ബഹ്‌റിനിലേക്കും ലങ്കയിലേക്കും വാക്‌സിനുമായി വിമാനം പുറപ്പെട്ടു

മുംബൈ: ലോകരാജ്യങ്ങള്‍ക്ക് കോവിഡ് പ്രതിരോധ വാക്‌സിന്‍ കൈമാറുന്ന പദ്ധതി സജീവമാക്കി ഇന്ത്യ. വാക്സിന്‍ മൈത്രി ഇനിഷ്യേറ്റീവ് എന്ന പേരിലെ അടിയന്തര സഹായ പദ്ധതിക്ക് കീഴില്‍ ബഹ്‌റിനിലേക്കും ശ്രീലങ്കയിലേക്കും പ്രതിരോധ മരുന്നുമായി എയര്‍ ഇന്ത്യാ വിമാനം പുലര്‍ച്ചെ പറന്നുയര്‍ന്നു.

അയല്‍രാജ്യങ്ങള്‍ക്ക് പ്രഥമ പരിഗണന നല്‍കുന്ന പദ്ധതി പ്രകാരം ശ്രീലങ്കയ്ക്ക് സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവിഷീല്‍ഡ് വാക്‌സിന്റെ അര ലക്ഷം ഡോസാണ് ആദ്യ ഘട്ടത്തില്‍ കൈമാറുക. പതിനായിരം ഡോസ് ബഹ്‌റിനും നല്‍കും.

റെഗുലേറ്ററി അനുമതിക്കായുള്ള കാത്തിരിപ്പാണ് ലങ്കയിലേക്കും ബഹ്‌റിനിലേക്കുമുള്ള വാക്‌സിന്‍ കയറ്റുമതി വൈകിപ്പിച്ചത്. ബംഗ്ലാദേശ്, നേപ്പാള്‍, മാലെദ്വീപ്, ഭൂട്ടാന്‍, മ്യാന്‍മര്‍ തുടങ്ങിയവ അടക്കമുള്ള രാജ്യങ്ങള്‍ക്ക് ഇന്ത്യ നേരത്തെ തന്നെ വാക്‌സിന്‍ കൈമാറിയിരുന്നു.

ഇതിനു പുറമെ യൂറോപ്യന്‍ രാജ്യങ്ങളും ഇന്ത്യയോട് വാക്‌സിന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ദക്ഷിണാഫ്രിക്കയെയും ബ്രസീലിനെയും പോലുള്ള രാജ്യങ്ങളും ഇന്ത്യന്‍ വാക്‌സിനില്‍ വിശ്വാസം അര്‍പ്പിച്ചുകഴിഞ്ഞു.

pathram desk 2:
Related Post
Leave a Comment