സര്‍ക്കാരിന്റെ മാവോയിസ്റ്റ് വേട്ടയില്‍ നിലപാട് വ്യക്തമാക്കി സിപിഐ. മാവോയിസ്റ്റുകളെ വെടിവച്ചുകൊല്ലണമെന്ന സമീപനം ശരിയല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. വെടിവച്ചു കൊന്നിട്ട് മാവോയിസ്റ്റുകളെ അവസാനിപ്പിക്കാം എന്നു കരുതുന്നില്ലെന്നും കാനം രാജേന്ദ്രന്‍ വ്യക്തമാക്കി.
മാവോയിസ്റ്റ് സംസ്ഥാനത്തെ ജനങ്ങളെ ബാധിക്കുന്ന തരത്തില്‍ ഒരു ഭീഷണിയല്ല. ഭീതി നിലനിര്‍ത്തേണ്ടത് പൊലീസിന്റെ ആവശ്യമാണ്. സര്‍ക്കാര്‍ നിലപാട് തിരുത്തണം. വയനാട്ടില്‍ ഏറ്റുമുട്ടല്‍ നടന്ന യാതൊരു ലക്ഷണവുമില്ല. വയനാടില്‍ മരിച്ചയാളുടെ തോക്കില്‍ നിന്ന് വെടി ഉതിര്‍ന്നിട്ടില്ല. സംഭവത്തില്‍ മജിസ്റ്റീരിയല്‍ അന്വേഷണം വേണം. മജിസ്റ്റീരിയല്‍ അന്വേഷണ റിപ്പോര്‍ട്ട് വര്‍ഷങ്ങളായിട്ടും കോടതിക്ക് മുന്നില്‍ വരുന്നില്ലെന്നും കാനം പറഞ്ഞു.
ഏക ഇടതുപക്ഷ സര്‍ക്കാരിന്റെ മുഖത്ത് കരിവാരിത്തേക്കുന്ന നടപടിയാണ് ഉണ്ടായിരിക്കുന്നത്. ഏറ്റുമുട്ടല്‍ കൊലപാതകങ്ങളില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണം. തണ്ടര്‍ബോള്‍ട്ട് ഏതെങ്കിലും ഒരു സംസ്ഥാനത്തിന്റെയല്ല. അതിന്റെ പ്രവര്‍ത്തനം കേരളത്തില്‍ വേണ്ടെന്ന് തീരുമാനിക്കണം. ആളുകളെ വെടിവച്ചുകൊല്ലുകയെന്നത് സര്‍ക്കാരിന്റെ മിനിമം പരിപാടിയല്ലെന്നും കാനം വ്യക്തമാക്കി
Leave a Comment