ന്യൂഡല്‍ഹി: കോവിഡ് വാക്‌സീന്‍ ലഭ്യമായാല്‍ സംഭരിച്ചു രാജ്യമെങ്ങും സൗജന്യമായി വിതരണം ചെയ്യുമെന്നു ഒഡീഷയില്‍ നിന്നുള്ള കേന്ദ്ര സഹമന്ത്രി പ്രതാപ് ചന്ദ്ര സാരംഗി. കോവിഡ് വാക്‌സീന്‍ ലഭ്യമാകുന്നതോടെ ബിഹാറിലെ ജനങ്ങള്‍ക്കു മുഴുവന്‍ സൗജന്യ വാക്‌സിനേഷന്‍ നടത്തുമെന്ന ബിജെപി തിരഞ്ഞെടുപ്പു പ്രകടന പത്രിക വാഗ്ദാനം വിവാദമായ സാഹചര്യത്തിലാണ് വിശദീകരണം. ഒഡീഷ ഭക്ഷ്യവിതരണ മന്ത്രി ആര്‍.പി സ്വെയ്ന്‍ ഉന്നയിച്ച ചോദ്യത്തിനു മറുപടിയായാണ് പ്രതാപ് ചന്ദ്ര സാരംഗി ഇക്കാര്യം പറഞ്ഞത്.
ബിഹാറിനു പുറമേ തമിഴ്‌നാട്, മധ്യപ്രദേശ്, അസം, പുതുച്ചേരി എന്നിവിടങ്ങളിലും സൗജന്യ കോവിഡ് വാക്‌സീന്‍ തിരഞ്ഞെടുപ്പു പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. മോദി മന്ത്രിസഭയില്‍ സൂക്ഷ്മചെറുകിടഇടത്തരം വ്യവസായങ്ങള്‍, മൃഗസംരക്ഷണം, ക്ഷീരോല്‍പാദനം, ഫിഷറീസ് എന്നീ വകുപ്പുകളുടെ ചുമതലയുള്ള സഹമന്ത്രിയാണ് സാരംഗി. കോവിഡ് വാക്‌സീന്‍ ലഭ്യമായാല്‍ സംഭരിച്ചു രാജ്യമെങ്ങും സൗജന്യമായി നല്‍കാന്‍ കേന്ദ്രം ബൃഹത് പദ്ധതി തയാറാക്കുന്നതായും സാരംഗി പറഞ്ഞു.
കേന്ദ്രം തന്നെ വാക്‌സീന്‍ സംഭരിച്ചു മുന്‍ഗണനാ ക്രമത്തില്‍ നല്‍കും. ഇതിനായി പ്രത്യേക പദ്ധതികള്‍ ആലോചിക്കേണ്ടെന്നു സംസ്ഥാനങ്ങളോടു നിര്‍ദേശിച്ചിട്ടുണ്ട്. അടുത്ത ജൂലൈയോടെ 50 കോടി ഡോസ് വാക്‌സീന്‍ 25 കോടിയാളുകള്‍ക്കു നല്‍കാനാണു പദ്ധതി. ഇതിന് 50,000 കോടി രൂപ ചെലവാകും. വാക്‌സിനേഷനായി ഈ സാമ്പത്തിക വര്‍ഷം 50,000 കോടി രൂപ കേന്ദ്രം നീക്കിവച്ചതായി കഴിഞ്ഞദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ആരോഗ്യപ്രവര്‍ത്തകര്‍ക്കാണു പ്രഥമ പരിഗണന. പൊലീസ് ഉദ്യോഗസ്ഥര്‍, സൈനികര്‍, തദ്ദേശസ്ഥാപന ജീവനക്കാര്‍ തുടങ്ങിയ കോവിഡ് മുന്നണിപ്പോരാളികളെ രണ്ടാമതു പരിഗണിക്കും. 50 വയസ്സിനു മുകളിലുള്ള 26 കോടി ആളുകള്‍ പട്ടികയില്‍ മൂന്നാമതാണ്. 50 വയസ്സിനു താഴെയുള്ള പ്രത്യേക ആരോഗ്യപരിരക്ഷ വേണ്ടവര്‍ നാലാമതും. മുന്‍ഗണനയിലുള്ളവരുടെ വിവരങ്ങള്‍ നവംബര്‍ പകുതിയോടെ നല്‍കാന്‍ സംസ്ഥാനങ്ങളോടു കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. ഇവരുടെ ആധാര്‍ നമ്പറും ലിങ്ക് ചെയ്യും.
കോവിഡ് വാക്‌സീന്‍ വിതരണത്തിനു തിരഞ്ഞെടുപ്പു നടത്തുന്നതു പോലെയുള്ള സജ്ജീകരണങ്ങള്‍ രാജ്യത്ത് ഏര്‍പ്പെടുത്തുന്നതിന്റെ സാധ്യത ദേശീയ വാക്‌സീന്‍ വിദഗ്ധ സമിതി ചര്‍ച്ച ചെയ്തിരുന്നു. പൂര്‍ണമായും സര്‍ക്കാര്‍ സംവിധാനമുപയോഗിച്ചാവും വിതരണമെന്നും സൂചനകളുണ്ട്.
നിലവിലുള്ള ആരോഗ്യ സംവിധാനങ്ങള്‍ക്കു പുറമേ സ്‌കൂളുകളില്‍ ബൂത്തുകള്‍ സ്ഥാപിച്ചും മറ്റുമുള്ള വിതരണ സാധ്യതകളാണു പരിശോധിക്കുന്നത്. രാജ്യത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ കൂടി വാക്‌സീന്‍ വിതരണ സമയത്തു കണക്കിലെടുക്കണമെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍ദേശിച്ചിരുന്നു.
Leave a Comment