സ്വപ്നയും ശിവശങ്കറും സാമ്പത്തിക ഇടപാടുകളില്‍ പങ്കാളികള്‍; വാട്സ്ആപ് സന്ദേശങ്ങള്‍ കണ്ടെടുത്തു

കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെതിരെ കുരുക്ക് മുറുക്കി എന്‍ഫോഴ്സ്മെന്റ്. ഇന്ന് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് ശിവശങ്കറിന്റെ പങ്ക് ഇ.ഡി വ്യക്തമാക്കുന്നത്. സ്വപ്ന സുരേഷും ശിവശങ്കറും സാമ്പത്തിക ഇടപാടുകളില്‍ പങ്കാളികളാണ്. ഇത് തെളിയിക്കുന്ന വാട്സ്ആപ് സന്ദേശങ്ങള്‍ കണ്ടെടുത്തു.

ശിവശങ്കറും സ്വപ്നയുടെ ചാര്‍റ്റേര്‍ഡ് അക്കൗണ്ടന്റ് വേണുഗോപാല്‍ അയ്യരും തമ്മിലുള്ള വാട്സ്ആപ് സന്ദേശങ്ങളാണ് കണ്ടെടുത്തത്. സ്വപ്നയുടെ ബാങ്ക് ലോക്കര്‍ സംബന്ധിച്ചും പണം കൈമാറുന്നതിനെ കുറിച്ചുമുള്ള വിവരങ്ങളാണ് അതിലുണ്ടായിരുന്നത്. ശിവശങ്കറിനെതിരെ കൂടുതല്‍ അന്വേഷണം നടത്തേണ്ടതയുണ്ടെന്നും എന്‍ഫോഴ്സ്മെന്റ് കുറ്റപത്രത്തില്‍ പറയുന്നു.

ചാര്‍റ്റേര്‍ഡ് അക്കൗണ്ടിന്റെ പക്കല്‍ പണമടങ്ങിയ ബാഗുമായി സ്വപ്ന എത്തിയപ്പോള്‍ ശിവശങ്കറും ഒപ്പമുണ്ടായിരുന്നു. ഈ പണം എത്രയാണെന്ന് തനിക്കറിയില്ലെന്നാണ് ശിവശങ്കര്‍ ഇ.ഡിയ്ക്ക് മൊഴി നല്‍കിയിരിക്കുന്നത്. ശിവശങ്കറിനെ കുറിച്ച് കൂടുതല്‍ ആഴത്തില്‍ അന്വേഷണം ആവശ്യമാണെന്നും ഇ.ഡി പറയുന്നു. ’35 ലക്ഷം രൂപയുണ്ട്. ഒരുമിച്ച് ഫിക്സഡ് ഡിപ്പോസിറ്റ്’ ആയി നിക്ഷേപിക്കാന്‍ കഴിയുമോ എന്ന് ചാര്‍റ്റേര്‍ഡ് അക്കൗണ്ടിനോട് ചോദിക്കുന്നു. 30 ലക്ഷം ഒരുമിച്ച് നിക്ഷേപിക്കാമെന്ന്് മറുപടി നല്‍കി. മുറിയില്‍ മറ്റാരും ഇല്ലാത്തപ്പോള്‍ തന്നെ വിളിക്കാമോ എന്ന് ശിവശങ്കര്‍. ഒകെയെന്ന് ചാര്‍റ്റേര്‍ഡ് അക്കൗണ്ടിന്റെ മറുപടിയും സന്ദേശത്തിലുണ്ട്.

എന്നാല്‍ ഇതേകുറിച്ച് ഓര്‍മ്മയില്ലെന്നാണ് ശിവശങ്കറിന്റെ പ്രതികരണം. ടൈപ്പ് ചെയ്ത് അയച്ചതാണോ ഫോര്‍വേര്‍ഡ് ആണോയെന്നും ഓര്‍മ്മയില്ല എന്നാണ് മറുപടി. സ്വപ്നയെ ചാര്‍റ്റേര്‍ഡ് അക്കൗണ്ടിന് പരിചയപ്പെടുത്തിയത് ശിവശങ്കറാണെന്നും സമ്മതിച്ചിട്ടുണ്ടെന്നും ഇ.ഡി പറയുന്നു. ശിവശങ്കര്‍ സന്ദേശങ്ങള്‍ അയച്ച ഇലക്ട്രോണിക് ഉപകരണങ്ങളുടെ കൂടുതല്‍ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ടെന്നും ഇ.ഡി പറയുന്നു.

സ്വപ്നയെ പല തവണ ശിവശങ്കര്‍ സാമ്പത്തികമായി സഹായിച്ചിട്ടുണ്ട്. ഈ പണം സ്വപ്ന തിരിച്ചുനല്‍കിയിട്ടില്ലെന്നും കുറ്റപത്രത്തില്‍ പറയുന്നു. 303 പേജുള്ള കുറ്റപത്രത്തില്‍ 13, 14 പേജുകളിലാണ് ശിവശങ്കറിനെതിരായ പരാമര്‍ശങ്ങള്‍.

സ്വപ്നയും സന്ദീപും സരിത്തും കള്ളപ്പണം ഇടപാട് ചെയ്തിട്ടുണ്ടെന്ന് എന്‍ഫോഴ്സ്മെന്റ് കോടതിയില്‍ വ്യക്തമാക്കി. ഇവരുടെ പക്കല്‍ കണക്കില്‍പെടാത്ത സ്വത്ത് കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ക്ക് ഇത്രയും സ്വത്തിന്റെ ആസ്തിയില്ല. സ്വത്ത് നിയമപരമായി ആര്‍ജിക്കുന്നതിനുള്ള വരുമാനവും ഇവര്‍ക്കില്ലെന്ന് ഇ.ഡി പറയുന്നു.

സ്വപ്നയുടെ ലോക്കറില്‍ നിന്ന് ഇ.ഡി ഒരു കോടി രൂപ പിടിച്ചെടുത്തിരുന്നു. ഈ ലോക്കറുമായി ബന്ധപ്പെട്ടാണ് എന്‍ഫോഴ്സ്മെന്റ് കുറ്റപത്രം നല്‍കിയിരിക്കുന്നത്.

pathram:
Related Post
Leave a Comment