മെയ് 15 മുതല്‍ സന്ദേശങ്ങള്‍ അയക്കാന്‍ സാധിക്കില്ല; അക്കൗണ്ട് ഡിലീറ്റ് ആകും

മെയ് 15 മുതല്‍ വാട്‌സാപ്പ് പുതിയതായി അവതരിപ്പിച്ച സേവന-നയ വ്യവസ്ഥകള്‍ അംഗീകരിക്കാത്തവര്‍ക്ക് വാട്‌സാപ്പില്‍ സന്ദേശങ്ങള്‍ ലഭിക്കുകയോ സന്ദേശങ്ങള്‍ അയക്കാന്‍ സാധിക്കുകയോ ഇല്ല. അവരുടെ അക്കൗണ്ടുകള്‍ നിര്‍ജീവം (Inactive) എന്ന പട്ടികയില്‍ ഉള്‍പ്പെടുത്തി മാറ്റിനിര്‍ത്തും.

നയവ്യവസ്ഥകള്‍ അംഗീകരിച്ചാല്‍ സേവനങ്ങള്‍ തുടര്‍ന്ന് ഉപയോഗിക്കാം. എന്നാല്‍, ഉപയോക്താവ് അതിന് തയ്യാറാവാതെ അക്കൗണ്ട് 120 ദിവസം നിര്‍ജീവമായിക്കിടന്നാല്‍ ആ അക്കൗണ്ട് ഡിലീറ്റ് ചെയ്യപ്പെടും. പോളിസി അംഗീകരിക്കാത്ത അക്കൗണ്ടുകളില്‍ സന്ദേശങ്ങള്‍ അയക്കുന്നതിനാണ് വിലക്കേര്‍പ്പെടുത്തിയാലും കുറച്ച് ആഴ്ചക്കാലത്തേക്ക് വീഡിയോ വോയ്‌സ് കോള്‍ സേവനം ലഭ്യമാവും.

ജനുവരിയിലാണ് വാട്‌സാപ്പ് പുതിയ പോളിസി അപ്‌ഡേറ്റ് പ്രഖ്യാപിച്ചത്. ഫെയ്‌സ്ബുക്കിന്റെ മറ്റ് സേവനങ്ങളുമായി വിവരങ്ങള്‍ കൈമാറുന്നതുള്‍പ്പടെയുള്ള വ്യവസ്ഥകള്‍ അംഗീകരിക്കാന്‍ തയ്യാറായില്ലെങ്കില്‍ അക്കൗണ്ട് നീക്കം ചെയ്യപ്പെടില്ലെന്നും വാട്‌സാപ്പില്‍ നിന്ന് പുറത്ത് പോവാമെന്നും നിഷ്‌കര്‍ഷിക്കുന്ന നിയമം ആഗോളതലത്തില്‍ വലിയ കോലാഹലമുണ്ടാക്കിയിരുന്നു.

എന്നാല്‍, ഉപയോക്താക്കള്‍ തെറ്റിദ്ധരിക്കപ്പെടുകയാണുണ്ടായതെന്നും വാണിജ്യ സ്ഥാപനങ്ങള്‍ക്ക് പേമെന്റ് സേവനം ലഭ്യമാക്കുന്നതിന് ലക്ഷ്യമിട്ടാണ് സേവനനയം പരിഷ്‌കരിച്ചത് എന്നും വാട്‌സാപ്പിന്റെ മാതൃസ്ഥാപനമായ ഫെയ്‌സ്ബുക്ക് പറയുന്നു.

ആഗോള തലത്തില്‍ പ്രതിഷേധം കനത്തതോടെയാണ് പോളിസി നടപ്പിലാക്കുന്നത് ഫെബ്രുവരിയില്‍നിന്നു മേയ് മാസത്തിലേക്ക് നീട്ടിവെച്ചത്. അതിനിടെ എതിരാളികളായ ടെലഗ്രാം, സിഗ്നല്‍ പോലുള്ള സേവനങ്ങള്‍ ആളുകള്‍ പരീക്ഷിക്കാന്‍ തുടങ്ങിയതും വാട്‌സാപ്പിന് വെല്ലുവിളി സൃഷ്ടിച്ചു.

pathram:
Related Post
Leave a Comment