ആര്‍.എല്‍.വി.രാമകൃഷ്ണന് അവസര നിഷേധം: വിശദീകരണം ചോദിച്ചു, റിപ്പോര്‍ട്ടിന്മേല്‍നടപടി- എകെ ബാലന്‍

തിരുവനന്തപുരം : കേരള സംഗീത നാടക അക്കാദമി നടത്തുന്ന സർഗഭൂമിക പരിപാടിയിൽ ആർ.എൽ.വി. രാമകൃഷ്ണന് അവസരം നിഷേധിച്ച വാർത്തയിൽ അക്കാദമിയോട് വിശദീകരണം ചോദിച്ചിട്ടുണ്ടെന്ന് മന്ത്രി എകെ ബാലൻ. പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കാൻ സാംസ്കാരിക വകുപ്പ് ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഒക്ടോബർ മൂന്നിനു തന്നെ ഈ നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം ഫെയ്സ്ബുക്ക് കുറിപ്പിൽ അറിയിച്ചു.

കോവിഡ് 19 കാരണം കലാ അവതരണം നടത്താൻ അവസരങ്ങൾ ഇല്ലാതായ കലാകാരന്മാർക്കും കലാകാരികൾക്കും അതിനു അവസരം നൽകാനും ചെറുതായെങ്കിലും സാമ്പത്തികസഹായം നൽകാനും ലക്ഷ്യമിട്ടാണ് കേരള സംഗീത നാടക അക്കാദമി സർഗഭൂമിക പരിപാടി നടത്തുന്നത്. കോവിഡ്-19 പ്രോട്ടോകോൾ അനുസരിച്ചാണ് പരിപാടി ചിത്രീകരിക്കുന്നത്. പരമാവധി പേർക്ക് സഹായം നൽകുക എന്ന ഉദ്ദേശ്യത്തോടെ ചെറു സംഘടനകൾക്കാണ് ആദ്യഘട്ടത്തിൽ അവസരം നൽകിയിട്ടുള്ളത്. ലഘു നാടകങ്ങൾ, നാടൻ കലകൾ, ഗോത്ര കലകൾ, മറ്റു കേരളീയ കലകൾ എന്നിവയുടെ അവതരണമാണ് ആദ്യഘട്ടത്തിൽ ചിത്രീകരിക്കുന്നത്. ശാസ്ത്രീയ നൃത്തങ്ങൾ, ശാസ്ത്രീയ സംഗീതം തുടങ്ങി മറ്റു കലകളുടെ അവതരണത്തെക്കുറിച്ച് പ്രാഥമിക ചർച്ചകൾ പോലും നടന്നിട്ടില്ല. രാമകൃഷ്ണൻ 28-9-2020 ന് അക്കാദമിയിൽ വന്ന് അപേക്ഷ സമർപ്പിച്ചിരുന്നു. അത് അന്നേ ദിവസം തന്നെ 1900-ാം നമ്പരായി തപാലിൽ ചേർത്ത് ഫയലിൽ സൂക്ഷിച്ചിട്ടുണ്ട്. നൃത്ത വിഭാഗത്തിലേക്ക് ആളുകളെ തെരഞ്ഞെടുക്കുന്ന കാര്യം ഇതുവരെയും തീരുമാനിച്ചിട്ടില്ല. ഈ വിഭാഗത്തിലേക്ക് ആരെയും തിരഞ്ഞെടുത്തിട്ടുമില്ല.
നൃത്തകലയിലെ ശ്രീ. ആർ.എൽ.വി. രാമകൃഷ്ണന്റെ പ്രാഗൽഭ്യത്തെ പൊതു സമൂഹം ഇതിനകം തന്നെ അംഗീകരിച്ചതാണ്. ശ്രീ. രാമകൃഷ്ണനെ പ്രോത്സാഹിപ്പിക്കുന്ന നിലപാട് തന്നെയായിരിക്കും ഗവൺമെന്റ് സ്വീകരിക്കുക.
നൃത്ത അവതരണ അനുമതി നിഷേധിച്ചുവെന്ന തോന്നലിൽ അമിതമായി ഉറക്കഗുളിക കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച ശ്രീ. രാമകൃഷ്ണനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്ന വാർത്തയെ തുടർന്ന് ചാലക്കുടി എംഎൽഎ ശ്രീ. ബി.ഡി. ദേവസ്സിയെ വിവരം അറിയിച്ചു. ഇതനുസരിച്ച് ആവശ്യമായ ഇടപെടൽ എംഎൽഎ നടത്തുകയും ചെയ്തു. രാമകൃഷ്ണന്റെ ആരോഗ്യനിലയെ കുറിച്ച് ഞാൻ നേരിട്ട് ആശുപത്രി ഡയറക്ടറോട് അന്വേഷിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിക്കുകയും ചെയ്തു.
കേരള സംഗീത നാടക അക്കാദമി നൽകുന്ന വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ സാംസ്കാരിക വകുപ്പ് ഡയറക്ടർ സമർപ്പിക്കുന്ന പ്രാഥമിക റിപ്പോർട്ടിന് മുകളിൽ തുടർ നടപടികൾ സ്വീകരിക്കുന്നതായിരിക്കും.

pathram desk 1:
Related Post
Leave a Comment