ഐഫോൺ വിവാദം; നിയമ നടപടിക്കൊരുങ്ങി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

ഐഫോൺ വിവാദത്തിൽ നിയമ നടപടിക്കൊരുങ്ങി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യൂണിടാക്ക് എംഡി സന്തോഷ് ഈപ്പന് നാളെ വക്കീൽ നോട്ടീസ് അയക്കുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കേസെടുക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനും രമേശ് ചെന്നിത്തല ആലോചിക്കുന്നുണ്ട്.

രമേശ് ചെന്നിത്തലയ്ക്ക് സ്വപ്‌ന സുരേഷ് ഐഫോൺ നൽകിയതായി സന്തോഷ് ഈപ്പൻ ആരോപിച്ചിരുന്നു. ഹൈക്കോടതിയിൽ നൽകിയ തടസ ഹർജിയിലാണ് സ്വപ്‌ന സുരേഷിന്റെ ആവശ്യപ്രകാരം അഞ്ച് ഐഫോണുകൾ വാങ്ങി നൽകിയെന്നും അതിൽ ഒരെണ്ണം രമേശ് ചെന്നിത്തലയ്ക്ക് നൽകിയതായും സന്തോഷ് ഈപ്പൻ ചൂണ്ടിക്കാട്ടിയത്. എന്നാൽ രമേശ് ചെന്നിത്തല ഇത് നിരാകരിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്ക്ക് പരാതി നൽകുകയും ചെയ്തിരുന്നു. ഫോണുകൾ സംബന്ധിച്ച അന്വേഷണം വേണമെന്നായിരുന്നു പ്രതിപക്ഷ നേതാവ് കത്തിൽ ആവശ്യപ്പെട്ടത്.

അതേസമയം, കേസെടുത്ത് അന്വേഷണം നടത്തുന്നതിൽ പൊലീസിനിടയിൽ ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്. ഫോണുകൾ സംബന്ധിച്ച് അന്വേഷണം നടത്തണെങ്കിൽ ഫോണിന്റെ ഉടമ പരാതി നൽകണം. അല്ലാത്തപക്ഷം ഉടമകളിൽപ്പെട്ട ആരെങ്കിലും ക്രിമിനൽ കേസിൽ പ്രതിയാകണം. ഈ രണ്ട് കാര്യങ്ങൾ ഉണ്ടെങ്കിൽ മാത്രമാണ് ഐഎംഇ നമ്പർ നൽകി മൊബൈൽ കമ്പനികളിൽ നിന്ന് ഫോണിന്റെ വിവരങ്ങൾ തേടാൻ സാധിക്കൂ. ഇക്കാര്യത്തിൽ പൊലീസ് നിയമോപദേശം തേടാനിരിക്കുകയാണ്. കേസെടുക്കാനുള്ള സാങ്കേതിക പ്രശ്‌നങ്ങൾ പൊലീസ് രമേശ് ചെന്നിത്തലയെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രമേശ് ചെന്നിത്തല നിയമപടിക്കായി കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നത്.

pathram desk 1:
Leave a Comment