തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി. ജീവനക്കാർക്കെതിരെ എം.ഡി. ബിജു പ്രഭാകർ. ജീവനക്കാർ പലവിധത്തിൽ തട്ടിപ്പ് നടത്തി കെ.എസ്.ആർ.ടി.സിയെ നഷ്ടത്തിലാക്കുകയാണെന്നും പണം തട്ടിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ജീവനക്കാർ മറ്റു ജോലികളിൽ ഏർപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ജീവനക്കാർക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത്.
കെ.എസ്.ആർ.ടി.സി. നേരിടുന്നത് വലിയ പ്രതിസന്ധിയാണ്. ഇത് മറികടക്കുന്നതിനായി നടത്തിയ പഠനത്തിൽനിന്നാണ് ജീവനക്കാരുടെ ഭാഗത്തുനിന്നുള്ള വലിയ വീഴ്ച കണ്ടെത്തിയതെന്ന് ബിജു പ്രഭാകർ പറഞ്ഞു. ആരെയും പിരിച്ചുവിടുക എന്നത് സർക്കാരിന്റെയും കെഎസ്ആർടിസിയുടെയും നയമല്ല. ജീവനക്കാരുടെ എണ്ണം കുറയ്ക്കുക എന്നതാണ് ലക്ഷ്യം. അതിനിടെയാണ് ജീവനക്കാരുടെ ഭാഗത്തുനിന്നുള്ള വലിയ ക്രമക്കേട് കണ്ടെത്തിയതെന്നും അദ്ദേഹം പറഞ്ഞു.
ദീർഘദൂര സ്വകാര്യ ബസുകളെ സഹായിക്കുന്നതിനായി ഒരുവിഭാഗം ജീവനക്കാർ ശ്രമിക്കുന്നു. ഇന്ധനം നടത്തി പണം സമ്പാദിക്കുന്നതിനും ശ്രമം നടക്കുന്നുണ്ട്. പല ജനപ്രതിനിധികളും തങ്ങളുടെ മണ്ഡലത്തിൽ വണ്ടികൾ സ്വന്തം ക്രഡിറ്റിനുവേണ്ടി ഉപയോഗിക്കുന്നുന്നുണ്ടെന്നും കെഎസ്ആർടിസി എംഡി ആരോപിച്ചു.
2012-2015 കാലയളവിൽ കെ.എസ്.ആർ.ടിയിൽനിന്ന് 100 കോടിയോളം രൂപ കാണാതായി. ഇതുമായി ബന്ധപ്പെട്ട് അന്ന് അക്കൗണ്ട്സ് മാനേജരായിരുന്ന ശ്രീകുമാറിനെതിരെ നടപടി സ്വീകരിക്കും. പോക്സോ കേസിൽ റിമാൻഡ് ചെയ്യപ്പെട്ട ജീവനക്കാരനെ തിരിച്ചെടുത്ത വിജിലൻസ് എക്സിക്യൂട്ടീവ് ഡയറക്ടർ പി.എം ഷറഫിനെതിരെയും നടപടി സ്വീകരിക്കുമെന്നും എം.ഡി. പറഞ്ഞു.
നിലവിൽ 7000ൽ അധികം ജീവനക്കാർ അധികമുണ്ട്. ഘട്ടംഘട്ടമായി മൂന്നോ നാലോ വർഷംകൊണ്ട് ജീവനക്കാരുടെ എണ്ണം കുറയ്ക്കുകയാണ് ലക്ഷ്യമിടുന്നത്. മുഴുവൻ പ്രവർത്തനങ്ങളും കമ്പ്യൂട്ടറൈസ് ചെയ്ത് കോർപറേഷനെ പുനരുജ്ജീവിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Leave a Comment