലീസ് ഉദ്യോഗസ്ഥന്റെ കഥാപാത്രം ഏറെ നിരൂപക പ്രശംസ നേടിയിരുന്നു. ഇന്ത്യന്‍ 2വാണ് അദ്ദേഹം അവസാനമായി അഭിനയിച്ച ചിത്രം. മൂന്ന് തവണ തമിഴ്‌നാട് സര്‍ക്കാരിന്റെ മികച്ച ഹാസ്യനടനുള്ള പുരസ്‌കാരവും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
Leave a Comment