പെട്രോളിയം ഉത്പന്നങ്ങളെ ജിഎസ്ടി പരിധയില്‍ ഉള്‍പ്പടുത്തേണ്ടത് ജിഎസ്ടി കൗണ്‍സില്‍ ആണെന്ന് മന്ത്രി

ന്യൂഡൽഹി: പെട്രോളിയം ഉത്പന്നങ്ങളെ ജിഎസ്ടി പരിധയില്‍ ഉള്‍പ്പടുത്താന്‍ ജിഎസ്ടി കൗണ്‍സിലിനോട് കേന്ദ്രസര്‍ക്കാര്‍ നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് കേന്ദ്ര പെട്രോളിയം വകുപ്പ് മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. എന്നാല്‍ ആവശ്യം പരിഗണിക്കണോ എന്നുള്ളത് കൗണ്‍സിലിന്റെ തീരുമാനമാണെന്നും അദ്ദേഹം പ്രതികരിച്ചു.

അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണയുടെ വില വര്‍ധിച്ചതാണ് പൊതുവിപണിയില്‍ ഇന്ധന വില വര്‍ധിക്കാന്‍ കാരണം. ഇത് മെല്ലെ കുറയും. കോവിഡ് മൂലം പെട്രോളിയം ഉത്പന്നങ്ങളുടെ ആഗോള വിതരണം തടസപ്പെട്ടു, ഉത്പാദനത്തേയും ബാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ഇന്ധനവില വര്‍ധനവ് സംബന്ധിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് അയച്ച കത്തിനെക്കുറിച്ചും കേന്ദ്രമന്ത്രി പ്രതികരിച്ചു. രാജസ്ഥാനും മഹാരാഷ്ട്രയുമാണ് ഏറ്റവും കൂടുതല്‍ നികുതി ഈടാക്കുന്നതെന്ന് സോണിയ ജി മനസ്സിലാക്കണം. ലോക്ക്ഡൗണ്‍ കാലത്ത് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രത്തിനും വളരെ കുറച്ച് വരുമാനം മാത്രമേ ഉണ്ടായിരുന്നുള്ളൂ. രാജ്യത്ത് തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനായി വിവിധ മേഖലകള്‍ക്ക് ഞങ്ങള്‍ ബജറ്റിലെ നിന്ന് വലിയ ഭാഗങ്ങള്‍ അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്ത് ഇന്ധനവില ദിനംപ്രതി വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ഇന്ധനവില ജി.എസ്.ടി. പരിധിയില്‍ കൊണ്ടുവരാന്‍ തയ്യാറാണെന്ന് കഴിഞ്ഞദിവസം ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പ്രതികരിച്ചിരുന്നു. ജി.എസ്.ടി. പരിധിയില്‍ വന്നാല്‍ രാജ്യമാകെ ഒറ്റ വിലയാകുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. കേന്ദ്രവും സംസ്ഥാനങ്ങളും വെവ്വേറെ നികുതി പിരിക്കുന്നത് ഒഴിവാക്കാം. ഇതിന് സംസ്ഥാനങ്ങള്‍ക്കിടയില്‍ സമവായം വേണം. നിയമഭേദഗതി ആവശ്യമില്ലെന്നും ധനമന്ത്രി പറഞ്ഞു.

pathram:
Leave a Comment