ശശികല തിരുമ്പി വന്താച്ച്; ആകാംഷയില്‍ തമിഴ് രാഷ്ട്രീയം

കൃഷ്ണഗിരി: എഐഎഡിഎംകെയില്‍ നിന്ന് പുറത്താക്കപ്പെട്ട മുന്‍ ജനറല്‍ സെക്രട്ടറി വി.കെ. ശശികല നാലു വര്‍ഷത്തിനുശേഷം തമിഴ്‌നാട്ടില്‍ തിരിച്ചെത്തി. അണ്ണാഡിഎംകെയുടെ നിയന്ത്രണം ശശികലയുടെ കൈയിലാകുമോയെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്.

ചിന്നമ്മ എന്ന് വിളിപ്പേരുള്ള ശശികല നാടകീയ രംഗങ്ങള്‍ക്കൊടുവിലാണ് തമിഴ്‌നാട്ടില്‍ വീണ്ടും കാലുകുത്തിയത്. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ നാലുവര്‍ഷത്തെ തടവ് ശിക്ഷയ്ക്കുശേഷം ജയില്‍ മോചിതയായ ശശികല ഇന്നു രാവിലെ പത്തോടെ കര്‍ണാടക അതിര്‍ത്തിയോടു ചേര്‍ന്ന കൃഷ്ണഗിരി ജില്ലയിലെ അത്തിപ്പള്ളി വഴിയാണ് തമിഴ്‌നാട്ടില്‍ എത്തിച്ചേര്‍ന്നത്.

കൃഷ്ണഗിരിയില്‍ ശശികലയ്ക്ക് അണികള്‍ വന്‍ സ്വീകരണം നല്‍കി. ആഹ്ലാദ പ്രകടനം നടത്തിയും വാദ്യമേളങ്ങള്‍കൊട്ടിയും നൃത്തച്ചുവടുകള്‍വച്ചും പൂക്കള്‍ വിതറിയും ശശികലയെ അവര്‍ വരവേറ്റു. അണ്ണാഡിഎംകെയുടെയും അമ്മ മക്കള്‍ മുന്നേറ്റ കഴകത്തിന്റെയും പതാകകള്‍ അവരില്‍ പലരും കൈയിലേന്തിയിരുന്നു. റോഡിന് ഇരുവശത്തുമായി നൂറു കണക്കിന് പേരാണ് ശശികലയെ കാണാന്‍ തടിച്ചുകൂടിയിരുന്നത്.

ബംഗളൂരുവിനു സമീപമുള്ള റിസോര്‍ട്ടില്‍ നിന്ന് അനന്തരവനും അമ്മ മക്കള്‍ മുന്നേറ്റ കഴകം ജനറല്‍ സെക്രട്ടറിയുമായ ടി.ടി.വി. ദിനകരന് അടക്കമുള്ളവര്‍ക്കൊപ്പം രാവിലെയാണ് ശശികല സ്വന്തം സംസ്ഥാനത്തേക്കുള്ള യാത്ര ആരംഭിച്ചത്. അണ്ണാഡിഎംകെയുടെ കൊടി ശശികലയുടെ കാറില്‍ നിന്ന് അഴിച്ചുമാറ്റണമെന്ന് ഒരു വിഭാഗം പ്രവര്‍ത്തകരും പൊലീസുകാരും യാത്രയുടെ തുടക്കത്തില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കൊടിമാറ്റാന്‍ ശശികല വിസമ്മതിച്ചു. തുടര്‍ന്ന് ശശികലയുടെ കാറില്‍ നിന്ന് പൊലീസ് കൊടി എടുത്തുമാറ്റി. പിന്നീട് മറ്റൊരു കാറില്‍ ശശികല യാത്ര തുടര്‍ന്നു.

കൃഷ്ണഗിരിക്ക് സമീപംവച്ച് ശശികലയുടെ സ്വീകരണ റാലിക്കെത്തിയ രണ്ട് കാറുകള്‍ക്ക് തീപിടിച്ചതും പരിഭ്രാന്തിപരത്തി. റാലിക്കിടെ പടക്കംപൊട്ടിച്ചതാണ് അപകടത്തിന് ഇടയാക്കിയതെന്ന് പറയപ്പെടുന്നു. എന്നാല്‍ സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല.

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മോചിതയാകുന്നതിന് തൊട്ടു മുന്‍പ് ശശികലയ്ക്ക് കോവിഡ് ബാധിച്ചിരുന്നു. അതിനാല്‍ ബംഗളൂരുവിന്റെ പ്രാന്തപ്രദേശത്തെ ഒരു റിസോര്‍ട്ടില്‍ തങ്ങി കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ത്തിയാക്കിശേഷമായിരുന്നു ശശികലയുടെ മടക്കയാത്ര. ശശികലയുടെ പുനപ്രവേശം തമിഴ് ദ്രാവിഡ രാഷ്ട്രീയത്തില്‍ മാറ്റങ്ങള്‍ക്ക് വഴിതെളിക്കുമെന്ന് കണക്കുകൂട്ടപ്പെടുന്നു.

pathram desk 2:
Related Post
Leave a Comment