വാക്‌സിന്‍ ആവശ്യപ്പെട്ട് രാജ്യങ്ങള്‍ ക്യൂവില്‍: വാക്‌സിന്‍ ഹബ്ബാകാന്‍ ഇന്ത്യ

ന്യൂഡൽഹി: കൊറോണ വൈറസ് വാക്സിനുകളുടെ ഏറ്റവും വലിയ വിതരണക്കാരാകാനൊരുങ്ങി ഇന്ത്യ. വാക്സിൻ വികസിപ്പിക്കൽ, നിർമാണം, വിതരണം തുടങ്ങിയ മേഖലകളിൽ മുന്നിട്ടു നിൽക്കുന്ന ഇന്ത്യക്ക് ആഗോളതലത്തിൽ നടക്കുന്ന കൊറോണ വൈറസ് പ്രതിരോധ കുത്തിവെപ്പ് യജ്ഞത്തിൽ നിർണായക പങ്ക് വഹിക്കാനാകും.

നിരവധി രാജ്യങ്ങളാണ് ഇതിനോടകം തന്നെ ഇന്ത്യയുടെ വാക്സിനുകൾ ആവശ്യപ്പെട്ടിട്ടുള്ളത്. രാജ്യഭരണകർത്താക്കൾ നേരിട്ടും കോവിഡ് വാക്സിൻ വികസിപ്പിക്കുന്ന കമ്പനികൾക്ക് നേരിട്ടും ഓർഡർ നൽകുന്ന വിധത്തിലുമാണ് മറ്റു രാജ്യങ്ങൾ ഇന്ത്യയെ സമീപിച്ചിട്ടുള്ളത്.

പാകിസ്താൻ ഒഴികെയുള്ള അയൽരാജ്യങ്ങൾ, ബ്രസീൽ, മൊറോക്കോ, സൗദി അറേബ്യ, മ്യാൻമർ, ബംഗ്ലാദേശ്, സൗത്ത് ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങൾ ഇന്ത്യയിൽനിന്ന് വാക്സിൻ ഇറക്കുമതി ചെയ്യുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം കോവിഡ് വാക്സിൻ നൽകുന്നതിന് അയൽരാജ്യങ്ങൾക്ക് ആദ്യം എന്ന രീതിയാവും ഇന്ത്യ പിന്തുടരുകയെന്നാണ് റിപ്പോർട്ടുകൾ.

നേപ്പാൾ 12 ലക്ഷം കോവിഡ് വാക്സിൻ ഡോസുകളാണ് ഇന്ത്യയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഭൂട്ടാൻ പത്തുലക്ഷം കോവിഷീൽഡ് വാക്സിനുകളും ആവശ്യപ്പെട്ടിട്ടുണ്ട്. ബംഗ്ലാദേശ് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുമായി കരാറിൽ ഏർപ്പെട്ടു കഴിഞ്ഞു. മൂന്നുകോടി കോവിഷീൽഡ് വാക്സിനാണ് മറ്റൊരു അയൽരാജ്യമായ ബംഗ്ലാദേശ് ഇന്ത്യയിൽനിന്ന് വാങ്ങാനൊരുങ്ങുന്നത്.

ശ്രീലങ്കയും വാക്സിനു വേണ്ടി അഭ്യർഥന നടത്തിയിട്ടുണ്ട്. മാലദ്വീപും ഇന്ത്യയിൽനിന്ന് വാക്സിൻ വാങ്ങാൻ ഉദ്ദേശിക്കുന്നുണ്ട്. കൂടാതെ കോവിഡ് വാക്സിൻ നൽകാനുള്ള സന്നദ്ധത ഇന്ത്യ അഫ്ഗാനിസ്താനെ അറിയിച്ചിട്ടുമുണ്ട്. ബ്രിക്സ് കൂട്ടായ്മയിലെ അംഗങ്ങളായ ബ്രസീലും സൗത്ത് ആഫ്രിക്കയും ഇന്ത്യയിൽനിന്ന് വാക്സിൻ വാങ്ങാൻ ഉദ്ദേശിക്കുന്നുണ്ട്.

ജനുവരി 16നാണ് ഇന്ത്യയിൽ കോവിഡ് വാക്സിൻ വിതരണം ആരംഭിക്കുന്നത്. സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കോവിഷീൽഡ് വാക്സിനും ഭാരത് ബയോടെക്കിന്റെ കോവാക്സിനുമാണ് രാജ്യത്ത് അടിയന്തര ഉപയോഗത്തിന് അനുമതി നൽകിയിട്ടുള്ളത്. വാക്സിൻ വിതരണത്തിന് മുന്നോടിയായുള്ള ഡ്രൈ റണ്ണുകൾ രാജ്യത്ത് വിജയകരമായി പൂർത്തിയാക്കിക്കഴിഞ്ഞു.

pathram desk 1:
Leave a Comment