അവലോകന യോഗത്തിൽ സിപിഐ നേതാക്കളും ഗണേഷും തമ്മിൽ വാക്ക് പോര്

പത്തനാപുരം : എൽഡിഎഫ് പത്തനാപുരം തിരഞ്ഞെടുപ്പ് മണ്ഡലം എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ കെ.ബി.ഗണേഷ്കുമാർ എംഎ‍ൽഎയും സിപിഐ നേതാക്കളും തമ്മിൽ പോർവിളി. തിരഞ്ഞെടുപ്പ് അവലോകനത്തിനായി തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിൽ ചേർന്ന യോഗത്തിലാണ് സംഭവം.

പ്രസംഗമധ്യേ, സിപിഐ നേതാക്കൾ കാലുവാരൽ നടത്തുന്നതായി പൊതുവേ ആക്ഷേപം ഉണ്ടെന്നും ഇതു മറികടക്കാൻ പത്രസമ്മേളനം വിളിച്ചു നേതാക്കൾ വ്യക്തത വരുത്തണമെന്നും കെ.ബി.ഗണേഷ്കുമാർ ആവശ്യപ്പെട്ടതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്.

സിപിഐ സംസ്ഥാന കൗൺസിൽ അംഗം എസ്.വേണുഗോപാൽ, മണ്ഡലം സെക്രട്ടറി എം.ജിയാസുദ്ദീൻ എന്നിവർ ഗണേഷ്കുമാറിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചു.

പിറപ്പുദോഷമുള്ളവരല്ലെന്നും ആക്ഷേപം തെളിയിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. ഗണേഷ്കുമാർ എൽഡിഎഫിൽ എത്തിയ ശേഷം കഴിഞ്ഞ 5 വർഷത്തിനിടെ ഒരാവശ്യത്തിനും എംഎൽഎയുടെ ഓഫിസിനു മുന്നിൽ പോയിട്ടില്ല.

സിപിഐയെക്കുറിച്ചു മനസ്സിലാക്കാൻ ആർ.ബാലകൃഷ്ണപിള്ളയോടു ചോദിക്കണമെന്നും ആവശ്യപ്പെട്ടാണ് നേതാക്കൾ വിമർശനം അവസാനിപ്പിച്ചത്. എംഎൽഎയ്ക്ക് എന്തെങ്കിലും ആക്ഷേപം ഉണ്ടായിരുന്നെങ്കിൽ നേതൃതല സ്റ്റിയറിങ് കമ്മിറ്റിയിൽ പറയണമായിരുന്നു.

തദ്ദേശ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ്(ബി)യുടെ നേതൃത്വത്തിലാണു സിപിഐ സ്ഥാനാർഥികൾക്കെതിരെ വിമതരെ മത്സരിപ്പിക്കുകയും വിമത പ്രവർത്തനം നടത്തുകയും ചെയ്തത്. ഇതു മറന്നിട്ടല്ല എൽഡിഎഫിനു വേണ്ടി പ്രവർത്തിക്കുന്നതെന്നും സിപിഐ നേതാക്കൾ പറഞ്ഞു. ഗണേഷ്കുമാറും സിപിഐ നേതാക്കളും വാക്ക്പോര് തുടർന്നപ്പോൾ സിപിഎം നേതാക്കൾ മൗനം പാലിച്ചു.

pathram desk 1:
Related Post
Leave a Comment