സർക്കാർ ചെയ്യാവുന്നത് എല്ലാം ചെയ്തു കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി

പൊലീസ് റാങ്ക് ലിസ്റ്റിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് വേണ്ടി സർക്കാർ ചെയ്യാവുന്നത് എല്ലാം ചെയ്തു കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വഴിവിട്ട രീതി വരെ സ്വീകരിച്ച്, വരാനുള്ള ഒഴിവുകൾ കൂടി കണക്കാക്കി റിപ്പോർട്ട് ചെയ്താണ് അവർക്ക് നിയമനം നൽകിയത്. നിയമം നോക്കിയാൽ ശരിയില്ലായ്മ അതിൽ ഉണ്ട് എന്നിട്ടും ശവമഞ്ചം എടുത്തും, ഉരുണ്ടും വരെ സമരം നടത്തുകയാണ് ചെയ്തതെന്നും പിണറായി കുറ്റപ്പെടുത്തി. ഡിവൈഎഫ്ഐയുടെ രാഷ്ടീയ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇതിനെല്ലാം മാധ്യമങ്ങളുടെ പിന്തുണയും ഉണ്ടായിരുന്നു. ഒന്നും പറയാനില്ല. എല്ലാം നാട് മനസിലാക്കുന്നുണ്ട്. നുണകൾ എഴുതി കേരളീയരെ പറ്റിച്ചു കളയാമെന്നു ധരിക്കേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആഴക്കടൽ മത്സ്യ ബന്ധന വിവാദത്തിൽ ഗൂഡാലോചനയുണ്ട്. ധാരണാ പത്രം അട്ടിമറി ലക്ഷ്യത്തോടെ നടന്ന ആലോചനകളുടെ ഭാഗമാണ്. ജലസേചന സെക്രട്ടറി അറിയാതെ എവിടെയോ നടന്ന ആലോചന. പ്രതിപക്ഷ നേതാവിന് മുഴുവൻ വിവരം കിട്ടി. എന്തും ചെയ്യാൻ മടിയില്ലാത്ത ചില ദുഷ്ട ആത്മാക്കൾ നമ്മുടെ നാട്ടിൽ ഉണ്ട്. ഇതൊന്നും ഇവിടെ ചെലവാകില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

തൊഴിലില്ലായ്മ ഏറ്റവും കുറഞ്ഞ സംസ്ഥാനം ആണ് കേരളം. കിഫ്ബിയിലൂടെ നാടിന്റെ നന്മ കാംക്ഷിച്ചു. 63,000 കോടിയുടെ അടിസ്ഥാന വികസന പദ്ധതികൾ യാഥാർഥ്യമായി. എന്തൊക്കെ ഭള്ള് ആണ് കേൾക്കേണ്ടി വന്നത്. ഒരുതരം സാഡിസ്റ്റ് മനോഭാവമായിരുന്നു പ്രതിപക്ഷം കാണിച്ചതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

pathram desk 2:
Related Post
Leave a Comment