തിരുവനന്തപുരം: ബുറേവി ചുഴലിക്കാറ്റിനു പിന്നാലെ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം കൂടി രൂപം കൊള്ളുന്നു. ആന്‍ഡമാന്‍ ദ്വീപിനു സമീപമാണ് ഇന്നു പുതിയ ന്യൂനമര്‍ദം രൂപം കൊള്ളുക. ഇതു ശക്തിയാര്‍ജിക്കാന്‍ സാധ്യതയില്ലെന്നാണ് കാലാവസ്ഥ നിരീക്ഷകരുടെ വിലയിരുത്തല്‍. പുതിയ ന്യൂനമര്‍ദം കേരളത്തിലും വലിയ സ്വാധീനമുണ്ടാക്കില്ലെന്നാണ് നിഗമനം.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട് ബുറേവി ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ് ന്യൂനമര്‍ദമായി മാറിയിട്ടുണ്ട്. തമിഴ്നാട്ടിലെ തൂത്തുക്കൂടി തീരത്തേക്ക് നീങ്ങി കൊണ്ടിരിക്കുന്ന ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ് അതിതീവ്ര ന്യൂനമര്‍ദമായി മാറി. തുടര്‍ന്ന് അര്‍ധരാത്രി പിന്നിട്ടശേഷം ശക്തി കുറഞ്ഞ് ന്യൂനമര്‍ദമായി മാറുകയായിരുന്നെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
കന്യാകുമാരി ജില്ലയിലൂടെ വൈകീട്ടോടെ ന്യൂനമര്‍ദം കേരളത്തിലെത്തുമെന്നാണ് വിലയിരുത്തല്‍. തിരുവനന്തപുരം ജില്ലയുടെ വടക്ക്, കിഴക്ക് ഭാഗത്തു കൂടിയാവും സംസ്ഥാന അതിര്‍ത്തി കടന്ന് അറബിക്കടലിലേക്ക് നീങ്ങുക. ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ് ന്യൂനമര്‍ദം ആയതോടെ കേരളത്തില്‍ പുറപ്പെടുവിച്ചിരുന്ന റെഡ്, ഓറഞ്ച് അലര്‍ട്ടുകള്‍ പിന്‍വലിച്ചു. ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. കെടുതികള്‍ ഉണ്ടായാല്‍ നേരിടാന്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ ദേശീയ ദുരന്തനിവാരണ സേനയുടെ 8 ടീമുകളെ വിന്യസിച്ചു.
കേരളത്തിന് ഭീഷണിയായി എത്തുന്ന ബുറേവി ചുഴലിക്കാറ്റ് ലോകത്ത് ഈ വര്‍ഷം രൂപപ്പെടുന്ന 97മത്തെ ചുഴലിക്കാറ്റാണെന്ന് ലോക കാലാവസ്ഥ സംഘടന വ്യക്തമാക്കുന്നു. ഈ വര്‍ഷം നവംബര്‍ 17വരെ 96 ചുഴലിക്കാറ്റുകള്‍ ലോകത്ത് രൂപപ്പെട്ടതായി ഡബ്യുഎംഒ വ്യക്തമാക്കി. ഇത് ലോക റെക്കോര്‍ഡാണ്. ഇന്ത്യന്‍ തീരത്ത് ഈ വര്‍ഷം നാല് ചുഴലികളാണ് രൂപപ്പെട്ടത്. മെയില്‍ രൂപപ്പെട്ട ഉംപുന്‍ ഒഡീഷ തീരത്ത് കനത്ത നാശം വിതച്ചാണ് അടങ്ങിയത്. നിസര്‍ഗ, ഗതി, നിവാര്‍ എന്നിവയാണ് ബംഗാള്‍ ഉള്‍ക്കടലിലും അറബിക്കടലിലുമായി ഈവര്‍ഷം രൂപമെടുത്ത ചുഴലികള്‍.
Leave a Comment