മുരളീധരന്‍ മത്സരിക്കേണ്ട; കോന്നിയില്‍ സുരേന്ദ്രന്‍

തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പില്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍ മത്സരിക്കേണ്ടെന്ന് ബിജെപി കേന്ദ്രനേതൃത്വത്തിന്റെ തീരുമാനം. പ്രചാരണത്തിന് നേതൃത്വം നല്‍കാനും മുരളീധരനോട് കേന്ദ്രനേതൃത്വം ആവശ്യപ്പെട്ടു. സംസ്ഥാനധ്യക്ഷൻ കെ. സുരേന്ദ്രന്‍ കോന്നിയില്‍ മത്സരിക്കും. വിജയ സാധ്യത കുറഞ്ഞതിനാല്‍ മഞ്ചേശ്വരത്ത് മത്സരിക്കേണ്ടതില്ലെന്നാണ് നിലവിലെ ധാരണ.

കഴക്കൂട്ടത്ത് വി. മുരളീധരന്റെ പേരാണ് ഏറ്റവും കൂടുതല്‍ കേട്ടത്. മാത്രവുമല്ല അദ്ദേഹത്തിന്റെ കഴിഞ്ഞ 5 വര്‍ഷമായുള്ള പ്രവര്‍ത്തന മണ്ഡലവും കഴക്കൂട്ടമായിരുന്നു. അതിനിടെയാണ് മുരളീധരൻ മത്സരിക്കേണ്ടെന്ന് കേന്ദ്രനേതൃത്വത്തിന്റെ തീരുമാനം പുറത്തു വരുന്നത്.

ബി.ജെ.പി.യുടെ പ്രാഥമിക സ്ഥാനാര്‍ഥിപ്പട്ടിക ഉടന്‍ പുറത്തിറങ്ങും. ഞായറാഴ്ച തിരുവനന്തപുരത്തെത്തുന്ന കേന്ദ്രമന്ത്രി അമിത് ഷായ്ക്ക് ആദ്യപട്ടിക കൈമാറും. ഷായുടെ അനുമതിയോടെ അന്നുതന്നെ സ്ഥാനാര്‍ഥികളെ തീരുമാനിക്കുമെന്നാണ് സൂചന.

എന്നാല്‍, കേന്ദ്ര പാര്‍ലമെന്ററി ബോര്‍ഡ് യോഗം ചേര്‍ന്നശേഷമേ ഔദ്യോഗികമായി പട്ടിക പുറത്തിറക്കുകയുള്ളൂ. എന്നാല്‍ സുരേന്ദ്രന്റെയും മുരളീധരന്റെയും കാര്യത്തില്‍ കേന്ദ്രനേതൃത്വമാണ് തീരുമാനമെടുക്കേണ്ടത്. അതില്‍ തീരുമാനമായിട്ടുണ്ട്.

സുരേന്ദ്രനുവേണ്ടി കോന്നിയില്‍ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതായാണ് വിവരം. ഇ. ശ്രീധരന്‍ തൃശ്ശൂരില്‍ മത്സരിക്കാനാണ് സാധ്യത. ഇവിടെ മുതിര്‍ന്ന സംസ്ഥാന നേതാവിന് സംഘടനാച്ചുമതല നല്‍കും. വെള്ളിയാഴ്ച കെ. സുരേന്ദ്രന്റെ വിജയയാത്രയ്ക്കിടെ കൊല്ലം കല്ലുവാതുക്കലില്‍ ബി.ജെ.പി. സംസ്ഥാന കോര്‍ കമ്മിറ്റി ചേര്‍ന്ന് സ്ഥാനാര്‍ഥിപ്പട്ടിക സംബന്ധിച്ച് ചര്‍ച്ചനടത്തിയിരുന്നു.

വിജയയാത്രയുടെ സ്വീകരണസമ്മേളനങ്ങള്‍ നിര്‍ത്തിവെച്ച് നടത്തിയ കോര്‍ കമ്മിറ്റി, സമയക്കുറവുമൂലം ചര്‍ച്ച പൂര്‍ത്തിയാക്കാതെയാണ് പിരിഞ്ഞത്. ശനിയാഴ്ച വീണ്ടും കോര്‍ കമ്മിറ്റി യോഗം ചേരുന്നുണ്ട്.

ബെംഗളൂരു ആസ്ഥാനമായുള്ള പി.ആര്‍. ഏജന്‍സിയുമായി തിരഞ്ഞെടുപ്പ് പ്രചരണരീതികള്‍ സംബന്ധിച്ച ചര്‍ച്ചയും കോര്‍ കമ്മിറ്റി യോഗത്തില്‍ നടന്നു. കുമ്മനം രാജശേഖരന്‍ നേമത്തും പി.കെ. കൃഷ്ണദാസ് കാട്ടാക്കടയിലും എം.ടി. രമേശ് കോഴിക്കോട് നോര്‍ത്തിലും മത്സരിക്കും. എ.എന്‍. രാധാകൃഷ്ണന്‍ (മണലൂര്‍), സി. കൃഷ്ണകുമാര്‍ (മലമ്പുഴ), വി.വി. രാജേഷ് (വട്ടിയൂര്‍ക്കാവ്) എന്നിങ്ങനെയാണ് സാധ്യത. അഞ്ചു സീറ്റിലേറെയുള്ള ജില്ലകളില്‍ ഒരു സീറ്റ് വനിതകള്‍ക്ക് നീക്കിവെക്കണമെന്ന് ധാരണയായിട്ടുണ്ട്.

pathram:
Related Post
Leave a Comment