വരണ്ട ചുമയും പനിയുമൊക്കെയാണ് കോവിഡിന്റെ പൊതുവേയുള്ള ലക്ഷണങ്ങള്‍. എന്നാല്‍ ഇവയ്ക്ക് മുന്‍പുതന്നെ പ്രകടമാക്കുന്ന നാഡീവ്യൂഹ സംബന്ധമായ ചില ലക്ഷണങ്ങളൊക്കെ കോവിഡിനുണ്ടെന്ന് അന്നല്‍സ് ഓഫ് ന്യൂറോളജി എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പുതിയ ഗവേഷണ പഠനം വെളിപ്പെടുത്തുന്നു.
തലവേദന, തലചുറ്റല്‍, സ്‌ട്രോക്ക്, ശ്രദ്ധക്കുറവ് തുടങ്ങിയ നാഡീവ്യൂഹ സംബന്ധമായ ലക്ഷണങ്ങള്‍ പനിക്കും ചുമയക്കും മുന്‍പ് പല രോഗികളിലും പ്രത്യക്ഷപ്പെടുന്നുണ്ടെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. മണവും രുചിയും നഷ്ടമാകല്‍, ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട്, ചുഴലി രോഗം തുടങ്ങിയവയും ചില രോഗികളില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അമേരിക്കയിലെ നോര്‍ത്ത് വെസ്‌റ്റേണ്‍ യൂണിവേഴ്‌സിറ്റി ഫെയ്ന്‍ബെര്‍ഗ് സ്‌കൂള്‍ ഓഫ് മെഡിസിനിലാണ് ഇത് സംബന്ധിച്ച പഠനം നടന്നത്. പൊതുജനങ്ങളും ഡോക്ടര്‍മാരും ഇതിനെ കുറിച്ച് ബോധവാന്മാരായി ഇരിക്കണമെന്ന് പഠനത്തിനു നേതൃത്വം നല്‍കിയ ന്യൂറോളജി പ്രഫസര്‍ ഇഗോര്‍ കോറല്‍നിക് പറയുന്നു.
അണുബാധയും നീര്‍ക്കെട്ടും, ബുദ്ധിഭ്രമവും ഉന്മാദവും ഉള്‍പ്പെടെയുള്ള നാഡീവ്യൂഹ സംബന്ധമായ സങ്കീര്‍ണതകള്‍ക്ക് കോവിഡ്-19 കാരണമാകാമെന്ന് യൂണിവേഴ്‌സിറ്റി കോളജ് ലണ്ടനിലെ ഗവേഷകര്‍ മുന്‍പ് നടത്തിയ ഒരു പഠനവും ചൂണ്ടിക്കാട്ടിയിരുന്നു.
തുടക്കത്തില്‍ ശ്വാസകോശത്തിനെ മാത്രം ബാധിക്കുമെന്ന് കരുതിയിരുന്ന കോവിഡ്19 ഏതൊരവയവത്തിനും വിനാശകരമായി മാറിയേക്കാമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
Leave a Comment