കേരളത്തില്‍ നിന്നുള്ളവര്‍ക്ക് ഡല്‍ഹിയില്‍ പ്രവേശിക്കാന്‍ കോവിഡില്ലാ സര്‍ട്ടിഫിക്കറ്റ് ഏര്‍പ്പെടുത്തുന്നു

ന്യൂഡല്‍ഹി: കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഡല്‍ഹിയില്‍ പ്രവേശിക്കാന്‍ കോവിഡില്ലാ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്നു. വെള്ളിയാഴ്ച രാത്രി മുതല്‍ ഈ നിബന്ധന നിലവില്‍വരുമെന്നാണ് റിപ്പോര്‍ട്ട്.

രാജ്യത്തെ ചിലയിടങ്ങളില്‍ കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ഡല്‍ഹി കടുത്ത നിയന്ത്രണങ്ങളിലേക്ക് കടക്കുന്നത്. കേരളത്തിന് പുറമെ മഹാരാഷ്ട്ര, ചത്തീസ്ഗഡ്, മധ്യപ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കും ഡല്‍ഹിയില്‍ പ്രവേശിക്കുന്നതിന് ആര്‍.ടി.-പി.സി.ആര്‍ ടെസ്റ്റിലെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കാണിക്കേണ്ടിവരും. ബസ്, ട്രയിന്‍, വിമാന യാത്രികര്‍ക്കെല്ലാം കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ബാധകമാക്കും. ഇതു സംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറക്കുമെന്നാണ് വിവരം. മാര്‍ച്ച് 15 വരെ ഈ നിയന്ത്രണം തുടരും.

ഇന്ത്യയില്‍ നിലവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കോവിഡ് കേസുകളില്‍ അധികവും മഹാരാഷ്ട്രയിലും കേരളത്തിലുമാണ്. ഈ സാഹചര്യത്തില്‍ പൂനെ അടക്കമുള്ള നഗരങ്ങളില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. മഹാരാഷ്ട്രയും മണിപ്പൂരും കേരളത്തില്‍ നിന്നുള്ള യാത്രികര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുകയും ചെയ്തു. മേഘാലയ, അസം, മിസോറാം, ഒഡീഷ എന്നീ സംസ്ഥാനങ്ങളും കോവിഡ് നിയന്ത്രണങ്ങളിലേക്ക് കടന്നുകഴിഞ്ഞു.

pathram desk 2:
Leave a Comment