കോവിഡ് ബാധിച്ച പ്രവാസിയെ കേരളത്തിലെത്തിച്ചു; രോഗിയെ വിദേശത്ത് നിന്ന് ഇന്ത്യയിലെത്തിക്കുന്നത് ആദ്യം

ദുബായ് : യുഎഇയിൽ നിന്ന് ആദ്യമായി കോവിഡ് ബാധിച്ച മലയാളിയെ കേരളത്തിലേയ്ക്ക് കൊണ്ടുപോയി. ഗുരുതര ആരോഗ്യ പ്രശ്നങ്ങളുള്ള അബ്ദുൽ ജബ്ബാർ ചെട്ട്യനെയാണ് തുടർ ചികിത്സയ്ക്കായി സാമൂഹിക പ്രവർത്തകരുടെ സഹായത്തോടെ വിമാന മാർഗം കോഴിക്കോട്ടേയ്ക്ക് കൊണ്ടുപോയത്. ഇതാദ്യമാണ് കോവിഡ് രോഗിയെ വിദേശത്ത് നിന്ന് ഇന്ത്യയിലേയ്ക്ക് കൊണ്ടുപോകുന്നത്.

യുഎഇ, ഇന്ത്യൻ സർക്കാരുകൾ, മലപ്പുറം, കോഴിക്കോട് കളക്ടറേറ്റുകൾ, കോഴിക്കോട് എയർപോർട്ട് പബ്ലിക് ഹെൽത്ത് ഒാഫീസർ തുടങ്ങിയവരിൽ നിന്ന് അനുമതി വാങ്ങി, കോവി‍ഡ് സുരക്ഷാ മാനദണ്ഡ‍ങ്ങൾ പൂർണമായും പാലിച്ചായിരുന്നു നടപടി. അജ്മാൻ കേന്ദ്രീകരിച്ച് വ്യാപാരം നടത്തിയിരുന്ന അബ്ദുൽ ജബ്ബാറിന് ഇൗ മാസം ആറിനായിരുന്നു കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് ആരോഗ്യ സ്ഥിതി വഷളായതിനാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ന്യൂമോണിയയും മറ്റു അസുഖങ്ങളും കലശലായതോടെ പ്രശ്നം ഗുരുതരമാവുകയും നാട്ടിലേയ്ക്ക് കൊണ്ടുപോകാൻ ബന്ധുക്കൾ തീരുമാനിക്കുകയുമായിരുന്നു. ഇന്ത്യയിലും യുഎഇയിലും സേവനം നടത്തുന്ന യൂണിവേഴ്സൽ മെഡിക്കൽ ട്രാൻസ്ഫർ സർവീസസിന്റെ എയർ ആംബുലൻസ് കമ്പനിയാണ് യാത്രയ്ക്ക് സഹായമൊരുക്കിയത്.

ഇന്നലെ വൈകിട്ട് അഞ്ചരയോടെ വിമാനം കോഴിക്കോട് രാജ്യാന്തര വിമാനത്താവളത്തിലിറങ്ങി. കോഴിക്കോട്ടെ ആസ്റ്റർ മിംസ് ആശുപത്രിയിലാണ് തുടർ ചികിത്സ.

pathram desk 1:
Leave a Comment