ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്: കോവിഡ് വീണ്ടും രൂക്ഷമാകും; ആന്റിജൻ ടെസ്റ്റ് കൂട്ടും

തിരുവനന്തപുരം: കേരളത്തിൽ കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുമെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. ജനുവരി 15–ാം തീയതിയോടെ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം 9000 വരെയായി ഉയരാം. ചികിത്സയിലുള്ളവരുടെ എണ്ണം 90,000 ആയേക്കാം. മരണനിരക്ക് 0.5 ആയി ഉയർന്നേക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ചേർന്ന അവലോകനയോഗത്തിൽ ആരോഗ്യവകുപ്പ് സെക്രട്ടറി ഡോ. രാജൻ ഖൊബ്രഗഡെ അവതരിപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു ജനങ്ങൾ തമ്മിൽ ഇടപഴകൽ വർധിച്ചതും സ്കൂളുകളും കോളജുകളും തുറക്കുന്നതുമാണു കോവിഡ് വ്യാപനം വർധിക്കാൻ ഇടയാക്കുന്ന കാരണങ്ങളെന്നു റിപ്പോർട്ടിൽ പറയുന്നു. നിലവിൽ 0.4 ശതമാനമാണ് കേരളത്തിലെ മരണനിരക്ക്. നിലവിൽ ശരാശരി 65,000 പേരാണ് ഒരേസമയം ചികിത്സയിലുള്ളത്.

ഐസിഎംആർ സിറോ സർവേയുടെ മൂന്നാം ഘട്ടം കേരളത്തിൽ പൂർത്തിയായി. നേരത്തേ സർവേ നടത്തിയ എറണാകുളം, പാലക്കാട്, തൃശൂർ ജില്ലകളിൽ തന്നെയാണു സർവേ നടത്തിയത്. മേയിൽ നടത്തിയ ആദ്യഘട്ട സർവേയിൽ 0.33 ശതമാനവും ഓഗസ്റ്റിൽ നടത്തിയ സർവേയിൽ 0.8 ശതമാനവുമായിരുന്നു കേരളത്തിലെ പോസിറ്റീവ് നിരക്ക്. സംസ്ഥാന സർക്കാരിന്റെ രണ്ടാംഘട്ട സിറോ സർവേ ഈ മാസം നടക്കും.

കോവിഡ് ബാധിതരെ കണ്ടെത്താനുള്ള പരിശോധനകളിൽ ആർടി–പിസിആർ കുറയ്ക്കാനും ആന്റിജൻ കൂട്ടാനും ആരോഗ്യവകുപ്പ് തീരുമാനിച്ചു. ആന്റിജൻ ടെസ്റ്റുകൾക്കു മികച്ച ഫലപ്രാപ്തിയുണ്ടെന്നാണു വകുപ്പിന്റെ വിലയിരുത്തൽ. കോവിഡ് സാധ്യത കൂടുതലുള്ളവർക്കും ആന്റിജൻ പരിശോധനയിൽ നെഗറ്റീവ് ആയിട്ടും രോഗലക്ഷണമുള്ളവർക്കും മാത്രമായി ആർടിപിസിആർ പരിശോധന പരിമിതപ്പെടുത്തും. ആരോഗ്യപ്രവർത്തകരുടെ അമിതജോലിഭാരം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണു പരിശോധനാ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തുന്നത്.

മദർ സമയം കോവിഡ രണ്ടാംഘട്ട വ്യാപനത്തിന്റെ സാധ്യതകൾ കണ്ടെത്താനും പ്രതിരോധത്തിനുമായി ആരോഗ്യ വകുപ്പ് സാന്ദ്രതാ പഠനം നടത്തും. കോവിഡ് ആന്റിബോഡിയുടെ സാന്നിധ്യം എത്രത്തോളം ആളുകളിലുണ്ടെന്നു കണ്ടെത്തുകയാണ് ലക്ഷ്യം. ആരോഗ്യ വകുപ്പ് അഡീഷനൽ ഡയറക്ടറുടെയും തിരുവനന്തപുരം മെഡിക്കൽ കോളജിലെ പിഇഐഡി സെൽ നോഡൽ ഓഫിസറുടെയും മേൽനോട്ടത്തിലാണ് പഠനമെന്ന് മന്ത്രി കെ.കെ.ശൈലജ പറഞ്ഞു.

18 വയസ്സിനു മുകളിലുള്ള 12,100 പേരിലാണ് പഠനം നടത്തുക. ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ച് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് രോഗലക്ഷണങ്ങളുള്ള ആരോഗ്യപ്രവർത്തകരിൽ 20 ശതമാനമാണ്. ലക്ഷണങ്ങളില്ലാത്തവരിൽ 10.5 ശതമാനവും ശസ്ത്രക്രിയയ്ക്കും മറ്റും വിധേയരായിട്ടുള്ളവരിൽ 3.2 ശതമാനവും നേരിട്ടു പരിശോധനയ്ക്കെത്തിയ ആളുകളിൽ 8.3 ശതമാനവും ആയിരുന്നു.

pathram desk 1:
Related Post
Leave a Comment