മന്ത്രിതല ചർച്ച വേണമെന്നില്ല; ഉദ്യോ​ഗാർത്ഥികൾ ഇന്നു മുതൽ ഉപവാസ സമരത്തിലേക്ക്

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ പി.എസ്.സി ഉദ്യോഗാര്‍ഥികള്‍ നടത്തുന്ന സമരം 24-ാം ദിവസത്തിലേക്ക് കടന്നു. ഇന്ന് മുതല്‍ ഉപവാസ സമരമിരിക്കാനാണ് ഉദ്യോഗാര്‍ഥികളുടെ തീരുമാനം.

അതേസമയം പ്രശ്‌ന പരിഹാരത്തിന് മന്ത്രിതല ചര്‍ച്ച വേണമെന്ന് നിര്‍ബന്ധമില്ലെന്ന് ഉദ്യോഗാര്‍ഥികളുടെ പ്രതിനിധികള്‍ പ്രതികരിച്ചു. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഇതുവരെ ഔദ്യോഗിക ചര്‍ച്ചകള്‍ക്ക് ക്ഷണം ലഭിച്ചിട്ടില്ല, തങ്ങളുടെ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ സാധിക്കുന്ന ആരു വന്നാലും ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും സമരക്കാര്‍ വ്യക്തമാക്കി. പ്രശ്‌ന പരിഹാരത്തിന് മന്ത്രിതല ചര്‍ച്ച വേണമെന്നായിരുന്നു ഉദ്യോഗാര്‍ഥികളുടെ പ്രതിനിധികള്‍ ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്.

തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന്റെ മുന്നില്‍ കെ.എസ്.ആര്‍.ടി.സി മെക്കാനിക്കല്‍ റാങ്ക് ലിസ്റ്റിലുള്‍പ്പെട്ട ഉദ്യോഗാര്‍ഥികളും ഇന്ന് സമരം ആരംഭിച്ചിട്ടുണ്ട്. വിവിധ വകുപ്പുകളിലേക്ക് പരീക്ഷ എഴുതി റാങ്ക് ലിസ്റ്റിലുള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ സൗത്ത് ഗേറ്റ് മുതല്‍ നോര്‍ത്ത് ഗേറ്റ് വരെ സമരം നടത്തുകയാണ്. അവര്‍ക്ക് പിന്തുണ അര്‍പ്പിച്ചുകൊണ്ട് പ്രതിപക്ഷ പാര്‍ട്ടികളും യുവജന സംഘടനകളും പ്രതിഷേധ സമരം സംഘടിപ്പിക്കുന്നുണ്ട്. കെ.എസ്.യുവിന്റേയും യൂത്ത് കോണ്‍ഗ്രസിന്റേയും പ്രതിഷേധ മാര്‍ച്ചും ഇന്ന് നടക്കും.

pathram desk 2:
Related Post
Leave a Comment