നേമത്ത് ബി.ജെ.പി. അക്കൗണ്ട് എല്‍.ഡി.എഫ്. ക്ലോസ് ചെയ്യും

കണ്ണൂര്‍: ബി.ജെ.പിക്ക് വളരാവുന്ന മണ്ണല്ല കേരളത്തിലേത് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിന് കാരണം മതനിരപേക്ഷത തന്നെയാണെന്നും അദ്ദേഹം കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മതനിരപേക്ഷതയുടെ ശക്തിദുര്‍ഗമായാണ് കേരളം നിലകൊള്ളുന്നത്. അതുകൊണ്ടു തന്നെ നാടിനെ വര്‍ഗീയമായി ചേരിതിരിക്കാനും മതാന്ധതയിലേക്ക് തള്ളിവിടാനും ആര്‍.എസ്.എസ് നടത്തിയ നീക്കം ഒരു ഘട്ടത്തിലും ഇവിടെ വിജയിപ്പിക്കാനായിട്ടില്ല. അതിനെതിരെ നിതാന്ത ജാഗ്രത കേരളത്തില്‍ പൊതുവില്‍ മതനിരപേക്ഷ ശക്തികള്‍ പാലിച്ചിട്ടുണ്ട്. അതിന്റെ മുന്‍പന്തിയില്‍ ഇടതുപക്ഷം നിന്നിട്ടുമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇടതുപക്ഷം തീര്‍ക്കുന്ന ശക്തമായ പ്രതിരോധത്തിന്റെ ഭാഗമായാണ് ആര്‍.എസ്.എസിനും ബി.ജെ.പിക്കും കേരളത്തില്‍ സ്വാധീനം ഉറപ്പിക്കാന്‍ കഴിയാതെ വന്നതെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസിന്റെയും ബി.ജെ.പിയുടെയും നേതാക്കള്‍ കേരളത്തെ കുറിച്ച് വ്യാജമായ ചിത്രം സൃഷ്ടിക്കാനാകുമോ എന്നാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഏതെങ്കിലും ഒരിടത്ത് വിജയിക്കുമെന്ന് പറയാന്‍ കേരളത്തില്‍ ബിജെപിക്ക് ഒരു സീറ്റില്ല. കോണ്‍ഗ്രസും യു.ഡി.എഫും സഹായിച്ചതു കൊണ്ടാണ് ബി.ജെ.പിക്ക് നിയമസഭയില്‍ അക്കൗണ്ട് തുടങ്ങാനായതെന്നും പിണറായി വിമര്‍ശിച്ചു. നേമത്ത് കഴിഞ്ഞ തവണ ബി.ജെ.പി. തുറന്ന അക്കൗണ്ട് ഇത്തവണ എല്‍.ഡി.എഫ്. ക്ലോസ് ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അദാനിയുമായി പുതിയ കരാറുണ്ടെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണത്തോടും മുഖ്യമന്ത്രി പ്രതികരിച്ചു. പുതിയ കരാറുണ്ടെങ്കില്‍ പുറത്തുവിടട്ടേ എന്ന് അദ്ദേഹം ചെന്നിത്തലയെ വെല്ലുവിളിച്ചു. പ്രതിപക്ഷ നേതാവ് പച്ചക്കള്ളം പറയുകയാണ്. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനവുമായാണ് കെ.എസ്.ഇ.ബിക്ക് കരാര്‍. അദാനിയുമായി കരാറില്ലെന്ന് കെ.എസ്.ഇ.ബി. ചെയര്‍മാന്‍ തന്നെ വ്യക്തമാക്കിയതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

pathram:
Leave a Comment