ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകം രാഷ്ട്രീയ കാരണങ്ങളാലാണെന്ന് പ്രാഥമിക നിഗമനത്തില്‍ പോലീസ്

പാനൂര്‍: കൂത്തുപറമ്പില്‍ല മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്റെ കൊലപാതകം രാഷ്ട്രീയ കാരണങ്ങളാലാണെന്ന പ്രാഥമിക നിഗമനത്തില്‍ പോലീസ്. പ്രതികളില്‍ ഒരാള്‍ കസ്റ്റഡിയിലായിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. പത്തിലേറെ പ്രതികളുണ്ട്. കൊല്ലപ്പെട്ടയാളെ തന്നെ ലക്ഷ്യമിട്ടാണോ പ്രതികള്‍ എത്തിയതെന്ന് പറയാറായിട്ടില്ല. പരിശോധിച്ചുവരികയാണെന്നും പോലീസ് കമ്മീഷണര്‍ ഇളങ്കോ.ആര്‍ പറഞ്ഞു. സംഭവസ്ഥലത്ത് പരിശോധന നടത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പാനൂരില്‍ തിരഞ്ഞെടുപ്പിനു ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് വീടിനു സമീപം വച്ച് മുസ്ലീംലീഗ് പ്രവര്‍ത്തകന്‍ പുല്ലൂക്കര പാറാല്‍ മന്‍സൂര്‍ (22) കൊല്ലപ്പെട്ടത്. സഹോദരന്‍ മുഹ്‌സിന് പരിക്കേറ്റു. ബോബെറിഞ്ഞു വീഴ്ത്തിയ ശേഷം മന്‍സൂറിനെ വെട്ടിക്കൊല്ലുകയായിരുന്നു. തടയാന്‍ ശ്രമിച്ച സഹോദരനും സാരമായി പരിക്കേറ്റിട്ടുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് ഒരു സിപിഎം പ്രവര്‍ത്തകന്‍ പിടിയിലായിട്ടുണ്ട്. കൊലപാതകത്തിന് പിറകില്‍ സിപിഎം ആണെന്ന് ലീഗ് ആരോപിച്ചു.
കഴിഞ്ഞ ദിവസം രാവിലെ മുതല്‍ പ്രദേശത്ത് ചെറിയ രീതിയിലുളള സംഘര്‍ഷം ആരംഭിച്ചിരുന്നു. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ സംഘര്‍ഷം രൂക്ഷമായി.
വോട്ടെടുപ്പ് തീര്‍ന്നതോടെ തര്‍ക്കം അവസാനിച്ചെന്ന് കരുതിയെങ്കിലും രാത്രി ഏഴരയോടെ വീണ്ടും സംഘര്‍ഷമുണ്ടാവുകയായിരുന്നു. രാത്രിയോടെ ഒളിച്ചിരുന്ന ഒരുസംഘം ആളുകള്‍ മന്‍സൂര്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങുന്ന സമയം നോക്കി ബോംബ് എറിയുകയും തുടര്‍ന്ന് വെട്ടി പരിക്കേല്‍പ്പിക്കുകയുമായിരുന്നു.

ഗുരുതരമായി പരിക്കേറ്റ മന്‍സൂറിനേയും സഹോദരനേയും ആദ്യം തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പിന്നീട് കോഴിക്കോട്ടുളള ആശുപത്രിയിലേക്ക് മാറ്റി. രാത്രി ഒരുമണിയോടെ മന്‍സൂറിന്റെ മരണം സ്ഥിരീകരിച്ചു.
വോട്ടെടുപ്പിന് ശേഷമുണ്ടായ സംഘര്‍ഷത്തില്‍ കായംകുളത്തും രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വെട്ടറ്റിട്ടുണ്ട്. പുതുപ്പള്ളി 55ാം നമ്പര്‍ ബൂത്ത് ഏജന്റ് സോമന് ഇന്നലെ അര്‍ധരാത്രി വെട്ടേറ്റു. സോമനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

pathram:
Leave a Comment