ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാക്കില്‍ പിടിയിലായ ചൈനീസ് സൈനികനെ ഇന്ത്യ മോചിപ്പിച്ചു. ചൊവ്വാഴ്ച രാത്രിയാണ് ചൈനീസ് സൈന്യമായ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിക്ക് (പിഎല്‍എ) കൈമാറിയത്. ഡെംചോക് മേഖലയില്‍നിന്നു പിടിയിലായ കോര്‍പറല്‍ വാങ് യാ ലോങ്ങിനെ ചൈനീസ് കാര്യങ്ങളിലെ വിദഗ്ധര്‍ ചോദ്യംചെയ്തതിനു ശേഷമാണ് കൈമാറിയത്.
ഇന്ത്യന്‍ മേഖലയിലേക്ക് അശ്രദ്ധമായി കടന്നുകയറിയതാകാം ഇയാളെന്നാണു കഴിഞ്ഞദിവസം റിപ്പോര്‍ട്ടുണ്ടായിരുന്നത്. ലോങ്ങിനെ മോചിപ്പിക്കണം എന്നാവശ്യപ്പെട്ട് ചൈനീസ് സൈന്യം ഇന്ത്യന്‍ സേനയെ സമീപിച്ചിരുന്നു. രാജ്യാന്തര നിയമങ്ങള്‍ പാലിച്ച്, അവശ്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി, പ്രോട്ടോക്കോള്‍ പ്രകാരം സൈനികനെ തിരിച്ചേല്‍പിക്കുമെന്നും സൈനിക വൃത്തങ്ങള്‍ പറഞ്ഞിരുന്നു.
യഥാര്‍ഥ നിയന്ത്രണ രേഖ (എല്‍എസി) മറികടന്നെത്തിയ ചൈനീസ് സൈനികന് ഓക്‌സിജന്‍ ഉള്‍പ്പെടെ എല്ലാ ചികിത്സാ സഹായങ്ങളും നല്‍കുന്നുണ്ടെന്നു സേന അറിയിച്ചു. പിടിയിലാകുമ്പോള്‍ ഇയാളുടെ കയ്യില്‍ സിവില്‍, മിലിട്ടറി രേഖകള്‍ ഉണ്ടായിരുന്നതായി സൂചനയുണ്ട്. മേയ് മുതല്‍ യഥാര്‍ഥ നിയന്ത്രണരേഖയില്‍ ഇന്ത്യയുടെയും ചൈനയുടെയും സൈനികര്‍ തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുകയാണ്. ജൂണില്‍ ഗല്‍വാന്‍ താഴ്വരയിലെ സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു.
Leave a Comment