സ്വര്‍ണ്ണക്കടത്ത് കേസ്: ശിവശങ്കറിനെ 7 ദിവസം ഇഡിയുടെ കസ്റ്റഡിയില്‍ വിട്ടു

കൊച്ചി: സ്വര്‍ണക്കടത്ത് കേസ് പ്രതികളെ കള്ളപ്പണം വെളുപ്പിക്കാന്‍ സഹായിച്ചെന്ന കേസില്‍ ഇന്നലെ രാത്രി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്ത മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ 7 ദിവസം ഇഡിയുടെ കസ്റ്റഡിയില്‍ വിട്ടു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്. രാവിലെ പത്തേമുക്കാലോടെയാണ് ശിവശങ്കറിനെ ഹാജരാക്കിയത്. 14 ദിവസം കസ്റ്റഡിയില്‍ വേണമെന്നായിരുന്നു ഇഡിയുടെ ആവശ്യം

അതേസമയം, പകല്‍ 9 മുതല്‍ 6 മണിവരെ മാത്രമേ ശിവശങ്കറിനെ ചോദ്യം ചെയ്യാവൂ എന്നും കോടതി വ്യക്തമാക്കി. അതിനുശേഷം വിശ്രമം അനുവദിക്കണം. ശിവശങ്കറിന്റെ ആരോഗ്യസ്ഥിതി പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്. ചോദ്യം ചെയ്യല്‍ തടസ്സപ്പെടാതെ ആയുര്‍വേദ ചികിത്സ ആകാമെന്നും കോടതി അറിയിച്ചു. മകന്‍, സഹോദരന്‍, ഭാര്യ എന്നിവര്‍ക്ക് കസ്റ്റഡി കാലയളവില്‍ കാണാനും അനുമതി നല്‍കി. ശിവശങ്കറിന്റെ ജാമ്യാപേക്ഷ അടുത്തമാസം നാലിന് പരിഗണിക്കും.

സ്വര്‍ണക്കടത്ത് കേസില്‍ ശിവശങ്കര്‍ അഞ്ചാം പ്രതിയാണെന്ന് ഇഡി കോടതിയില്‍ അറിയിച്ചിരുന്നു. ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നുവെന്ന ശിവശങ്കറിന്റെ വാദം കളവാണെന്നും ഇഡി വ്യക്തമാക്കി. എന്നാല്‍, ശിവശങ്കറിനെ ആശുപത്രിയില്‍നിന്നു ഡിസ്ചാര്‍ജ് ചെയ്തതാണെന്നു അഭിഭാഷകന്‍ വിശദീകരിച്ചു. ശിവശങ്കറിനു ഗുരുതരമായ നടുവേദനയുണ്ടെന്നും വൈദ്യസഹായം വേണമെന്നും ആവശ്യമുന്നയിച്ചു.

നയതന്ത്ര ബാഗേജ് വിട്ടുകിട്ടാന്‍ ഇടപെട്ടെന്ന് ശിവശങ്കര്‍ സമ്മതിച്ചെന്ന് ഇഡി രാവിലെ വ്യക്തമാക്കിയിരുന്നു. ശിവശങ്കര്‍ സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ സാമ്പത്തിക ഇടപാടുകള്‍ നിയന്ത്രിച്ചതായും, ചാര്‍ട്ടേഡ് അക്കൗണ്ടിനെ മുന്‍നിര്‍ത്തിയായിരുന്നു ഇടപെടലുകളെന്നും ഇഡി പറയുന്നു.

pathram:
Related Post
Leave a Comment