കുട്ടികളോട് ദേഷ്യപ്പെടുന്നവരാണോ നിങ്ങള്‍‍? അറിയണം ഈ പഠനം

കുട്ടിയെ കണക്കു പഠിപ്പിക്കാൻ കൂട്ടിരുന്നതാണ് അമ്മ. എത്ര പറഞ്ഞുകൊടുത്തിട്ടും കണക്കിലെ സമവാക്യം കുഞ്ഞിന്റെ തലയിൽ കയറുന്നില്ല. മൂന്നു നാലു തവണ ആയപ്പോഴേക്കും അമ്മയ്ക്കു ദേഷ്യം വന്നു. കൊടുത്തു കുഞ്ഞിത്തുടയിൽ ഒരു നുള്ള്. കുട്ടി ആർത്തലച്ച് കരയാൻ തുടങ്ങി. അതോടെ കോപാവേശിതയായി അമ്മ അലറി– തിരുമണ്ടി..കാറാതെ എഴുന്നേറ്റു പോകുന്നുണ്ടോ? കരഞ്ഞുകൊണ്ടിരുന്ന കുഞ്ഞ് തിരിച്ചലറി– നീയാ മണ്ടി..നീ ഇനി എന്നെ പഠിപ്പിക്കേണ്ട… ഇതൊക്കെ കാണുമ്പോൾ വീട്ടിലെ മുതിർന്നവർ പറയും. നീ കുട്ടിയോട് ചാടിക്കടിക്കല്ലേ…അതിനോട് ഇത്തിരി സമാധാനമായി സംസാരിക്കൂ… എന്ന്.

ഇതിൽ അൽപം സത്യമുണ്ടെന്നാണ് ശാസ്ത്രം പറയുന്നത്. മാതാപിതാക്കളുടെ വൈകാരികാവസ്ഥ കുട്ടികളുടെ വൈകാരികമായ ആരോഗ്യത്തെ ബാധിക്കുമെന്ന് പുതിയ പഠനം പറയുന്നു. കാലിഫോർണിയ യൂണിവേഴ്സിറ്റിയിലെ മനശ്ശാസ്ത്ര വിഭാഗം ഗവേഷകരാണ് പഠനം നടത്തിയത്. ഇതിനായി മാതാപിതാക്കളെയും കുട്ടികളെയും കൂട്ടി ഒരു പസിൽ പൂർത്തിയാക്കാൻ ഏൽപിച്ചു. അവസാന അഞ്ചു മിനിറ്റിൽ മാത്രം മാതാപിതാക്കൾക്ക് കുട്ടിയെ സഹായിക്കാം എന്നായിരുന്നു നിർദേശം. ശാന്തതയോടെ അതു ചെയ്യാൻ ശ്രമിച്ച മാതാപിതാക്കൾക്ക് തങ്ങളുടെ കുട്ടിയെ പിരിമുറുക്കമില്ലാതെ സ്വയം നിയന്ത്രിക്കാൻ പരിശീലിപ്പിക്കാനായി. ഇസിജി മോണിറ്ററിങ് വഴി രണ്ടുകൂട്ടരുടേയും വൈകാരിക അവസ്ഥ സൂക്‌ഷ്മമായി അപഗ്രഥിച്ചപ്പോൾ മാതാപിതാക്കളുടെ വൈകാരിക വിക്ഷോഭങ്ങൾ അബോധമായി കുട്ടികളിലേക്കും പടരുന്നതായി കണ്ടെത്തി. കോ–റെഗുലേഷൻ എന്നാണ് ഈ അവസ്ഥയെ ഗവേഷകർ വിശേഷിപ്പിക്കുന്നത്. മാതാപിതാക്കളുടെ നാഡീസംവിധാനത്തിന്റെ പ്രവർത്തനം കുട്ടികളുടെ നാഡീവ്യവസ്ഥയുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്നു കൂടുതൽ മനസ്സിലാക്കാൻ ഈ പഠനം സഹായിക്കുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ.

കുട്ടിക്കാലം മുതലേ എങ്ങനെയാണ് കുട്ടികളോട് മാതാപിതാക്കൾ പ്രതികരിക്കുന്നത് എന്നത് പ്രധാനമാണെന്നു ഗവേഷകർ പറയുന്നു. വിഷമിച്ചോ സങ്കടപ്പെട്ടോ ഇരിക്കുന്ന കുട്ടിയോട്, ‘മതി കരഞ്ഞത്, വേറെ പണിയൊന്നുമില്ലേ? നാണമില്ലേ നിനക്ക് കരയാൻ’ എന്നൊക്കെ പറയുന്നതാണ് നമ്മുടെ സ്വാഭാവിക പ്രതികരണം. ഇത് കുട്ടിയെ കൂടുതൽ വിഷമിപ്പിക്കുകയേ ഉള്ളൂ. കരഞ്ഞുകൂവി ഇരിക്കുന്ന കുട്ടിയോട് ‘മിണ്ടാതെ മുറിയിൽ കേറിപ്പോകുന്നുണ്ടോ’ എന്നലറിയാൽ അതേ മട്ടിലാകും കുട്ടി തിരിച്ചു പ്രതികരിക്കുക. ഈ അവസ്ഥയിൽ സ്വന്തം വികാരങ്ങളെ നിയന്ത്രിക്കാൻ കുട്ടിക്ക് സാധിക്കില്ല.

കരയുന്ന കൈക്കുഞ്ഞിനെ അമ്മ മാറോട് ചേർത്ത് പതുക്കെ തട്ടിക്കൊടുക്കുമ്പോൾ കുട്ടി കരച്ചിൽ നിർത്തുന്നത് കണ്ടിട്ടില്ലേ? ഇത്തരമൊരു ആശ്വസിപ്പിക്കൽ മുതിർന്ന കുട്ടികൾക്കും ആവശ്യമാണെന്നു ഗവേഷകർ പറയുന്നു. കുട്ടി സങ്കടപ്പെട്ടോ വിഷാദിച്ചോ ഇരിക്കുമ്പോൾ നെഗറ്റീവായി പ്രതികരിക്കുന്നതും കളിയാക്കുന്നതും പരിഹസിച്ച് സംസാരിക്കുന്നതുമൊക്കെ അവരുടെ മനസ്സിൽ ആഴത്തിൽ മുറിവുകളുണ്ടാക്കും. ഇങ്ങനെയുള്ളവർ ഭാവിയിലെ പ്രതിസന്ധികളിൽ നിലവിട്ട് പ്രതികരിക്കാൻ സാധ്യതയുണ്ട്. സ്വയം ശാന്തനാകാൻ മാതാപിതാക്കൾക്ക് ബുദ്ധിമുട്ടുണ്ടെങ്കിൽ ആഴത്തിൽ ദീർഘമായി ശ്വാസം എടുത്തുവിടുക. ഇപ്പോൾ മനസ്സ് അൽപം ശാന്തമായിട്ടുണ്ട്. ഇനി കുട്ടിയോട് ശാന്തമായി സംസാരിക്കുക. നിങ്ങളുടെ ശാന്തത കുട്ടിയിലേക്കും പകർന്നത് അനുഭവിച്ചറിയാം. സ്കൂൾ പ്രായമെത്തിയ കുട്ടിയാണെങ്കിൽ കരയുന്നത് എന്തിനാണെന്നു ശാന്തമായി ചോദിക്കുക. വിഷമം പങ്കുവയ്ക്കുന്നത് അവർക്ക് വൈകാരികാശ്വാസം നൽകും.

pathram desk 1:
Related Post
Leave a Comment