തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ യുഡിഎഫിന് കേരളത്തില്‍ റോള്‍ ഇല്ലാതാകും: പിണറായി

കണ്ണൂർ: തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലെത്തുമ്പോള്‍ വികസനവും വിവാദ വ്യവസായവും തമ്മിലുള്ള മത്സരമാണുണ്ടാകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കെതിരെ വികസന വിരോധികള്‍ സംസ്ഥാനതല ഐക്യം ഉണ്ടാക്കിയിരിക്കുന്നു. കേരളത്തിന്‍റെ പുരോഗതിയെക്കുറിച്ചു ചര്‍ച്ച ചെയ്യാമോ എന്ന ചോദ്യത്തില്‍നിന്ന് അവര്‍ ഒഴിഞ്ഞുമാറുകയാണ്. പകരം ഓരോ മണിക്കൂറിലും പുതിയ വിവാദങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു. നാടിനെക്കുറിച്ചു വ്യാജകഥകള്‍ ലോകത്താകെ പ്രചരിപ്പിക്കുകയാണ്.

കേരളമാണ് ഇന്ത്യയില്‍ ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനം. അതു സർവേയിലൂടെ കണ്ടെത്തി പ്രഖ്യാപിക്കുമ്പോള്‍ ട്രാന്‍സ്പരന്‍സി ഇന്‍റര്‍നാഷണല്‍ മറ്റൊന്നു വെളിപ്പെടുത്തിയിരുന്നു. രാജ്യത്ത് കൈക്കൂലിയും അഴിമതിയും ഏറ്റവും കൂടുതലുള്ള സംസ്ഥാനം രാജസ്ഥാന്‍ ആണെന്ന്. രാജസ്ഥാന്‍ ഭരിക്കുന്നത് കോണ്‍ഗ്രസ്സ്; കേരളം ഭരിക്കുന്നത് എല്‍ഡിഎഫ്. ഇതാണ് വ്യത്യാസം, കണ്ണൂരിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി.

വികസനത്തില്‍ ബഹുകാതം കേരളം മുന്നോട്ടു പോയി. അഴിമതി തടയുന്നതില്‍ രാജ്യത്തു തന്നെ ഏറ്റവും മുന്നില്‍ നില്‍ക്കുന്നു. അങ്ങനെയുള്ള കേരളത്തില്‍ വന്നിട്ട് അഴിമതിയെക്കുറിച്ച് പറയാന്‍ ചില സമുന്നതര്‍ തന്നെ തയാറായത് നാം കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടു.

ബോഫോഴ്സ് മുതല്‍ 2ജി വരെയുള്ള അഴിമതികള്‍ നടത്തിയിട്ടുള്ളവരാണ് കേരളത്തില്‍ വന്ന് അഴിമതിയുണ്ടെന്ന് ആക്ഷേപിക്കുന്നത്. പാമോയില്‍ മുതല്‍ ടൈറ്റാനിയം വരെയുള്ള അഴിമതിക്കേസുകളില്‍പ്പെട്ട കൂട്ടരുടെ നേതാവാണ് കേരളത്തെ അഴിമതിയുടെ പേരില്‍ ആക്ഷേപിക്കാന്‍ തയാറാകുന്നത്.

അതിനായി കിഫ്ബി പൂട്ടിക്കും എന്നു ഭീഷണി മുഴക്കുന്നു. ലൈഫ് പദ്ധതി അവസാനിക്കും എന്ന് പരസ്യമായി പ്രഖ്യാപിച്ചത് യുഡിഎഫിന്‍റെ കണ്‍വീനറാണ്. ആ യുഡിഎഫിന്‍റെ നശീകരണ രാഷ്ട്രീയത്തിന് ആയുധമാക്കാന്‍ കേന്ദ്രം അന്വേഷണ ഏജന്‍സികളെ ഇറക്കി വിടുകയാണ്. കേന്ദ്ര സര്‍ക്കാരിന്‍റെ ഔദ്യോഗിക സംവിധാനങ്ങള്‍ ഉപയോഗിച്ച് കേരളത്തിന്‍റെ വികസനം അട്ടിമറിക്കാന്‍ ശ്രമിക്കുന്നതിന്‍റെ ഭാഗമായാണ് കിഫ്ബിക്കെതിരെ ഒന്നിനു പിറകെ ഒന്നായി അന്വേഷണ ഏജൻസികളെ ഇറക്കുന്നത്. ഒടുവിലാണ് ആദായ നികുതി വകുപ്പിനെ ഇറക്കിയത്. കിഫ്ബിയെ തകര്‍ത്തിട്ട് നിങ്ങള്‍ എന്താണ് നേടാന്‍ ഉദ്ദേശിക്കുന്നത്? ഇന്നാട്ടിലെ സ്കൂളുകളും റോഡുകളും ആശുപത്രികളും പാലങ്ങളും ഇനി വികസിക്കേണ്ടതില്ല എന്നാണോ? അവര്‍ സ്വന്തം നേട്ടമായി അവതരിപ്പിക്കുന്നവ പാലാരിവട്ടം പാലം പോലെ പൊളിഞ്ഞു പോയിട്ടുമുണ്ട്.

വികസന വിരോധികള്‍ക്കുള്ള മറുപടിയായിരിക്കും കേരളത്തിന്‍റെ ജനവിധി. യുഡിഎഫും ബിജെപിയും ചേര്‍ന്നാണ് എല്‍ഡിഎഫിനെ നേരിടുന്നത്. അവര്‍ തമ്മിലുള്ള ഐക്യം ഇപ്പോള്‍ തുടങ്ങിയതല്ല. പല കാര്യങ്ങളിലും ഒരേ പോലെ നില്‍ക്കുന്നവരാണവര്‍. ചരിത്രം നോക്കിയാല്‍ ഇന്ത്യയില്‍ സ്വാതന്ത്ര്യത്തിനു ശേഷം ഭരണമേധാവിത്വത്തിന്‍റെ ഒത്താശയോടെ രണ്ട് വംശഹത്യകളാണ് നടന്നിട്ടുള്ളത്.

ഒന്ന്: 1984ല്‍ ഡെല്‍ഹിയില്‍ കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ സിഖുകാരെ കൊലപ്പെടുത്തിയത്.
രണ്ട്: 2002 ഗുജറാത്തില്‍ സംഘപരിവാറിന്‍റെ നേതൃത്വത്തില്‍ മുസ്‌ലിംകളെ കൊന്നൊടുക്കിയത്.
ഈ പാരമ്പര്യമാണ് അവര്‍ ഇപ്പോഴും തുടരുന്നത്. അങ്ങനെയുള്ളവര്‍ കേരളത്തില്‍ വന്ന് അക്രമത്തെക്കുറിച്ച് പറഞ്ഞാല്‍ ജനങ്ങള്‍ എന്താണ് കരുതേണ്ടത്?

തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിനു മുന്നോടിയായി മൂന്നുനാലു മാസം കൊണ്ട് ആറ് കമ്യൂണിസ്റ്റുകാരെ കൊന്നുതള്ളിയവരാണ് ഇപ്പോള്‍ സമാധാനത്തിന്‍റെ വെള്ളരിപ്രാവുകളായി സ്വയം അവരോധിക്കുന്നത്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ പുറപ്പെടുന്നതിനു മുന്‍പ് അവരോട് ഒരു കാര്യം മാത്രം പറയട്ടെ: ‘കണ്ണാടിയില്‍ നോക്കി സ്വന്തം മുഖം ഒന്ന് കാണൂ’.

കഴിഞ്ഞ ദിവസങ്ങളില്‍ തിരഞ്ഞെടുപ്പ് പ്രചാരണ രംഗം നിരീക്ഷിച്ചാല്‍ മുന്നില്‍ വരുന്ന പ്രവണത വ്യക്തിപരമായ ആക്രമണങ്ങളുടേതാണ്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തിലിരിക്കുന്നവരെയും കുടുംബാംഗങ്ങളെയും നീചമായി കടന്നാക്രമിക്കുന്നു. അത് മറ്റൊരു തന്ത്രമാണ്. അതിന് അഖിലേന്ത്യാ നേതാക്കളെ പോലും ഉപയോഗിക്കാനാണ് കോണ്‍ഗ്രസ് തയാറാകുന്നത്. കേരളത്തെ കുറിച്ചോ ഇവിടത്തെ ജനങ്ങളെ കുറിച്ചോ പ്രശ്നങ്ങളെക്കുറിച്ചോ ഒന്നും അറിയാത്തവര്‍ ഇവിടെ പറന്നിറങ്ങി സംസ്ഥാന നേതാക്കള്‍ ചൊല്ലുന്നത് ഏറ്റുപാടുകയാണ്. ഇവിടെ നടക്കുന്നത് അവര്‍ അറിയുന്നില്ല എന്നതാണ് പ്രശ്നം.

യൂദാസിന്‍റെയും യേശുവിന്‍റെയും ഒക്കെ പേരുപറഞ്ഞ് ആരെയെങ്കിലുമൊക്കെ ആകര്‍ഷിക്കാന്‍ പറ്റുമോ എന്ന് മോഹിക്കുന്നവരുമുണ്ട്. ഇതേയാളുകള്‍ തന്നെയാണ് ഇന്ത്യയിലെ മറ്റ് ഇടങ്ങളില്‍ പ്രാര്‍ത്ഥിക്കാനോ യാത്ര ചെയ്യാനോ സ്വാതന്ത്ര്യം നല്‍കാത്ത വണ്ണം ക്രൈസ്തവരെയും ഉപദ്രവിക്കുന്നത്. ഗ്രഹാം സ്റ്റെയ്ന്‍സിനെയും അദ്ദേഹത്തിന്‍റെ രണ്ട് പിഞ്ചു കുഞ്ഞുങ്ങളെയും ഇവിടെ ആരും മറന്നിട്ടില്ല. കാണ്ഡമാലും മറന്നിട്ടില്ല. അതിന്‍റെയൊക്കെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കു ക്രേന്ദ്രഭരണത്തില്‍ സ്ഥാനമാനങ്ങള്‍ നല്‍കിയതും അങ്ങനെ മറക്കാനാകുന്നതല്ല.

ഈ സര്‍ക്കാരിനെതിരെ ഉന്നയിച്ച ഒരാരോപണം പോലും വിശ്വാസ്യതയുള്ളതാണ് എന്നു തെളിയിക്കാന്‍ ഇതേവരെ പ്രതിപക്ഷത്തിനു കഴിഞ്ഞിട്ടില്ല. ആരോപണം ഉന്നയിക്കുന്നവരുടെ വിശ്വാസ്യതയാണു തകര്‍ന്നു പോകുന്നത്. അതിന്‍റെ പ്രതിഫലനമാണ് കേരളത്തിലുടനീളമുള്ള എല്‍ഡിഎഫ് അനുകൂല ജനമുന്നേറ്റത്തില്‍ തെളിയുന്നത്. അതു തന്നെയാണു തിരഞ്ഞെടുപ്പ് സര്‍വേകളില്‍ പ്രതിഫലിച്ചത്. ആ യാഥാര്‍ഥ്യത്തിനു മുന്നില്‍ പിടിവിട്ടു പോയവരുടെ അവസാനത്തെ അടവാണ് അപവാദ പ്രചാരണം. പല ആയുധങ്ങളും അണിയറയില്‍ തയാറാകുന്നുണ്ട് എന്നാണ് മനസ്സിലാകുന്നത്. വ്യാജ സന്ദേശങ്ങള്‍, കൃത്രിമ രേഖകളുടെ പകര്‍പ്പുകള്‍, ശബ്ദാനുകരണത്തിലൂടെ സൃഷ്ടിക്കുന്ന സംഭാഷണങ്ങള്‍ ഇങ്ങനെ പലതും ഇപ്പോള്‍ തന്നെ പ്രചരിപ്പിക്കുന്നുണ്ട്. കേരളത്തിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ഇതൊന്നും മതിയാവില്ല എന്ന് ഇവര്‍ക്ക് എപ്പോഴാണ് മനസ്സിലാവുക?

സംഘ പരിവാറിന്‍റെ കൈപിടിച്ച്; കേന്ദ്ര ഏജന്‍സികളുടെ അകമ്പടിയോടെ; കേരളത്തിലെ എല്‍ഡിഎഫിനെ തകര്‍ക്കാന്‍ ഒരുമ്പെട്ടിറങ്ങിയ യുഡിഎഫിന് ഈ തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ കേരള രാഷ്ട്രീയത്തില്‍ വലിയ റോള്‍ തന്നെ ഇല്ലാതായി മാറും. എല്‍ഡിഎഫ് സര്‍ക്കാരിനെയും അതിന്‍റെ നേതൃത്വത്തിലുള്ളവരെയും നീചമായി സ്വഭാവഹത്യ ചെയ്യാന്‍ ശ്രമിക്കുന്ന അവിശുദ്ധ സഖ്യത്തിനു ജനങ്ങള്‍ ബാലറ്റിലൂടെ മറുപടി നല്‍കും എന്നതില്‍ ഒരു സംശയവും ഇല്ല. വികസനത്തിനുള്ളതാകും കേരളത്തിന്‍റെ ജനവിധി. വികസന വിരോധികളെ മൂലയ്ക്കിരുത്തും എന്ന് ജനങ്ങള്‍ ഇപ്പോഴേ തീരുമാനം എടുത്തിട്ടുണ്ട്.

pathram desk 1:
Related Post
Leave a Comment