കാറില്‍ യാത്ര ചെയ്യുമ്പോള്‍ ഒറ്റയ്ക്കാണെങ്കിലും മാസ്‌ക് ധരിക്കണമെന്ന് ഹൈക്കോടതി

ന്യൂഡല്‍ഹി: കാറില്‍ യാത്ര ചെയ്യുമ്പോള്‍ ഒറ്റയ്ക്കാണെങ്കിലും മാസ്‌ക് ധരിക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി. കാര്‍ പൊതുഇടമാണെന്ന് അഭിപ്രായപ്പെട്ട കോടതി മാസ്‌ക് ധരിക്കാതെ തനിയെ കാറോടിച്ച് പോയതിന് പിഴ ചുമത്തിയ ഡല്‍ഹി പോലീസ് നടപടി ശരിവെച്ചു. മാസ്‌ക് ധരിക്കാതെ തനിച്ച് കാറോടിച്ച് പോവുകയായിരുന്ന തന്നില്‍ നിന്ന് ഡല്‍ഹി പോലീസ് 500 രൂപ പിഴയീടാക്കിയത് ചോദ്യം ചെയ്ത് അഭിഭാഷകനായ സൗരഭ് ശര്‍മയാണ് കോടതിയെ സമീപിച്ചത്.

മാസ്‌ക് അത് ധരിക്കുന്നവര്‍ക്കും ചുറ്റുമുളളവര്‍ക്കും ഒരു സുരക്ഷാകവചമാണ്. നിങ്ങള്‍ കാറില്‍ തനിച്ചാണെങ്കിലും മാസ്‌ക് ധരിക്കുന്നതിനോട് എതിര്‍പ്പ് എന്തിനാണ്?അത് നിങ്ങളുടെ സ്വന്തം സുരക്ഷയ്ക്ക് വേണ്ടിയാണ്. കോവിഡ് പ്രതിസന്ധി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്.വാക്‌സിന്‍ എടുത്തവരാണെങ്കിലും അല്ലെങ്കിലും മാസ്‌ക് ധരിക്കണം. കോവിഡില്‍ നിന്ന് രക്ഷനേടുന്നതിന് ഒരാള്‍ക്ക് ചെയ്യാനാകുന്ന ഏററവും ചുരുങ്ങിയ കാര്യം അതാണ്. ശാസ്ത്രജ്ഞന്മാരുടെയും ലോകമെമ്പാടുമുളള സര്‍ക്കാരുകളുടേയും നിര്‍ദേശങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് ജഡ്ജ് എം.പ്രതിഭാ സിങ് പറഞ്ഞു.

തനിച്ച് കാറില്‍ സഞ്ചരിക്കുമ്പോള്‍ മാസ്‌ക് ധരിക്കണമെന്ന് നിയമം പുറപ്പെടുവിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം കോടതിയില്‍ വ്യക്തമാക്കി. അതേസമയം ഇക്കാര്യത്തില്‍ പുതിയ നിയമങ്ങള്‍ പുറപ്പെടുവിക്കാനും അത് നടപ്പിലാക്കാനും എല്ലാ സംസ്ഥാനങ്ങള്‍ക്കും അവകാശമുണ്ടെന്നും മന്ത്രാലയം പറഞ്ഞു.

സൗരഭിനെ കൂടാതെ മററുരണ്ടുപേര്‍ കൂടി 500 രൂപ പിഴയീടാക്കിയതിനെ ചോദ്യം ചെയ്ത് കോടതിയെ സമീപിച്ചിരുന്നു. അവര്‍ തങ്ങള്‍ക്ക് നേരിടേണ്ടി വന്ന മാനസിക ബുദ്ധിമുട്ടിന് അടക്കം നഷ്ടപരിഹാരം ആവശ്യപ്പെട്ടിരുന്നു.

pathram:
Leave a Comment