നീലേശ്വരം : 2000 രൂപയുടെ കള്ളനോട്ടുമായി അമ്പലത്തറ പൊലീസ് പിടികൂടിയ രണ്ടംഗ സംഘം കള്ളനോട്ടു നിർമിച്ചതും വിതരണം ചെയ്തതും കിനാനൂർ കരിന്തളം പഞ്ചായത്തിൽ ചായ്യോത്തെ വാടക ക്വാർട്ടേഴ്സ് കേന്ദ്രീകരിച്ച്. ചായ്യോം അഞ്ചാനിക്കൽ വീട്ടിലെ ജയ്സൺ എന്ന അഷ്റഫ് (46), ഭാര്യാ സഹോദരൻ തൃശൂർ കുന്നംകുളം സ്വദേശി എം.എസ്.പജീഷ് എന്നിവരാണു പ്രതികൾ. ചായ്യോം ബസാറിലെ ലൈൻ ക്വാർട്ടേഴ്സിൽ കുടുംബസമേതം താമസിച്ചു വരികയായിരുന്നു അഷ്റഫ്. പജീഷും ഇടയ്ക്കിടെ ഇവിടെയെത്തുമായിരുന്നു. കംപ്യൂട്ടർ, പ്രിന്റർ, സ്കാനർ എന്നിവ ഉപയോഗിച്ച് മുദ്രക്കടലാസിലാണു നോട്ട് നിർമിച്ചിരുന്നത്. തിളക്കമുള്ള മഷിയാണിവർ ഉപയോഗിച്ചിരുന്നത്.
ഈ നോട്ടുകൾ ഒറ്റനോട്ടത്തിൽ തിരിച്ചറിയാൻ പ്രയാസമായിരുന്നു. നിർമിച്ചെടുത്ത നോട്ടുകൾ കയ്യിൽ കരുതുകയും സ്കൂട്ടറിനു പിന്നിൽ ആരെയെങ്കിലും ഇരുത്തി കടകളിൽ പോയി അവരെക്കൊണ്ടു സാധനങ്ങൾ വാങ്ങിപ്പിച്ചു വിനിമയം ചെയ്യുന്ന രീതിയാണ് അഷ്റഫിന് ഉണ്ടായിരുന്നത്. ചന്തേരയിൽ കണ്ടെത്തിയ കള്ളനോട്ടുകൾ അഷ്റഫും പജീഷും ചേർന്നു നിർമിച്ചതാണെന്നു വ്യക്തമായിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച അമ്പലത്തറയിൽ ഇരിയ മുട്ടിച്ചരലിലെ ലോട്ടറി വിൽപനക്കാരി പത്മിനിയും ഇവരുടെ തട്ടിപ്പിന് ഇരയായിരുന്നു. ഇവരുടെ പരാതിയിലാണ് അമ്പലത്തറ പൊലീസ് കേസെടുത്തത്.
തൃക്കരിപ്പൂർ കൊയോങ്കരയിൽ ലോട്ടറി സ്റ്റാൾ നടത്തുന്ന രോഹിണിയിൽ നിന്ന് 2000 രൂപയുടെ കള്ളനോട്ട് നൽകി ടിക്കറ്റ് എടുത്തത് അഷ്റഫ് തന്നെയാണെന്നു ചന്തേര പൊലീസ് നടത്തിയ അന്വേഷണത്തിൽ വ്യക്തമായി.അമ്പലത്തറ സിഐ രാജീവൻ വലിയവളപ്പിൽ, എസ്ഐ മൈക്കിൾ സെബാസ്റ്റ്യൻ, സൈബർ സെൽ സിപിഒ, കെ.രഞ്ജിത് എന്നിവരാണ് ചായ്യോത്ത് പരിശോധന നടത്തി കംപ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും പിടിച്ചെടുത്തത്. ഹാർഡ്ഡിസ്ക് തുടർപരിശോധനയ്ക്കായി കണ്ണൂരിലെ റീജനൽ ഫൊറൻസിക് ലാബിൽ നൽകിയിരിക്കുകയാണ്. അമ്പലത്തറ പൊലീസ് റജിസ്റ്റർ ചെയ്ത കേസിനു പിന്നാലെ ചന്തേര പൊലീസും അഷ്റഫിനെതിരെ കേസെടുത്തു.
Leave a Comment