അടുത്തവര്‍ഷം ജനുവരിയില്‍ കോവിഡ് വാക്‌സിന്‍ വിതരണത്തിന് തയ്യാറെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചു

ഗുവഹാട്ടി: അടുത്തവര്‍ഷം ജനുവരിയില്‍ കോവിഡ് വാക്‌സിന്‍ വിതരണത്തിന് തയ്യാറെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അസമിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് സംസ്ഥാന ആരോഗ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. കോവിഡ് പോരാളികള്‍ക്കും 60 വയസിനുമേല്‍ പ്രായമുള്ളവര്‍ക്കും മുന്‍ഗണന നല്‍കണമെന്നും കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

ജനുവരി മുതല്‍ ജൂലായ് വരെ വാക്‌സിന്‍ വിതരണം നടത്താന്‍ തയ്യാറെടുക്കാനാണ്‌ കേന്ദ്ര നിര്‍ദ്ദേശമെന്ന് ശര്‍മ മാധ്യമങ്ങളോട് പറഞ്ഞു. വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി കേന്ദ്രവും സംസ്ഥാന സര്‍ക്കാരും തമ്മില്‍ നിരവധി തവണ വീഡിയോ കോണ്‍ഫറന്‍സുകള്‍ നടത്തി. ഏതെങ്കിലും ഒരു വാക്‌സിനാവില്ല വിതരണം ചെയ്യുക. ആറോ ഏഴോ സ്രോതസുകളില്‍നിന്ന് ഉള്ളവ ഇടകലര്‍ത്തിയാവും വിതരണം ചെയ്യുകയെന്നും അദ്ദേഹം വ്യക്തമാക്കിയതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.

അസമിലെ കോവിഡ് വ്യാപനം വന്‍തോതില്‍ കുറഞ്ഞുവെന്ന് മന്ത്രി അവകാശപ്പെട്ടു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.4 ശതമാനമായി കുറഞ്ഞിട്ടുണ്ട്. 85 ശതമാനമാണ് നിലവില്‍ രോഗമുക്തി നിരക്ക്. മരണനിരക്ക് 0.42 ശതമാനമാണ്. 40 ലക്ഷം സാമ്പിളുകള്‍ അസം ഇതുവരെ പരിശോധിച്ചിട്ടുണ്ട്.

pathram:
Leave a Comment