കോട്ടയം: ആന്റോയും കൂട്ടുകാരും ഒരുങ്ങിയിറങ്ങിയതോടെ ആർക്കും വേണ്ടാതെ കിടന്ന ആകാശപ്പാത സ്റ്റുഡിയോ ഫ്‌ളോറായി. നാട്ടുകാർ പരാതി പറഞ്ഞു മടുത്ത, പടവലം കൃഷി തുടങ്ങണമെന്നാവശ്യപ്പെട്ട ആകാശപ്പാതയാണ് രാത്രിയ്ക്കു രാത്രി ആന്റോയും സുഹൃത്തുക്കളും ചേർന്നു സ്റ്റുഡിയോ ഫ്‌ളോറാക്കി മാറ്റിയത്. കഴിഞ്ഞ ദിവസം അർദ്ധരാത്രി ഒരു മണിയോടെയാണ് രണ്ടും കൽപ്പിച്ച ഫോട്ടോഷൂട്ടിനുള്ള വേദിയാക്കി ആകാശപ്പാതയെ മാറ്റായത്.
നാലു വർഷം മുൻപാണ് നഗരമധ്യത്തിൽ ആകാശപ്പാത സ്ഥാപിക്കുന്നതിനായി ശീമാട്ടി റൗണ്ടാന പൊളിച്ച് ഇവിടെ കമ്പികൾ നാട്ടിയത്. സർക്കാർ ഭരണം മാറിയതോടെ ആകാശപ്പാത കോട്ടയം നഗരത്തിനു മുകളിൽ എട്ടുകാലി വല പോലെ തല ഉയർത്തി നിന്നു.
നിരന്തരം നാട്ടുകാരുടെ പരാതിയും സമരവും ശക്തമായി നടന്നതും, ട്രോളുകളിൽ പടവലം വള്ളി പടർന്നു കയറിയതും മാത്രമായിരുന്നു ഇതുവരെ ഈ ആകാശപ്പാതയ്ക്കുണ്ടായിരുന്ന പ്രധാന പേര്. എന്നാൽ, അതി ഭയങ്കരമായ ലൈറ്റിംങും, സൈറ്റിംങും മോഡൽ ഷൂട്ടിങുമായി ആന്റോയും സംഘവും ആകാശപ്പാതയുടെ തലവര തന്നെ മാറ്റി മറിക്കുകയായിരുന്നു.
ഒറ്റ നോട്ടത്തിൽ ആകാശപ്പാതയാണ് എന്നു തോന്നാത്ത രീതിയിൽ, ഏതോ സ്റ്റുഡിയോ ഫ്‌ളോറാണ് എന്നു തോന്നുന്നതായിരുന്നു ഈ ഫോട്ടോഷൂട്ടിലെ സ്ഥലം. വ്യത്യസ്തമായ ഷൂട്ടിനു ആന്റോയുടെ ക്യാമറയ്ക്കു മുന്നിൽ മോഡലായത് ടീന എന്ന മോഡലായിരുന്നു. ചുവന്ന സാരിയിൽ ക്രിസ്മസ് തൊപ്പി വച്ച്, നീല പ്രകാശം നിറഞ്ഞ ആകാശപ്പാതയ്ക്കടിയിലായിരുന്നു ആന്റോയുടെ ക്രിസ്മസ് ഫോട്ടോഷൂട്ട്. എന്തായാലും ആകാശപ്പാത കൊണ്ട് ഇത്തരത്തിൽ ഒരു നേട്ടമുണ്ടായല്ലോ എന്നാണ് കോട്ടയത്തുകാർക്ക് പറയാനുള്ളത്.
Leave a Comment