കാവിക്കൊടിയുമായി താജ്മഹലിൽ പ്രവേശിച്ച് ഹിന്ദു ജാഗരൺ മഞ്ച്; ശിവക്ഷേത്രമായിരുന്നു എന്ന് അവകാശവാദം

ലോകാത്ഭുതങ്ങളിൽ പെട്ട താജ്മഹൽ ശിവക്ഷേത്രമായിരുന്നു എന്ന അവകാശവാദവുമായി ഹിന്ദു ജാഗരൺ മഞ്ച്. കാവിക്കൊടിയുമായി താജ്മഹലിനുള്ളിൽ പ്രവേശിച്ചാണ് ഹിന്ദു ജാഗരൺ മഞ്ച് ഇത്തരത്തിൽ അവകാശവാദം ഉയർത്തിയത്. അതുകൊണ്ട് തന്നെ താജ്മഹൽ ഹിന്ദുക്കൾക്ക് കൈമാറണമെന്നും സംഘടന ആവശ്യപ്പെട്ടു.

ഹിന്ദു ജാഗരൺ മഞ്ചിന്റെ ആഗ്ര യൂണിറ്റ് പ്രസിഡന്റ് ഗൗരവ് ഠാക്കൂറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തജ്മഹലിനുള്ളിൽ പ്രവേശിച്ച് കാവിക്കൊടി വീശിയത്. ഇവർ താജ്മഹലിനുള്ളിൽ ശിവ സ്തുതികളും പാടി. താജ്മഹൽ ഒരു ശിവക്ഷേത്രമായിരുന്നു എന്നും തേജോമഹാലയ എന്നായിരുന്നു പേരെന്നും ഠാക്കൂർ പറഞ്ഞു. മുൻപ് അഞ്ച് തവണ താജ്മഹലിൽ പ്രാർത്ഥന നടത്തിയിട്ടുണ്ട്. താജ്മഹൽ ഹിന്ദുക്കൾക്ക് കൈമാറുന്നത് വരെ ഇത് തുടരുമെന്നും ഠാക്കൂർ പറഞ്ഞു.

നേരത്തെ ബിജെപി കേന്ദ്രമന്ത്രി അനന്ത് കുമാർ ഹെഗ്‌ഡെയും സമാന അവകാശവാദവുമായി രംഗത്തെത്തിയിരുന്നു. താജ് മഹൽ പണികഴിപ്പിച്ചത് മുസ്ലീങ്ങൾ അല്ല. താജ് മഹൽ എന്ന് വിളിക്കപ്പെടുന്ന പാലസ് ജയസിംഹ രാജാവിൽ നിന്ന് താൻ വാങ്ങിയതാണെന്ന് ഷാജഹാൻ ആത്മകഥയിൽ എഴുതിയിട്ടുണ്ടെന്നാായിരുന്നു ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ അനന്ത് കുമാറിൻ്റെ അവകാശവാദം.

പരമതീർത്ഥ രാജാവ് പണികഴിപ്പിച്ച ശിവ മന്ദിർ ആണ് താജ്മഹൽ. ഇത് തേജോ മഹാലയ എന്നാണ് അറിയപ്പെട്ടിരുന്നത്. തേജോ മഹാലയ പിന്നീട് താജ്മഹൽ ആകുകയായിരുന്നു. നമ്മൾ ഇങ്ങനെ ഉറക്കം നടിച്ചാൽ നമ്മുടെ ഭൂരിഭാഗം വീടുകളും മസ്ജിദുകളായി നാമകരണം ചെയ്യപ്പെടുമെന്നും അനന്ത് കുമാർ ഹെഗ്‌ഡെ കൂട്ടിച്ചേർത്തു.

pathram desk 1:
Related Post
Leave a Comment