യു.വി. ജോസിനെയും സന്തോഷ് ഈപ്പനെയും ശിവശങ്കറിനൊപ്പമിരുത്തി ചോദ്യം ചെയ്യുന്നു

കൊച്ചി :വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയില്‍ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോ എന്ന അന്വേഷണത്തിന്റെ ഭാഗമായി ലൈഫ് മിഷന്‍ സിഇഒ യു.വി. ജോസിനെയും യൂണിടാക് ഉടമ സന്തോഷ് ഈപ്പനെയും എം. ശിവശങ്കറിനൊപ്പമിരുത്തി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്യുന്നു. ശിവശങ്കറിന്റെ ക്യാബിനില്‍ വച്ചാണ് യു.വി. ജോസിനെ പരിചയപ്പെട്ടത് എന്ന സന്തോഷ് ഈപ്പന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. അതേസമയം, സ്വപ്ന, സരിത്, സന്ദീപ് എന്നിവരെ എം.ശിവശങ്കറിനൊപ്പം കസ്റ്റഡിയില്‍ ചോദ്യം ചെയ്യാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇഡി കോടതിയെ സമീപിച്ചിട്ടുമുണ്ട്.

വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിക്കായി കമ്മിഷന്‍ നല്‍കുകയും ധാരണാപത്രം ഒപ്പിടുകയും ചെയ്ത് ഒരാഴ്ചയ്ക്കുശേഷം മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിനെ സെക്രട്ടേറിയറ്റിലെ ഓഫിസില്‍ വച്ചു കണ്ടുവെന്നാണ് യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍ ഇഡിക്കു നല്‍കിയ മൊഴി

ലൈഫ് മിഷന്‍ സിഇഒ ആയ യു.വി. ജോസിനെ ക്യാബിനിലേക്കു വിളിച്ചു വരുത്തി എം.ശിവശങ്കര്‍ പരിചയപ്പെടുത്തി. വടക്കാഞ്ചേരിയിലെ നിര്‍മാണപദ്ധതിയെക്കുറിച്ച് ജോസിനോട് ശിവശങ്കറിന്റെ ക്യാബിനില്‍ വച്ച് സംസാരിച്ചുവെന്നും സന്തോഷ് ഈപ്പന്റെ മൊഴിയുണ്ട്. ൈലഫ് മിഷനില്‍ എം.ശിവശങ്കറിന്റെ പങ്ക് എന്താണ് എന്ന ചോദ്യത്തിന് അറിയില്ല എന്നായിരുന്നു സന്തോഷ് ഈപ്പന്‍ പറഞ്ഞത്.

2019 ഏപ്രിലില്‍ യുഎഇ കോണ്‍സുലേറ്റിലേക്കുള്ള നയതന്ത്ര ബാഗേജ് വിട്ടു കിട്ടാന്‍ എം. ശിവശങ്കര്‍ കസ്റ്റംസ് ഉദ്യോഗസ്ഥനെ വിളിച്ചതായി ഇഡിക്കു വിവരമുണ്ട്. എന്നാല്‍ ഇത് സ്വര്‍ണമടങ്ങിയ ബാഗേജ് ആണോ അതോ സ്വര്‍ണക്കടത്തിന് മുന്നോടിയായ ഡമ്മി ബാഗേജ് ആണോ എന്ന് വ്യക്തമല്ല. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടത്താനാണ് സ്വപ്നയെയും സംഘത്തിനെയും ചോദ്യം ചെയ്യുക.

ഇവരെ ശിവശങ്കറിനൊപ്പം ചോദ്യം ചെയ്യാനും നീക്കമുണ്ട്. അതിനിടെ ശിവശങ്കര്‍ ചോദ്യം ചെയ്യലിനോട് നിസഹകരണം തുടര്‍ന്നാല്‍ ചോദ്യം ചെയ്യല്‍ അവസാനിപ്പിച്ച് കോടതിയില്‍ മടക്കി നല്‍കി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്യാന്‍ ആവശ്യപ്പെടാനും ഇഡി ആലോചിക്കുന്നുണ്ടെന്നാണു വിവരം

pathram:
Leave a Comment