കണ്ണുതുറക്കുമോ സർക്കാർ..? സംസ്ഥാന വ്യാപകമായി പിഎസ് സി ഉദ്യോ​ഗാർഥികളുടെ യാചനാ സമരം; മുട്ടിലിഴഞ്ഞ് പ്രതിഷേധം

തിരുവനന്തപുരം: പി.എസ്.സി റാങ്ക് ലിസ്റ്റുകള്‍പ്പെട്ടവര്‍ക്കെതിരെയുള്ള സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി ഉദ്യോഗാര്‍ഥികളുടെ വ്യാപക പ്രതിഷേധം. കണ്ണൂരും കോഴിക്കോടും തിരുവനന്തപുരത്തും ഉദ്യോഗാർഥികൾ യാചനാ സമരം നടത്തി.

തിരുവനന്തപുരത്ത് ലാസ്റ്റ് ഗ്രേഡ് ലിസ്റ്റിലുള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ യാചനാസമരവും മുട്ടിലിഴഞ്ഞു പ്രതിഷേധവും നടത്തി. സെക്രട്ടേറിയറ്റിന് സമീപം ഉദ്യോഗാര്‍ഥികള്‍ റോഡിലൂടെ പൊരിവെയിലത്ത് മുട്ടിലിഴഞ്ഞാണ് പ്രതിഷേധിച്ചത്. സമരത്തിനിടെ പലരും കുഴഞ്ഞുവീണു. വൈകാരിക നിമിഷങ്ങള്‍ക്കാണ് തലസ്ഥാനം സാക്ഷ്യം വഹിച്ചത്. സെക്രട്ടേറിയറ്റ് സൗത്ത് ഗേറ്റില്‍ നിന്ന് സമരപന്തലിലേക്കായിരുന്നു മുട്ടിലിഴയല്‍ പ്രതിഷേധം.

സര്‍ക്കാര്‍ ഉദ്യോഗാര്‍ഥികളോട് കാണിക്കുന്നത് നിഷേധാത്മക നിലപാടാണെന്ന് ഉദ്യോഗാര്‍ഥികള്‍ പ്രതികരിച്ചു. ഏറ്റവും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് പ്രകടന പത്രികയില്‍ ഉറപ്പ് നല്‍കിയ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നാണ് ഇത്തരം അനീതി നേരിടേണ്ടി വരുന്നത്. കോടതി ഉത്തരവ് ഉണ്ടായിരുന്നിട്ടുപോലും സര്‍ക്കാര്‍ ഉദ്യോഗാര്‍ഥികളുടെ ആവശ്യങ്ങള്‍ പരിഗണിക്കാന്‍ തയ്യാറാവുന്നില്ലെന്ന് ഉദ്യോഗാര്‍ഥികള്‍ പ്രതികരിക്കുന്നു.

‘അര്‍ഹതപ്പെട്ട ജോലിക്ക് വേണ്ടിയാണ് ഈ കഷ്ടപ്പാട്, ജോലിക്ക് വേണ്ടി മരണം വരെ പോരാടാന്‍ തയ്യാറാണ്. കൂടിനില്‍ക്കുന്ന ആയിരക്കണക്കിന് യുവാക്കളുണ്ട്, ഇവരുടെ കുടുംബങ്ങളും ജോലിക്ക് വേണ്ടി കാത്തിരിക്കുകയാണ്. എന്നിട്ടും സര്‍ക്കാര്‍ കണ്ണുതുറക്കുന്നില്ല. പഠിച്ച് റാങ്ക് ലിസ്റ്റില്‍ വന്നവരാണ് ഞങ്ങള്‍. ഞങ്ങളോടെന്തിനാണ് സര്‍ക്കാര്‍ ഇങ്ങനെ പിടിവാശി കാണിക്കുന്നത്. ഞങ്ങളില്‍ പലരും പി.എസ്.സി പരീക്ഷ എഴുതാനുള്ള പ്രായപരിധി കഴിഞ്ഞവരാണ്. ഞങ്ങളുടെ അവസാന പ്രതീക്ഷയാണിത്. സര്‍ക്കാരിന്റെ അനുകൂല തീരുമാനം ഉണ്ടാവുന്നതു വരെ ഞങ്ങള്‍ പോരാടും. ഗതികെട്ട് അലയുകയാണ് ഇപ്പോള്‍.’ ഉദ്യോഗാര്‍ഥികളിലൊരാള്‍ പ്രതികരിച്ചു.

പി.എസ്.സി റാങ്ക് ലിസ്റ്റിലുള്‍പ്പെട്ടവര്‍ക്ക് നിയമനം നല്‍കുക, താല്‍ക്കാലിക നിയമനക്കാരെ സ്ഥിരപ്പെടുത്തുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഉദ്യോഗാര്‍ഥികള്‍ നടത്തുന്ന സമരം ഇന്ന്. 21-ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.

ഓള്‍ കേരള ഹയര്‍ സെക്കണ്ടറി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റ് മാര്‍ച്ചും നാഷണല്‍ ഗെയിംസ് മെഡല്‍ ജേതാക്കള്‍ക്ക് ജോലി നല്‍കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ധര്‍ണയും ഇന്ന് സെക്രട്ടേറിയറ്റിന് മുന്നില്‍ നടന്നു.

കണ്ണൂരിലും ലാസ്റ്റ് ഗ്രേഡ് റാങ്ക് ഹോള്‍ഡേഴ്‌സ് നടത്തുന്ന അനിശ്ചിതകാല സമരം തുടരുകയാണ്. ഉദ്യോഗാര്‍ഥികള്‍ ഇന്ന് നിരാഹാര സമരമാണ് നടത്തുന്നത്. കോഴിക്കോടും ഉദ്യോഗാര്‍ഥികള്‍ പ്രതിഷേധസമരം സംഘടിപ്പിച്ചു.

pathram desk 2:
Leave a Comment