വിമതരെ ഒപ്പം കൂട്ടാനുള്ള യുഡിഎഫ് നീക്കത്തിനിടെ ; ലീഗ് വിമതന്‍ ഇടതിനു പിന്തുണ പ്രഖ്യാപിച്ചു, ഇനി കൊച്ചി കോര്‍പ്പറേഷനും എല്‍ഡിഎഫ് ഭരിക്കും

കൊച്ചി : വിമതരെ ഒപ്പം നിര്‍ത്താനുള്ള എറണാകുളം ജില്ലയിലെ യുഡിഎഫ് നേതാക്കളുടെ അണിയറ നീക്കത്തിനിടെ ലീഗ് വിമതന്‍ ടി.കെ.അഷ്‌റഫ് ഇടതിനു പിന്തുണ പ്രഖ്യാപിച്ചു. ഇതോടെ കൊച്ചി കോര്‍പറേഷന്‍ ഏറ്റവുമധികം ഡിവിഷനുകള്‍ സ്വന്തമാക്കിയ എല്‍ഡിഎഫ് തന്നെ കോര്‍പറേഷന്‍ ഭരിക്കുമെന്ന് ഉറപ്പായി. സിപിഎം നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയെന്നും നഗരത്തില്‍ സുസ്ഥിര ഭരണം കാഴ്ചവയ്ക്കുന്ന മുന്നണിയുമായി മുന്നോട്ടു പോകാന്‍ താല്‍പര്യപ്പെടുന്നതായും അഷ്‌റഫ് പ്രതികരിച്ചു. നഗരത്തിലെ ജനങ്ങളുടെ പിന്നാക്കാവസ്ഥ പരിഹരിക്കുന്നവര്‍ക്കായിരിക്കും പിന്തുണയെന്നും അദ്ദേഹം പറഞ്ഞു.

രണ്ടു മുന്നണികളും പിന്തുണ തേടിയിട്ടുണ്ട്. യുഡിഎഫിന് 31ഉം എല്‍ഡിഎഫിന് 34ഉം അംഗങ്ങളാണുള്ളത്. ഇതില്‍ ഭൂരിപക്ഷമുള്ളവരുമായി സഹകരിക്കും. സ്ഥാനങ്ങള്‍ ലഭിക്കാന്‍ അര്‍ഹതപ്പെട്ട ആളാണ് താന്‍. എന്നാല്‍ യാതൊരു വിലപേശല്‍ ചര്‍ച്ചകളും നടത്തിയിട്ടില്ല. അവര്‍ ഓഫറുകളും മുന്നോട്ടു വച്ചിട്ടില്ല. പിന്തുണ ചോദിച്ചു, സ്ഥിരഭരണം കാഴ്ച വയ്ക്കണം, നഗരത്തിന്റെ വികസനം മുന്നോട്ടു കൊണ്ടുപോകണം എന്നു മാത്രമാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി ഇരുമുന്നണികളോടും അകലം പാലിക്കുകയും ഒരു അംഗമെങ്കിലും എല്‍ഡിഎഫിന് പിന്തുണ നല്‍കുകയും ചെയ്താല്‍ ഭരിക്കാവുന്ന സാഹചര്യമാണു കൊച്ചി കോര്‍പ്പറേഷനിലുള്ളത്. മുസ്!ലിം ലീഗ് വിമതന്‍ ടി.കെ.അഷ്‌റഫ് പിന്തുണ പ്രഖ്യാപിച്ച സാഹചര്യത്തില്‍ മറ്റ് അദ്ഭുതങ്ങള്‍ ഒന്നും സംഭവിച്ചില്ലെങ്കില്‍ എല്‍ഡിഎഫ് തന്നെ കോര്‍പ്പറേഷന്‍ ഭരണത്തിലെത്തും. ഇദ്ദേഹം ഉള്‍പ്പടെ മറ്റു സ്വതന്ത്രരുടെ കൂടി പിന്തുണ ലഭിച്ചാല്‍ മാത്രമേ യുഡിഎഫിന് സാധ്യതയുള്ളൂ.

pathram:
Leave a Comment