ലൈഫിലെ കമ്മിഷനു കരിഞ്ചന്തയിൽ നിന്ന് ഡോളർ വാങ്ങി നൽകി: നിർണായക മൊഴി

കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ലാറ്റ് പദ്ധതിയുടെ നിർമാണക്കരാർ ലഭിച്ചതിനു കമ്മിഷൻ നൽകാൻ ഡോളർ വാങ്ങിയത് കരിഞ്ചന്തയിൽ നിന്നെന്നു യൂണിടാക് നിർമാണക്കമ്പനി ഉടമ സന്തോഷ് ഈപ്പന്റെ മൊഴി. മൂന്നുലക്ഷം ഡോളര്‍ കൊച്ചിയില്‍ നിന്നും ഒരുലക്ഷം ഡോളർ തിരുവനന്തപുരത്തുനിന്നും വാങ്ങി. കരിഞ്ചന്തയില്‍ നിന്ന് ഡോളര്‍ വാങ്ങി നല്‍കിയത് ബാങ്ക് ജീവനക്കാരെന്നും സന്തോഷ് ഈപ്പന്‍ മൊഴിനല്‍കി .

3.80 കോടി രൂപയുടെ വിദേശ കറൻസി ഈജിപ്ഷ്യൻ പൗരൻ ഖാലിദ് അലി ഷൗക്രിക്കും 59 ലക്ഷം സന്ദീപ് നായർക്കും നൽകി. എന്‍ഫോഴ്സ്മെന്റിനു നല്‍കിയ മൊഴിയുടെ പകര്‍പ്പ് മനോരമ ന്യൂസിന് ലഭിച്ചു. എം ശിവശങ്കറുമായി കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കിയത് കമ്മിഷൻ പണം നൽകിയ ശേഷം മാത്രമാണെന്നും ശിവശങ്കറിനെ സെക്രട്ടേറിയറ്റിലെത്തി കണ്ടെന്നും സന്തോഷ് ഈപ്പന്‍ മൊഴി നൽകി. എംഒയു ഒപ്പിട്ടതിനുശേഷം ശിവശങ്കറിനെ കണ്ടെന്നും തന്റെ കാബിനിലേക്ക് ലൈഫ് മിഷൻ സിഇഒ യു.വി ജോസിനെ ശിവശങ്കർ വിളിച്ചു വരുത്തി പരിചയപ്പെടുത്തിയെന്നും മൊഴിയിലുണ്ട്.

എന്നാൽ കമ്മിഷൻ നൽകിയതു സംബന്ധിച്ചു സ്വപ്ന സുരേഷും സന്തോഷ് ഈപ്പനും നൽകിയ മൊഴികളിൽ കാതലായ വൈരുധ്യമുണ്ടെന്നു അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു. മേയിലാണു സന്തോഷ് ഈപ്പൻ തനിക്കും കൂട്ടാളികൾക്കുമുള്ള കമ്മിഷൻ തുക 1.08 കോടി രൂപയായും ഖാലിദിനുള്ള കമ്മിഷൻ തുക ഡോളറായും കൈമാറിയതെന്നാണു സ്വപ്നയുടെ മൊഴി.

സന്തോഷും ബിസിനസ് പങ്കാളിയും ഈ തുക ഏൽപിക്കുമ്പോൾ കവടിയാർ ബെൽ ഹെവൻ ഗാർഡൻസിനു സമീപത്തെ ഇടവഴിയിലാണു ഖാലിദിന്റെ കാർ പാർക്ക് ചെയ്തിരുന്നതെന്നും കാറിൽ താനുമുണ്ടായിരുന്നുവെന്നും സ്വപ്ന പറയുന്നു. 1.08 കോടി രൂപ ഖാലിദിന്റെ വീട്ടിലാണ് സൂക്ഷിച്ചത്. ഖാലിദ് ഈജിപ്തിലേക്കു മടങ്ങുന്നതിനു മുൻപ് ഓഗസ്റ്റ്–സെപ്റ്റംബർ മാസങ്ങളിലായി ചാർട്ടേഡ് അക്കൗണ്ടന്റിന്റെ സഹായത്തോടെ ബാങ്ക് ലോക്കറിലേക്കു മാറ്റിയെന്നും സ്വപ്നയുടെ മൊഴിയിൽ പറയുന്നു.

വടക്കാഞ്ചേരി പദ്ധതിക്കു വേണ്ടി റെഡ് ക്രസന്റും ലൈഫ് മിഷനുമായി ധാരണാപത്രം ഒപ്പുവച്ചത് 2019 ജൂലൈ 11നാണ്. എന്നാൽ അതിനു മുൻപുതന്നെ യൂണിടാക് കമ്മിഷൻ തുക കൈമാറിയെന്നാണു സ്വപ്നയുടെ മൊഴി.

pathram desk 1:
Leave a Comment