ഇന്ത്യക്കാരുടെ രൂപമുള്ള ഇറാനികള്‍; മൂന്ന് മിനുട്ട് കൊണ്ട് 34000 രൂപ തട്ടിയെടുത്ത കൂടുതല്‍ സംഘം കേരളത്തില്‍

ആലപ്പുഴ വാരനാട്ടെ വ്യാപാര സ്ഥാപനത്തിൽനിന്നു 34,000 രൂപ തട്ടിയെടുത്തതിനു പിടിയിലായ ഇറാനികളെക്കുറിച്ച് അന്വേഷിച്ച കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ (ഐബി) ഉദ്യോഗസ്ഥർ ഉന്നത അധികൃതർക്കു റിപ്പോർട്ട് നൽകി. ഇറാൻ സംഘത്തിലെ കൂടുതൽ ആളുകൾ സംസ്ഥാനത്തുണ്ടെന്നാണ് ഇന്റലിജൻസ് ബ്യൂറോ സൂചിപ്പിക്കുന്നത്.

നാലുപേർ പിടിയിലായതോടെ സംഘത്തിലെ മറ്റുള്ളവർ മുങ്ങിയെന്നു സംശയം.ഇന്ത്യക്കാരോടു സാമ്യമുള്ള രൂപമായതിനാൽ ഇറാനികളെ പെട്ടെന്നു തിരിച്ചറിയാൻ കഴിയില്ലെന്നും ഇവരെ കണ്ടെത്തുന്നത് പ്രയാസമാണെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. 24 പേരുള്ള സംഘമാണ് ഇന്ത്യയിൽ എത്തിയതെന്നാണ് പൊലീസിനു ലഭിച്ച വിവരം. ഈ സംഘത്തിലുള്ളതെന്നു സംശയിക്കുന്ന അബ്ദുൽ സലാമി ഹാദി അടുത്തിടെ തിരുവല്ലയിൽ തട്ടിപ്പു നടത്താൻ ശ്രമിച്ചതിനു പിടിയിലായിരുന്നു. ഇയാൾ പത്തനംതിട്ടയിലും തട്ടിപ്പു നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്.

അതേസമയം പ്രതികളായ 4 ഇറാൻ സ്വദേശികളെ കസ്റ്റഡിയിൽ വാങ്ങാനുള്ള അപേക്ഷ പൊലീസ് നാളെ ചേർത്തല കോടതിയിൽ നൽകും. ഇന്നലെ കോടതി അവധിയായതിനാൽ അപേക്ഷ നൽകാനായില്ല. ചൊവ്വാഴ്ചയോടെ കസ്റ്റ‍ഡിയിൽ ലഭിക്കുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ. അറസ്റ്റ് ചെയ്ത ദിവസം തന്നെ തെളിവെടുപ്പ് നടത്തിയിരുന്നു. പ്രതികൾ കോവിഡ് നെഗറ്റീവാണെന്ന ഫലവും ലഭിച്ചു. ചേർത്തല സിഐ പി.ശ്രീകുമാർ, എസ്ഐ ലൈസാദ് മുഹമ്മദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പ്രതികളുടെ യാത്രാ വിവരങ്ങൾ, ഫോൺ വിളികൾ തുടങ്ങിയവ പരിശോധിക്കുന്നുണ്ട്.

ഇറാനികൾ വെറും 3 മിനിറ്റിൽ 34,000 രൂപ തട്ടിയെടുത്തതിനെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ. കാറിലെത്തിയ നാലുപേരിൽ മൂന്നുപേർ ഇറങ്ങുന്നു. ഒരാൾ കാറിൽ തന്നെയിരുന്നു. മാന്യമായ വേഷവും പെരുമാറ്റവുമായിരുന്നു ഇവരുടേത്. സ്ഥാപനത്തിനുള്ളിലെത്തിയ മൂന്നുപേരിൽ ഒരാൾ (ഐനുല്ല ഷറാഫി) കാഷ്യറോട് ഇംഗ്ലിഷിൽ സംസാരിക്കുന്നു. ഡോളർ നൽകിയാൽ പകരം ഇന്ത്യൻ രൂപ നൽകാമോ എന്നായിരുന്നു ചോദ്യം.

അതു സാധ്യമല്ലെന്നു കാഷ്യർ പറഞ്ഞപ്പോൾ കൈയിലുള്ള ഡോളർ നോട്ടുകൾ കാട്ടി, ഏറ്റവും മൂല്യമുള്ള ഇന്ത്യൻ കറൻസി കാണിക്കാമോ എന്നു ചോദിക്കുന്നു.

കാഷ്യർ സ്ഥാപനത്തിനുള്ളിൽ മറ്റൊരിടത്തു പോയി രണ്ടായിരത്തിന്റെ നോട്ടുകൾ കൊണ്ടുവന്നു കാണിക്കുന്നു. കുറച്ചുകൂടി കൂടുതൽ, നല്ല നോട്ടുകൾ കാണിക്കാമോ എന്നായി ആവശ്യം. ആദ്യം കാണിച്ച നോട്ടുകൾ തിരികെ നൽകുന്നു.

കുറച്ചു നോട്ടുകൾ കൂടി കാണിക്കാമോ എന്നു ഷറാഫി വീണ്ടും ചോദിക്കുന്നു. അപ്പോഴും കാഷ്യർ അകത്തു പോയി പണം കൊണ്ടുവരുന്നു. ഇടയ്ക്കു കാണിച്ച നോട്ടുകൾ ഷറാഫി തിരികെ നൽകുന്നില്ല. ഇതറിയാതെ കാഷ്യർ അകത്തു പോയി വീണ്ടും പണം കൊണ്ടുവരുന്നു.

ഇത്തരത്തിൽ കാഷ്യറുടെ ശ്രദ്ധ തിരിച്ച് ഷറാഫി 17 നോട്ടുകൾ പഴ്സിൽ വയ്ക്കുന്നു.

ഈ സമയമെല്ലാം മറ്റു രണ്ട് ഇറാനികൾ മറ്റു ജീവനക്കാരെ മൊബൈൽ ഫോണിൽ എന്തോ കാണിച്ചും മറ്റും ശ്രദ്ധ തിരിക്കുന്നുണ്ടായിരുന്നു.

ഷറാഫിയുടെ കൈയിൽ പണം എത്തിയെന്നു മനസ്സിലായപ്പോൾ മറ്റു രണ്ടുപേർ ആദ്യം പുറത്തേക്കു പോകുന്നു. പിന്നാലെ ഷറാഫിയും വേഗം ഇറങ്ങുന്നു.

ഇവർ പെട്ടെന്നു മടങ്ങിയതു കണ്ടു സംശയിച്ചു നോട്ടുകൾ എണ്ണി നോക്കിയപ്പോൾ 17 നോട്ടുകൾ നഷ്ടപ്പെട്ടെന്നു മനസ്സിലായി.

2 ജീവനക്കാർ അവരെ പിന്തുടർന്നെങ്കിലും കണ്ടെത്താനായില്ല.

pathram:
Related Post
Leave a Comment